ന്യൂഡൽഹി: ലോക്സഭാസീറ്റെണ്ണം കൂട്ടി വനിതാസംവരണം നടപ്പാക്കാനും അതിന്റെ മറവിൽ മണ്ഡലപുനർവിഭജനം നടപ്പാക്കിയെടുക്കാനുമുള്ള ഭരണഘടനാ ഭേദഗതിക്കായി പാർലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിക്കാൻ വീണ്ടും നീക്കം. ഈ മാസം അവസാനം ചേരുമെന്നാണ് അഭ്യൂഹം. ഭരണഘടനാ ഭേദഗതിബിൽ പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷംവേണമെങ്കിലും അത് ഉറപ്പായതിന്റെ സൂചന ഇപ്പോഴുമില്ല.
വർഷകാലസമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിട്ടും ഇതുവരെ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ല. നവംബർ അവസാനം ശീതകാലസമ്മേളനം ആരംഭിക്കണമെന്നിരിക്കെ, കഴിഞ്ഞ സമ്മേളനം തുടരുന്നതിലെ അനിശ്ചിതത്വമാണ് പ്രത്യേകസമ്മേളനചർച്ചയെ വീണ്ടും സജീവമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 13-ന് അവസാനിച്ചതാണ് വർഷകാലസമ്മേളനം.
131-ാം ഭരണഘടനാഭേദഗതി ബിൽ, മണ്ഡല പുനർവിഭജന ഭേദഗതി ബിൽ, കേന്ദ്രഭരണപ്രദേശനിയമങ്ങൾ ഭേദഗതി ബിൽ എന്നിവ പാസാക്കി വനിതാസംവരണം നടപ്പാക്കുമെന്നാണ് കേന്ദ്രവൃത്തങ്ങൾ പറയുന്നത്.
543 അംഗ ലോക്സഭയിൽ മൂന്നംഗങ്ങളുടെ ഒഴിവുണ്ട്. 318 എം.പി.മാരാണ് എൻ.ഡി.എ.യ്ക്കുള്ളത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 360 പേരുടെ പിന്തുണ വേണം. 22 ഡി.എം.കെ. എം.പി.മാർ പിന്തുണച്ചാൽ അംഗബലം 340 ആകും. അപ്പോഴും 20 പേരുടെ കുറവുണ്ട്. 245 അംഗ രാജ്യസഭയിലും മൂന്ന് ഒഴിവുകളാണുള്ളത്. 240-ൽ എൻ.ഡി.എ.യ്ക്ക് 153 പേരുടെ പിന്തുണയുണ്ട്. ബിൽ പാസാക്കാൻ 162 പേരുടെ പിന്തുണ ആവശ്യമുണ്ട്. ഒമ്പതുപേരുടെ പിന്തുണയ്ക്ക് ചെറുകക്ഷികളുടെ സഹായം കിട്ടാനാണ് ശ്രമം.
മോദിക്ക് ഖാർഗെയുടെ നാലാമത്തെ കത്ത്
മണ്ഡലപുനർനിർണയ ഭരണഘടനാഭേദഗതി ബിൽ കൊണ്ടുവരുന്നതിനുമുൻപ് സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രി യോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് അയക്കുന്ന നാലാമത്തെ കത്താണിതെന്ന് ചൂണ്ടിക്കാട്ടിയ ഖാർഗെ, കൂടിയാലോചനകളില്ലാതെ ഭരണഘടനാ ഭേദഗതികൾ സഭയിലൂടെ തള്ളിക്കയറ്റാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നൽകി.
Content Highlights: Move to call a special Parliament session for Women's Reservation and Delimitation., NDA requires additional support in Lok Sabha and Rajya Sabha to secure the two-thirds majority
Published: 17 Oct 2026, 04:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented