
ന്യൂഡൽഹി: 1971-ലെ വിമോചന യുദ്ധത്തിന് ശേഷം ബംഗ്ലാദേശിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ മുന്നറിയിപ്പ്. ഇസ്ലാമിസ്റ്റ് ശക്തികളുടെ പുനരുജ്ജീവനം, മാറിക്കൊണ്ടിരിക്കുന്ന ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങൾ, ചൈനയുടെയും പാകിസ്താന്റെയും വർദ്ധിച്ചുവരുന്ന സ്വാധീനം എന്നിവ ചൂണ്ടിക്കാട്ടി, ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി സമിതിയാണ് ഇത്തരത്തിലുള്ള റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചത്.
വിദേശകാര്യ വിദഗ്ധരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങളും മറ്റും അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്. രാജ്യത്തിന്റെ മുന്നിലുള്ള ഈ വെല്ലുവിളി നിലനിൽപ്പിന്റെ പ്രശ്‌നമല്ല, പക്ഷേ അത് ആഴത്തിലുള്ളതും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
1971-ലെ വെല്ലുവിളി നിലനിൽപ്പിന്റെയും, മാനുഷികവും, ഒരു പുതിയ രാഷ്ട്രത്തിന്റെ ജന്മവുമായിരുന്നുവെങ്കിൽ, ഇപ്പോഴത്തേത് കൂടുതൽ ഗൗരവമേറിയതാണ്. ബംഗ്ലാദേശിലെ രാഷ്ട്രീയ പരിവർത്തനവും പുനഃക്രമീകരണവും ഇന്ത്യയുടെ സുരക്ഷയിലും വിദേശനയ അന്തരീക്ഷവും മാറ്റംവരുത്താൻ കഴിയുന്ന വെല്ലുവിളികൾ ഉയർത്തുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബംഗ്ലാദേശിന്റെ പാകിസ്ഥാനുമായുള്ള ബന്ധത്തിലുണ്ടായ മാറ്റം അടിസ്ഥാന സൗകര്യങ്ങൾ, തുറമുഖ വികസനം, പ്രതിരോധ സഹകരണം എന്നീ മേഖലകളിൽ ചൈന ഉണ്ടാക്കിയെടുക്കുന്ന സ്വാധീനം എന്നിവയിൽ കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു. മോംഗ്ല തുറമുഖത്തിന്റെ വികസനം, ലാൽമോണിഹട്ട് എയർബേസ്, പെക്വയിലെ സബ്മറൈൻ ബേസ് എന്നിവ പോലുള്ള പദ്ധതികളെ സംബന്ധിച്ചുള്ള ആശങ്കയും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നുണ്ട്.
ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെ എല്ലാ വിഭാഗങ്ങളെയും ചൈന സ്വാധീനിക്കുന്നുണ്ട്. ഇവർ ചൈന സന്ദർശിച്ചിട്ടുണ്ടെന്നും പാർലമെന്ററി പാനൽ അറിയിച്ചു.
വിദേശ ശക്തികൾ ബംഗ്ലാദേശിൽ സൈനിക താവളം സ്ഥാപിക്കുന്നത് കർശനമായി നിരീക്ഷിക്കണമെന്ന് പാനൽ ശുപാർശ ചെയ്തിട്ടുണ്ട്. മുമ്പ് നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമിയുടെ തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷൻ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാൻ അത് അവരെ സഹായിക്കുമെന്നും പാർലമെന്ററി പാനൽ ചൂണ്ടിക്കാട്ടി.
ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിന്റെ രാഷ്ട്രീയ ആധിപത്യത്തിന്റെ തകർച്ചയാണ് ഇന്ത്യക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതിന് കാരണമാകുന്ന ഒരു പ്രധാന ഘടകം. ഇടക്കാല സർക്കാർ അവാമി ലീഗിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്, ഇത് തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്നും അവരെ തടയുന്ന സാഹചര്യമാണുള്ളത്.
ഇതിനിടെ ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും നേരിട്ട് ഭീഷണിപ്പെടുത്തുന്ന പ്രസ്താവനകളും ബംഗ്ലാദേശിൽനിന്ന് വരുന്നുണ്ട്. ഈ ആഴ്ച ഒരു തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് ഇന്ത്യൻ ഹൈക്കമ്മിഷന് സമീപം നടത്തിയ പ്രതിഷേധ പ്രകടനത്തെത്തുടർന്ന്, ധാക്കയിലുള്ളതുൾപ്പടെ മൂന്ന് ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങൾ അടച്ചുപൂട്ടിയിരുന്നു. ഷെയ്ഖ് ഹസീനയെ കൈമാറ്റം ചെയ്യണമെന്നടക്കമുള്ള ആവശ്യമാണ് ഇവർ ഉയർത്തുന്നത്.
Content Highlights: Parliamentary committee warns of growing Islamist influence, shifting politics, and China/Pakistan influence in Bangladesh impacting India`s security
Published: 18 Dec 2025, 08:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented