എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ, ഓഗസ്റ്റിൽ ഇന്ത്യ യു.എൻ. രക്ഷാസമിതിയുടെ അധ്യക്ഷപദം അലങ്കരിക്കുകയാണ്. ഇന്ത്യക്ക് പ്രത്യേകം താത്പര്യമുള്ള കാര്യങ്ങൾക്ക് പ്രാധാന്യം നൽകുകയും പുതിയ ആശയങ്ങൾ ചർച്ചയ്ക്ക് ഉയർത്തുകയും ചെയ്യാനുള്ള അവസരമാണിത്. പെട്ടെന്നൊന്നും നേടാൻ കഴിയുകയില്ലെങ്കിലും ഓഗസ്റ്റ്‌ ഇന്ത്യയുടെ മാസമായി മാറിയിരിക്കുന്നു എന്ന വസ്തുത അഭിമാനകരം തന്നെയാണ്. 

അധ്യക്ഷപദവും കാര്യപരിപാടികളും

മിക്ക രാജ്യങ്ങളും രക്ഷാസമിതിയുടെ അധ്യക്ഷപദം പതിവ് ചടങ്ങായാണ് നിർവഹിക്കുന്നത്. 1992-ൽ ഇന്ത്യ അധ്യക്ഷസ്ഥാനം വഹിച്ച മാസത്തിൽ അംബാസഡർ ഗാരെയാൻ ചെയ്തത് അദ്ദേഹത്തിന്റെ മുറിയിൽ മഹാത്മാഗാന്ധിയുടെ ഒരു ചിത്രം വെക്കുകയും സമിതിയിലെ പ്രതിനിധികൾക്ക് ഡാർജിലിങ് ചായ നൽകുകയും മാത്രമായിരുന്നു. മറ്റു രാജ്യങ്ങളും അവരവരുടെ പ്രത്യേകതകൾ പ്രദർശിപ്പിക്കാനും ഈ അവസരം ഉപയോഗിക്കാറുണ്ട്. സാധാരണ അംബാസഡർമാർ തന്നെയാണ് അധ്യക്ഷത വഹിക്കുക. ചിലപ്പോൾ വിദേശകാര്യമന്ത്രിമാരും ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രധാനമന്ത്രിമാരും അധ്യക്ഷത വഹിക്കാറുണ്ട്. 1992 ജനുവരിയിൽ ബ്രിട്ടൻ അധ്യക്ഷത വഹിച്ച സമയത്ത് സമിതിയുടെ ഒരു സമ്മേളനം  രാഷ്ട്രത്തലവന്മാർക്ക് മാത്രമായി നടത്തുകയുണ്ടായി. ഇന്ത്യൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവു ആ സമ്മേളനത്തിൽ സംബന്ധിച്ചു. ശീതസമരം അവസാനിച്ചതിനാൽ യു.എന്നിന് ഒരു പുതിയ അജൻഡ രൂപവത്‌കരിക്കാനാണ് യോഗത്തിന്റെ അധ്യക്ഷനായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രമിച്ചത്. ആണവായുധ നിർവ്യാപനത്തിന്റെ കാര്യത്തിൽ സമിതിയുടെ പ്രസ്താവനയിൽ പറഞ്ഞിരുന്ന ചില കാര്യങ്ങൾ ഇന്ത്യക്ക് അംഗീകരിക്കാൻ കഴിയാത്തവയായിരുന്നെങ്കിലും രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിൽ വാദപ്രതിവാദം സൃഷ്ടിക്കാതെ നമ്മുടെ പ്രധാനമന്ത്രി ഒരു വൈമനസ്യം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. 
ഇന്ത്യ ഒരു ഭിന്നാഭിപ്രായം പ്രകടിപ്പിക്കാതിരിക്കാൻ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി സമ്മർദം ചെലുത്തുകയുണ്ടായി. എന്നാലും ആ പ്രസ്താവന വോട്ടുചെയ്യാതെയുള്ള ഒരു സമവായ പ്രസ്താവന ആയിരുന്നതിനാൽ അത്‌ ആർക്കും നിർബന്ധിതമായി നടപ്പാക്കേണ്ടിവന്നില്ല.

