ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം ഈയാഴ്ച അവസാനിക്കാനിരിക്കെ, അവസാനവാരം അവതരിപ്പിക്കേണ്ട ബില്ലുകളുടെ പട്ടികയിൽ വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി (എഫ്.സി.ആർ.എ.) ഇല്ല. ബുധനാഴ്ച ബിൽ അവതരിപ്പിക്കുമെന്ന സൂചനകളുണ്ടെങ്കിലും കാര്യോപദേശകസമിതിയിലെ ധാരണപ്രകാരം സർക്കാർ തയ്യാറാക്കിയ പട്ടികയിലുള്ളത് നാല് ബില്ലുകളാണ്. ഇതിൽ കേരളത്തിന്റെ പേരുമാറ്റം സംബന്ധിച്ച ബില്ലുമുണ്ട്. ഔദ്യോഗികരേഖകളിൽ കേരള എന്നതിനുപകരം കേരളം എന്നാക്കുന്നതിനുള്ള ബില്ലാണിത്.

To advertise here,

ഖനികളും ധാതുക്കളും: വികസനവും ക്രമീകരണവും ഭേദഗതിബിൽ, ട്രിബ്യൂണലുകളുടെ പരിഷ്കരണം സംബന്ധിച്ച ബിൽ, ദേശീയ സഹകരണ വികസന കോർപ്പറേഷൻ ഭേദഗതിബിൽ എന്നിവയാണ് മറ്റുള്ളവ. എഫ്.സി.ആർ.എ. ഭേദഗതി ബിൽ 12-ന് കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി സൂചിപ്പിച്ചതായി കഴിഞ്ഞദിവസം മന്ത്രിയെ സന്ദർശിച്ച മിസോറം മുഖ്യമന്ത്രി ലാൽദുഹോമ പറഞ്ഞിരുന്നു. വിവാദ ബില്ലിൽ എഫ്.സി.ആർ.എ. ലൈസൻസ് റദ്ദായ ആസ്തികൾ പിടിച്ചെടുക്കുന്നതിന് മുൻകാല പ്രാബല്യമുണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി ഉറപ്പുതന്നെന്നും ലാൽദുഹോമ പറഞ്ഞു.

എന്നാൽ, മുൻകാലപ്രാബല്യം ഒഴിവാക്കിയതുകൊണ്ടുമാത്രം കാര്യമില്ലെന്ന നിലപാടിലാണ് ബില്ലിൽ ആശങ്കയറിയിച്ച് മന്ത്രിയെക്കണ്ട ന്യൂനപക്ഷസംഘടനകളുടെ സംയുക്തഫോറം. ബിൽ പൂർണമായും പിൻവലിക്കുകയോ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി.) പരിശോധനയ്ക്കുവിടുകയോ വേണമെന്നാണ് അവരുടെ നിലപാട്. കാത്തലിക് ബിഷപ്‌സ്‌ കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ.) അടക്കമുള്ളവരാണ് സംയുക്തഫോറത്തിൽ. ഡി.എം.കെ.യുടെ രാജ്യസഭാംഗം പി. വിത്സൺ ആണ് ഫോറം ചെയർമാൻ.

മണ്ഡല പുനർവിഭജനത്തിനായുള്ള ഭരണഘടനാഭേദഗതി ബില്ലിനെച്ചൊല്ലിയും അഭ്യൂഹങ്ങളുയർന്നെങ്കിലും പട്ടികയിൽ അതും ഉൾപ്പെടുത്തിയിട്ടില്ല. ഉപപട്ടിക ഇറക്കി എഫ്.സി.ആർ.എ. ഭേദഗതി ബിൽ കൊണ്ടുവരാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 10, 11, 12 തീയതികളിൽ മുഴുവൻ അംഗങ്ങളോടും ഇരുസഭയിലും നിർബന്ധമായും ഹാജരാകാൻ നിർദേശിച്ച് കോൺഗ്രസ് വിപ്പ് നൽകിയിട്ടുണ്ട്. മുഴുവൻ അംഗങ്ങളുടെയും പ്രാതിനിധ്യമുറപ്പാക്കാൻ മറ്റ് ഇന്ത്യസഖ്യ കക്ഷികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അവസാനദിവസങ്ങളിൽ അമിത്ഷാ സഭകളിലെത്തുമോയെന്നതിലും ആകാംക്ഷയുണ്ട്. എഫ്.സി.ആർ.എ. ഭേദഗതി ബിൽ വരുകയാണെങ്കിൽ അമിത്ഷാ സഭയിലെത്തുമെന്നാണ് സൂചന.

തിങ്കളാഴ്ചത്തെ രണ്ടുബില്ലും അമിത്ഷായുടെ പേരിൽ

അതേസമയം, ലോക്‌സഭയുടെ തിങ്കളാഴ്ചത്തെ അജൻഡയിൽത്തന്നെ ഇപ്പോൾ പട്ടികയിലുള്ള നാല് ബില്ലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലാകട്ടെ കേരളത്തിന്റെ പേരുമാറ്റൽ ബില്ലും ദേശീയ സഹകരണവികസന കോർപ്പറേഷൻ ഭേദഗതി ബില്ലും അവതരിപ്പിക്കേണ്ടത് മന്ത്രി അമിത്ഷായുമാണ്. ഇതിന് അദ്ദേഹം സഭയിലെത്തുമോ അതോ സഹമന്ത്രിമാർ ആരെങ്കിലും അവതരിപ്പിക്കുമോ എന്നതും ഉറ്റുനോക്കുന്നു.