ന്യൂഡൽഹി: പാർലമെന്ററി സ്ഥിരം സമിതികൾ (സ്റ്റാൻഡിങ് കമ്മിറ്റികൾ) പുനഃസംഘടിപ്പിച്ചു. രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണനും ലോക്‌സഭാ സ്പീക്കർ ഓം ബിർളയും ചേർന്നാണ് ശനിയാഴ്ച സമിതികളുടെ പുനഃസംഘടന നടത്തിയത്. പുനഃസംഘടനയിൽ തൃണമൂൽ കോൺഗ്രസിന് (ടി.എം.സി.) രണ്ട് പ്രധാന സമിതികളുടെ അധ്യക്ഷ സ്ഥാനം നഷ്ടമായി.

To advertise here,

വാണിജ്യ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതിയുടെ അധ്യക്ഷനായി ടി.എം.സിയുടെ ഡോലാ സെന്നിന് പകരം ബി.ജെ.പിയുടെ സുധാൻഷു ത്രിവേദിയെ നിയമിച്ചു. രാസവസ്തുക്കളും വളവും സംബന്ധിച്ച സമിതിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് കീർത്തി ആസാദിനെ മാറ്റി. പകരം ടി.എം.സിയിലെ വിമത വിഭാഗത്തിൽപെട്ട കാക്കോലി ഘോഷ് ദസ്തിദാറിനെ ചുമതലപ്പെടുത്തി.

ഡി.എം.കെ. എം.പിമാരായ തിരുച്ചി ശിവ വ്യവസായ സമിതിയുടെയും കെ. കനിമൊഴി ഭക്ഷ്യം, ഉപഭോക്തൃ കാര്യം, പൊതുവിതരണം എന്നിവയ്ക്കായുള്ള സമിതിയുടെയും അധ്യക്ഷന്മാരായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജെ.ഡി.(യു.), ശിവസേന, ടി.ഡി.പി. തുടങ്ങിയ പ്രധാന ബി.ജെ.പി. സഖ്യകക്ഷി നേതാക്കളെ വിവിധ സമിതികളുടെ തലവന്മാരായി നിലനിർത്തിയിട്ടുണ്ട്. പ്രതിപക്ഷത്തുനിന്നുള്ള നേതാക്കളും തങ്ങളുടെ സ്ഥാനങ്ങൾ നിലനിർത്തി.

വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട സമിതിയിൽ കോൺഗ്രസ് നേതാവ് ശശി തരൂർ അധ്യക്ഷനായി തുടരും. കൃഷി സമിതിയുടെ അധ്യക്ഷനായി കോൺഗ്രസ് എം.പി. ചരൺജിത് സിങ് ചന്നി തുടരും. വിദ്യാഭ്യാസം, സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ എന്നിവയ്ക്കായുള്ള സമിതിയുടെ അധ്യക്ഷനായി മുകുൾ വാസ്നിക്കിനെയും ആരോഗ്യ-കുടുംബക്ഷേമ സമിതി തലവനായി സമാജ്‌വാദി പാർട്ടിയുടെ രാം ഗോപാൽ വർമ്മയെയും നിലനിർത്തി. ഗ്രാമവികസനം, പഞ്ചായത്തീരാജ് എന്നിവയ്ക്കായുള്ള സമിതിയുടെ തലവനായി കോൺഗ്രസിന്റെ സപ്തഗിരി ശങ്കർ ഉലാക്കയെ വീണ്ടും നിയമിച്ചു.

പ്രതിരോധ സമിതിയുടെ ചുമതല ബി.ജെ.പി.യുടെ രാധാ മോഹൻ സിങ്ങിനായിരിക്കും. ഗതാഗതം, ടൂറിസം, സംസ്‌കാരം എന്നിവയ്ക്കായുള്ള സമിതിയുടെ അധ്യക്ഷനായി ജെ.ഡി.(യു.)വിന്റെ സഞ്ജയ് കുമാർ ഝായെ വീണ്ടും നിയമിച്ചപ്പോൾ, ഊർജ്ജ സമിതി തലവനായി ശിവസേനയുടെ ശ്രീരംഗ് ബാർണെയെ നിലനിർത്തി. ഉദ്യോഗസ്ഥ കാര്യം, പൊതുജനപരാതി, നിയമം, നീതി എന്നിവയ്ക്കായുള്ള സമിതിയുടെ അധ്യക്ഷസ്ഥാനത്ത് ബി.ജെ.പി.യുടെ ബ്രിജ് ലാലിന് പകരം സുജീത് കുമാറിനെ നിയമിച്ചു.

കൽക്കരി, ഖനി, സ്റ്റീൽ എന്നിവയ്ക്കായുള്ള സമിതിയുടെ തലവനായി മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെയും ജലവിഭവ സമിതി അധ്യക്ഷനായി രാജീവ് പ്രതാപ് റൂഡിയെയും നിലനിർത്തി. ധനകാര്യ സമിതി അധ്യക്ഷനായി ഭർതൃഹരി മഹ്താബും ആഭ്യന്തര കാര്യ സമിതി തലവനായി രാധാ മോഹൻ ദാസ് അഗർവാളും തുടരും.

വാർത്താവിനിമയം, വിവരസാങ്കേതികവിദ്യ എന്നിവയ്ക്കായുള്ള സമിതിയുടെ അധ്യക്ഷനായി ബി.ജെ.പി.യുടെ നിഷികാന്ത് ദുബെയെ വീണ്ടും നിയമിച്ചു. ശാസ്ത്ര-സാങ്കേതികവിദ്യ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കായുള്ള സമിതിയുടെ അധ്യക്ഷയായി മേധ വിശ്രം കുൽക്കർണിയെ നിലനിർത്തി. റെയിൽവേ സമിതിയുടെ അധ്യക്ഷനായി സി.എം. രമേശിന് പകരം സുധീർ ഗുപ്തയെ ചുമതലപ്പെടുത്തി.