പ്രധാനമന്ത്രി എന്തുപറയും

രക്ഷാസമിതിയുടെ അധ്യക്ഷനായിട്ടാണ്‌ പ്രധാനമന്ത്രി സംസാരിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവന ഇന്ത്യയുടെ പ്രസ്താവനയായി മാത്രമേ കണക്കാക്കുകയുള്ളൂ. മറ്റു രാജ്യങ്ങൾ അദ്ദേഹത്തിന്റെ പ്രസ്താവനയെപ്പറ്റി ചർച്ചചെയ്യാനുള്ള സാധ്യതയും കുറവാണ്‌. എന്നാൽ, ഇന്ത്യയുടെ ശബ്ദം വ്യക്തമായി കേൾപ്പിക്കാനും ഇന്ത്യയുടെ വീക്ഷണത്തിലുള്ള പുതിയ യുഎൻ. എന്തായിരിക്കണമെന്ന്‌ അഭിപ്രായപ്രകടനം നടത്താനും ഈ അവസരം ഉപയോഗപ്രദമാകും.
സാധാരണയായി സമിതി അധ്യക്ഷന്റെ പ്രധാന ചുമതല ഒരു മാസത്തെ സമിതിയുടെ അജൻഡ ക്രമീകരിക്കുക എന്നുള്ളതും ചർച്ചകൾ കാര്യക്ഷമമായി നടത്തുകയും ചെയ്യുക എന്നുള്ളതുമാണ്‌. ഇതിനായി പ്രതിനിധികളോട്‌ ഒന്നിച്ചും പ്രത്യേകവും ധാരാളം ചർച്ചകൾ സംഘടിപ്പിക്കുന്ന ഭാരിച്ചചുമതല നമ്മുടെ സ്ഥിരം പ്രതിനിധി ടി.എസ്‌. തിരുമൂർത്തിക്കുണ്ട്‌. അതോടൊപ്പംതന്നെ ഇന്ത്യക്ക്‌ താത്‌പര്യമുള്ള മൂന്ന്‌ വിഷയങ്ങൾ ചർച്ചചെയ്യാൻകൂടി സമിതി സമ്മതിച്ചിട്ടുണ്ട്‌.

ഭീകരവാദത്തിനെതിരേ ശബ്ദമുയരും

ഭീകരവാദത്തിനെതിരായുള്ള ഇന്ത്യയുടെ നിലപാട്‌ പുതിയതല്ല. ഏകദേശം മുപ്പതുവർഷം മുമ്പുതന്നെ ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്നും ഭീകരവാദത്തിനെതിരായി അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും ഊന്നിപ്പറഞ്ഞിരുന്നു. ഭീകരവാദത്തിനെതിരായി ഒരു നിയമനിർമാണം നടത്തണമെന്ന്‌ ഇന്ത്യ നിർദേശിക്കുകയുണ്ടായി 1992-ൽ. എന്നാൽ, അക്കാലത്ത്‌ ഭീകരവാദം പലസ്തീനിൽ മാത്രമായിരുന്നു എന്നും മറ്റുള്ളവർ സ്വാതന്ത്ര്യസേനാനികളാണെന്നുമാണ്‌ പാശ്ചാത്യരാജ്യങ്ങൾ വിശ്വസിച്ചിരുന്നത്‌.
2001-ലെ ന്യൂയോർക്ക്‌ ബോംബാക്രമണത്തിനു ശേഷമാണ്‌ അതിന്റെ ഉറവിടം ദക്ഷിണേഷ്യയിലാണെന്ന ബോധം പാശ്ചാത്യരാജ്യങ്ങളിൽ ഉണ്ടായത്‌. ഭീകരവാദത്തിനെതിരേ ഇരുപതുവർഷം യുദ്ധം ചെയ്തിട്ട്‌ അമേരിക്ക അഫ്‌ഗാനിസ്താനിൽനിന്ന്‌ പിന്മാറിയത്‌ ഭീകരവാദത്തെ പരാജയപ്പെടുത്തിയിട്ടല്ല. അഫ്‌ഗാനിസ്താൻ താലിബാന്റെ അധീനതയിലായാൽ ഭീകരവാദം വളരുകയേ ഉള്ളൂ. ഭീകരവാദത്തിനെതിരേ ഒരു പ്രഖ്യാപനത്തിൽ കൂടുതലൊന്നും രക്ഷാസമിതിയിലെ ചർച്ചകൾ നേടാൻ പോകുന്നില്ല. 

മാറ്റാമായിരുന്നു നിലപാട്‌

യഥാർഥത്തിൽ ഇന്ത്യ തിരഞ്ഞെടുക്കേണ്ടിയിരുന്ന വിഷയങ്ങൾ മഹാമാരിക്കെതിരേ അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കാനുള്ള വഴികളും മഹാമാരിക്ക്‌ കാരണമായ കാലാവസ്ഥാ വ്യതിയാനവുമായിരുന്നു. ഇവ രണ്ടുമാണ്‌ ഇന്ന്‌ ലോകത്തെ വെല്ലുവിളിക്കുന്ന ഗുരുതരപ്രശ്നങ്ങൾ. അവയായിരുന്നു നാം തിരഞ്ഞെടുത്തിരുന്നതെങ്കിൽ നമ്മുടെ രാജ്യത്തിന്റെ പ്രശ്നങ്ങളെക്കാൾ ആഗോളപ്രശ്നങ്ങൾക്കാണ്‌ നാം പ്രാധാന്യം നൽകുന്നതെന്ന്‌ ലോകം മനസ്സിലാക്കുമായിരുന്നു.
ഓഗസ്റ്റിലേക്ക് ഇന്ത്യ സൃഷ്ടിച്ച അജൻഡ തുടങ്ങുന്നതിനു മുമ്പുതന്നെ ഇന്ത്യക്ക് ഏറ്റവും താത്പര്യമുള്ള അഫ്ഗാനിസ്താൻതന്നെ രക്ഷാസമിതിയുടെ മുന്നിലെത്തി. അഫ്ഗാനിസ്താൻ പ്രസിഡന്റിന്റെ ആഗ്രഹപ്രകാരം രക്ഷാസമിതിയുടെ ഒരു പ്രത്യേകസമ്മേളനം വിളിച്ചുകൂട്ടാൻ ഇന്ത്യ തയ്യാറായി. മറ്റ് അംഗങ്ങളൊന്നും എതിർക്കാത്തതിനാൽ ആ യോഗം ഇന്ത്യയുടെ അധ്യക്ഷതയിൽത്തന്നെ നടന്നു. എന്നാൽ, അവിടെ അംബാസഡർ ടി.എസ്. തിരുമൂർത്തി നടത്തിയ പ്രസംഗം താലിബാനെ ശക്തമായി വിമർശിക്കുന്നതായിരുന്നു. ഇന്ത്യ താലിബാനിൽനിന്ന് കൂടുതൽ അകലുകയായിരുന്നു ആ പ്രസംഗം കാരണം. 

