ബെംഗളൂരു: കർണാടകയിലെ ചില റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തിലും മുകളിൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന കർണാടക സർക്കാരിന്റെ ആരോപണം തള്ളി പൊതുമേഖലാ എണ്ണക്കമ്പനികൾ. നിയമപരമായ പരിശോധനാ നടപടിക്രമങ്ങൾ പാലിക്കാതെയാണ് സംസ്ഥാന സർക്കാർ ഈ നിഗമനത്തിൽ എത്തിയതെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കി.

To advertise here,

ബെംഗളൂരു, കോലാർ, ചിക്കബെല്ലാപ്പുർ, ബെംഗളൂരു റൂറൽ, രാമനഗര, മംഗളൂരു, തുമകൂരു എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകളിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയതായി കർണാടക ഭക്ഷ്യ, സിവിൽ സപ്ലൈസ്, മന്ത്രി റിസ്‌വാൻ അർഷാദ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രധാന എണ്ണ വിതരണ കമ്പനികൾക്കെതിരെ നടപടി വേണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

എന്നാൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾ സംയുക്ത പ്രസ്താവനയിലൂടെ ഈ ആരോപണങ്ങൾ നിഷേധിച്ചു. കർണാടക ഉൾപ്പെടെ രാജ്യത്തുടനീളം വിതരണം ചെയ്യുന്ന ഇ20 പെട്രോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ ഐഎസ് 17021 മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതാണെന്ന് കമ്പനികൾ ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാർ ഒക്ടോബറിൽ നടത്തിയ സാമ്പിൾ ശേഖരണത്തിലും പരിശോധനാ രീതിയിലും എണ്ണക്കമ്പനികൾ ആശങ്ക രേഖപ്പെടുത്തി. 1955-ലെ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരമുള്ള മോട്ടോർ സ്പിരിറ്റ് ആൻഡ് ഹൈ സ്പീഡ് ഡീസൽ കൺട്രോൾ ഓർഡർ, മാർക്കറ്റിങ് ഡിസിപ്ലിൻ ഗൈഡ്‌ലൈൻസ് എന്നിവ അനുസരിച്ചുള്ള നടപടിക്രമങ്ങൾ ഈ പരിശോധനയിൽ പാലിച്ചിട്ടില്ലെന്ന് കമ്പനികൾ ആരോപിച്ചു.

കമ്പനി പ്രതിനിധികളുടെ പങ്കാളിത്തമില്ലാതെയാണ് സാമ്പിളുകൾ എടുത്തതെന്നും ഔദ്യോഗികമായി നിർദേശിച്ച ലാബുകൾക്ക് പകരം മൂന്നാം കക്ഷി ലാബിന്റെ സർട്ടിഫിക്കറ്റുകളെയാണ് ഇതിനായി ആശ്രയിച്ചതെന്നും കമ്പനികൾ ആരോപിച്ചു.