ന്യൂഡൽഹി: ഡൽഹിയിൽ അടുത്തിടെയുണ്ടായ രണ്ട് ബലാത്സംഗക്കേസുകളിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ഗ്രേറ്റർ നോയിഡയിൽനിന്നും ഡൽഹിവരെ ബസിൽ ഒരു പെൺകുട്ടി പീഡനത്തിനിരയായ സംഭവം, ഡൽഹിയിലെ ഒരു പാർക്കിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവം - ഈ രണ്ടുസംഭവങ്ങളും മുൻനിർത്തിയാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ.

To advertise here,

ഈ രണ്ട് സംഭവങ്ങളും 2012-ലെ നിർഭയ സംഭവത്തിന് സമാനമാണ് എന്നാണ് കോടതി നിരീക്ഷിച്ചത്. രാജ്യതലസ്ഥാനത്ത് ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടായിട്ടും അവ തടയുന്നതിൽ സുരക്ഷാ സേനകൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന് കോടതി കുറ്റപ്പെടുത്തി. പിന്നാലെയാണ് ഈ രണ്ട് വിഷയങ്ങളിലും സ്വമേധയാ കേസെടുക്കാൻ നിർദേശിച്ചത്.

'ഡൽഹിയിൽ പീഡനസംഭവങ്ങൾ തടയുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചു. ബസുകൾ പാർക്കുകൾ തുടങ്ങിയ പൊതുവിടങ്ങളിൽ പോലും ആവശ്യത്തിന് നിരീക്ഷണ സംവിധാനങ്ങളോ, സുരക്ഷാ സംവിധാനങ്ങളോ ഏർപ്പെടുത്തിയിട്ടില്ല. ചില സ്ഥലങ്ങളിൽ ഇരുട്ടിൽ ആവശ്യത്തിന് വെളിച്ചം നൽകാനുള്ള സംവിധാനങ്ങൾ പോലുമില്ല.' സുപ്രീംകോടതി നിരീക്ഷിച്ചു.

'ഇരകളോട് ഐക്യദാർഢ്യപ്പെടുക മാത്രം ചെയ്തിട്ട് കാര്യമില്ല, ഇവിടെ വേണ്ടത് നടപടിയാണ്. നടപടി എടുക്കുന്ന കാര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. ഇതിനൊക്കെ ആരാണ് ഉത്തരവാദി എന്ന് കണ്ടെത്തേണ്ടതുണ്ട്.' എന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീംകോടതി ഈ വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.