ന്യൂഡൽഹി: വിദേശ സംഭാവനാ നിയന്ത്രണ നിയമ(എഫ്.സി.ആർ.എ)ഭേദഗതി ബില്ലിലെ രണ്ട് വിവാദവ്യവസ്ഥകൾ കോടതിയിൽ നിലനിൽക്കുമോയെന്ന സംശയമുയർത്തി അഡിഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ.

To advertise here,

എഫ്.സി.ആർ.എ രജിസ്ട്രേഷൻ റദ്ദായ സംഘടനയുടെ വിദേശസംഭാവന ഉപയോഗിച്ച് നിർമിച്ച ആസ്തികൾ സ്വമേധയാ ഏറ്റെടുക്കാൻ പ്രത്യേകം അതോറിറ്റിയെ ചുമതലപ്പെടുത്തുന്നതാണ് ഇതിലൊരു വ്യവസ്ഥ. ബില്ലിലെ 15-ാം വകുപ്പിൽ മൂന്ന് എ എന്ന അധ്യായം പുതുതായി ചേർത്താണ് ഈ വ്യവസ്ഥ കൊണ്ടുവന്നത്. കാലാവധി തീർന്ന് പുതുക്കാതിരിക്കുകയോ പുതുക്കലിനുള്ള അപേക്ഷ നിരസിക്കപ്പെടുകയോ ചെയ്ത എഫ്.സി.ആർ.എ സർട്ടിഫിക്കറ്റ് അസാധുവാക്കുന്ന 14ബി വകുപ്പിലും അഡിഷണൽ സോളിസിറ്റർ ജനറൽ സംശയമുന്നയിച്ചു.

ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) മുമ്പാകെ ഹാജരായപ്പോഴാണ് പുതിയ ബില്ലിലെ രണ്ട് നിർണായക വ്യവസ്ഥകളിൽ അഡിഷണൽ സോളിസിറ്റർ ജനറൽ സംശയമുയർത്തിയത്. പ്രതിപക്ഷം ശക്തിയായി എതിർക്കുന്ന ബില്ലിലെ ഏറ്റവും വിവാദമുയർത്തുന്ന രണ്ട് വ്യവസ്ഥകൾ നിലനിൽക്കുമോയെന്ന സംശയം കേന്ദ്രസർക്കാരിന്റെ അഡിഷണൽ സോളിസിറ്റർ ജനറലിൽ നിന്നുതന്നെയുണ്ടായിയെന്നതാണ് ശ്രദ്ധേയം. ബി.ജെ.പി എം.പി സഞ്ജയ് ജയ്സ്വാൾ അധ്യക്ഷനായുള്ള ജെ.പി.സിയുടെ അടുത്ത യോഗം ഒക്ടോബർ 12 നാണ്.

ചൊവ്വാഴ്ച പ്രധാനമായും നിയമ, ആഭ്യന്തര മന്ത്രാലയങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരാണ് സമിതി മുമ്പാകെ ഹാജരായി ബില്ലിന്റെ വകുപ്പു തിരിച്ചുള്ള വിശദാംശങ്ങൾ വ്യക്തമാക്കിയത്. 2010-ലെ എഫ്.സി.ആർ.എ നിയമത്തിൽ പുതിയ ഭേദഗതി വരുത്തുന്നത് രാജ്യസുരക്ഷ കണക്കിലെടുത്തും വിദേശസംഭാവനകൾ ഉപയോഗിച്ചുള്ള ആസ്തികൾ കൈകാര്യം ചെയ്യുന്നത് സുതാര്യമാക്കാനും ഉദ്ദേശിച്ചാണെന്ന് അവർ വിശദീകരിച്ചു.

- സജീവമായുള്ളത് 14,000 അക്കൗണ്ടുകൾ

വിദേശസംഭാവനകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന 25,000 അക്കൗണ്ടുകളിൽ 14,000 എണ്ണം മാത്രമാണിപ്പോൾ സജീവമെന്ന് സമിതി മുമ്പാകെയെത്തിയ എസ്.ബി.ഐ ചെയർമാൻ ചല്ല ശ്രീനിവാസുലു സെട്ടി അറിയിച്ചു. വിദേശസംഭാവന കൈപ്പറ്റിയാലുടൻ അത് ആഭ്യന്തരമന്ത്രാലയത്തിന്റെ സ്‌ക്രീനിങിന് വിധേയമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

- സമിതിയോഗം ഒരു മാസം നീട്ടണം

ബില്ലിലെ വ്യവസ്ഥകളെ വിശദമായി പഠിക്കുന്നതിനും 2010-ലെ ബില്ലുമായി ഒത്തുനോക്കുന്നതിനുമായി സമിതിയുടെ അടുത്തയോഗം ഒരു മാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് ജെ.പി.സിയിലെ പ്രതിപക്ഷാംഗങ്ങൾ അധ്യക്ഷന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഒക്ടോബർ 12 ന്റെ യോഗം മാറ്റണമെന്നാണാവശ്യം. ബില്ലിൽ പൊതുജനാഭിപ്രായമാരാഞ്ഞ് കഴിഞ്ഞ ദിവസം കമ്മിറ്റി ഇറക്കിയ പത്രക്കുറിപ്പിൽ അതിന് ഏഴ് ദിവസംമാത്രം സമയപരിധി നൽകിയത് പര്യാപ്തമല്ലെന്ന് ഡി.എം.കെ ചൂണ്ടിക്കാട്ടി.

പൊതുജനാഭിപ്രായമറിയിക്കാനുള്ള സമയപരിധി ഏഴ് ദിവസത്തിൽ നിന്ന് നാലാഴ്ചയായി ദീർഘിപ്പിക്കണമെന്ന് ഡി.എം.കെ എം.പി പി.വിൽസൺ സമിതി അധ്യക്ഷന് നൽകിയ നിവേദനത്തിലാവശ്യപ്പെട്ടു. ബില്ലിന്റെ നിയമ, സാമ്പത്തികവശങ്ങൾ വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാൻ ഇത്രയും സമയമെങ്കിലും കുറഞ്ഞത് വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചില ബി.ജെ.പിയംഗങ്ങൾ യോഗത്തിൽ മതപരിവർത്തന ആരോപണമുയർത്തിയപ്പോൾ, വിദ്യാഭ്യാസസ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിവാദവ്യവസ്ഥകളിൽ പ്രതിപക്ഷാംഗങ്ങൾ ആശങ്കയറിയിച്ചു.