ന്യൂഡൽഹി: എഫ്.സി.ആർ.എ. ഭേദഗതി ബിൽ കൊണ്ടുവരുന്നത് ആഭ്യന്തരസുരക്ഷയും രാജ്യതാത്‌പര്യവും കണക്കിലെടുത്തെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ ആദ്യയോഗം കഴിഞ്ഞദിവസം ചേർന്നപ്പോഴാണ് ഭേദഗതിബിൽ കൊണ്ടുവരാനുള്ള കാരണങ്ങൾ ആഭ്യന്തരസുരക്ഷയിലുള്ള ആശങ്കയാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ വിശദീകരിച്ചത്.

To advertise here,

ഇതൊരു ദേശസുരക്ഷയ്ക്കുവേണ്ടിയുള്ള നിയമനിർമാണമാണെന്ന് ആഭ്യന്തരസെക്രട്ടറി ജെ.പി.സി. മുൻപാകെ വ്യക്തമാക്കി. സുതാര്യത ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനും നിയമപരമായ വിടവ് ഇല്ലാതാക്കുന്നതിനുമാണ് ഇത്തരമൊരു ബിൽ കൊണ്ടുവന്നത്.

തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരേയും ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിനെതിരേയുംനടന്ന പ്രക്ഷോഭങ്ങൾ ആഭ്യന്തര സെക്രട്ടറി പ്രത്യേകം എടുത്തുപറഞ്ഞു. ഈ പ്രക്ഷോഭങ്ങൾ ദേശവിരുദ്ധമാണെന്നും അതിന് വിദേശസംഭാവനകളുണ്ടായിട്ടുണ്ടെന്നും സൂചിപ്പിക്കുന്നതായിരുന്നു സെക്രട്ടറിയുടെ പരാമർശങ്ങൾ.

യോഗത്തിൽ ബില്ലിന്റെ നിയമവിരുദ്ധ വശങ്ങൾക്കെതിരേ പ്രതിപക്ഷാംഗങ്ങൾ ശക്തമായ നിലപാടെടുത്തു. വിദേശസംഭാവന സ്വീകരിക്കുന്നത് ഒരു സ്ഥാപനം നിർത്തിക്കഴിഞ്ഞാൽ ആ സ്ഥാപനത്തിന്റെ ആസ്തികൾ മുൻകാല പ്രാബല്യത്തോടെ പിടിച്ചെടുക്കുന്ന വ്യവസ്ഥ കാടൻ നിയമമാണെന്ന് ഡി.എം.കെ. അംഗം പി. വിത്സൺ ചൂണ്ടിക്കാട്ടി. ഈ മാസം 28, 29 തീയതികളിൽ സമിതി വീണ്ടും യോഗംചേരും.