സ്ഥിരാംഗത്വമെന്ന സ്വപ്നം

സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾ ഓഗസ്റ്റിലെ ഇന്ത്യൻ വസന്തത്തിന്‌ പിന്നിലുണ്ടെന്ന്‌ എല്ലാവരും വിശ്വസിക്കുന്നു. ഇന്ത്യ യു.എന്നിനു നൽകുന്ന പ്രാധാന്യത്തിന്റെയും ആഗോളപ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള ഇന്ത്യയുടെ കഴിവിനെയും പ്രകടിപ്പിക്കുക എന്നതാണ്‌ നമ്മുടെ ലക്ഷ്യമെങ്കിലും സ്ഥിരാംഗങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള സാധ്യതയില്ലെന്ന്‌ നമുക്ക്‌ നന്നായറിയാം. പോരെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തെ ചോദ്യംചെയ്യുന്ന ഒരു അന്തരീക്ഷമാണ്‌ ഇന്ന്‌ ലോകത്തുള്ളത്‌. എന്നാലും ലോക സഹകരണത്തിനുള്ള ഇന്ത്യയുടെ സന്ദേശം യു.എന്നിൽ മുഴങ്ങിക്കേൾക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.

ഇന്ത്യ ചർച്ചചെയ്യുക എന്തൊക്കെ

ചർച്ചകൾക്കായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്‌ സമുദ്രസുരക്ഷ, സമാധാന പരിപാലനം, ഭീകരവാദത്തിനെതിരായ പ്രവർത്തനങ്ങൾ എന്നിവയാണ്‌. ഈ മൂന്നുകാര്യത്തിലും സമിതി അംഗങ്ങൾക്ക്‌ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടായിരിക്കും എന്നതിന്‌ സംശയമില്ല. സമുദ്രസുരക്ഷയും അന്താരാഷ്ട്ര യാത്രകളും പലപ്പോഴും വിവാദവിഷയങ്ങളാകാറുണ്ട്‌.
ദക്ഷിണ ചൈനാസമുദ്രത്തിലെ ചൈനയുടെ പ്രവർത്തനങ്ങളും അവകാശവാദങ്ങളും ലോകം അംഗീകരിക്കുന്നില്ല എന്നതിനാൽ ചർച്ചകൾ ഒരുപക്ഷേ വിവാദപരമായേക്കാം. എന്നാൽ, ഈ ചർച്ചകളിൽനിന്ന്‌ തീരുമാനങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ വലിയപ്രശ്നങ്ങൾ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കേണ്ടതില്ല. സമാധാന പരിപാലനത്തിൽ ഇന്ത്യ ഒരു പ്രധാന പങ്കുവഹിക്കുന്നത്‌ നമ്മുടെ സൈന്യത്തെ യു.എന്നിന്‌ വിട്ടുകൊടുത്തുകൊണ്ടാണ്‌. അതിനെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ ഉന്നയിക്കാനും ഉപയോഗമില്ലാത്ത ചില സമാധാനപരിപാലന സംഘങ്ങളെ നിർത്തലാക്കാനും ഇന്ത്യ ശ്രമിച്ചേക്കും. ഇന്ത്യക്കും പാകിസ്താനും ഇടയിലുള്ള യു.എൻ. സൈനികസംഘത്തെ ഇന്ത്യ അംഗീകരിക്കുന്നില്ലെങ്കിലും പാകിസ്താന്റെ സമ്മതമില്ലാതെ ആ സംഘത്തെ പിൻവലിക്കാൻ യു.എന്നിന്‌ സാധ്യമല്ല. ഈ സ്ഥിതി മാറേണ്ടതാണെങ്കിലും അതിനുള്ള സാധ്യത കുറവാണ്‌.

വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായിരുന്നു ലേഖകൻ