ന്യൂഡൽഹി: ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ജൂൺ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. യുഎസ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ജി7 ഉച്ചകോടിക്കിടെ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തിയേക്കുമെന്നുള്ള വാർത്തകൾ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

To advertise here,

ഇന്ത്യ-യുഎസ് ബന്ധം നിർണായകഘട്ടത്തിൽ കൂടി പോകുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. വ്യാപാരം, ഊർജ്ജ സഹകരണം, എച്ച്1 ബി വിസാ നയങ്ങൾ, പ്രാദേശിക സുരക്ഷ, പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം തുടങ്ങിയവ ഇരുവർക്കുമിടയിൽ ചർച്ചയായേക്കുമെന്നാണ് വിവരം.

ഒമാൻ തീരത്തുവെച്ച് യു.എസ്. ആക്രമണത്തിൽ തീപിടിച്ച ഒരു ചരക്കുകപ്പലിൽനിന്ന് മൂന്ന് ഇന്ത്യൻ നാവികരെ കാണാതായിരുന്നു. ഇവർ മൂന്ന് പേരും മരിച്ചതായി പിന്നീട് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ മറ്റൊരു കപ്പലിനുനേരെയും ആക്രമണം നടത്തിയിരുന്നു. ഒമാൻ തീരത്തിന് സമീപം വാണിജ്യ കപ്പലുകൾക്കു നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളിൽ പ്രതിഷേധം അറിയിക്കാൻ യുഎസ് പ്രതിനിധിയെ വിളിച്ചു വരുത്തിയിരുന്നു. തുടരെത്തുടരെ ഉണ്ടാകുന്ന ആക്രമങ്ങളെത്തുടർന്ന് രണ്ട് തവണയാണ് യുഎസ് പ്രതിനിധിയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചത്.