ന്യൂഡൽഹി: രാജ്യത്ത് വിദേശസംഭാവനകൾ ഏറ്റവുമധികം എത്തുന്ന ആദ്യ പത്ത് സംസ്ഥാനങ്ങളിൽ ഏഴാം സ്ഥാനത്ത് കേരളവും. വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി ബിൽ പരിശോധിക്കാനുള്ള സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി.) ആദ്യയോഗത്തിലാണ് ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച കണക്കുകൾ നിരത്തിയത്. ബിൽ രാജ്യസുരക്ഷ മുൻനിർത്തിയാണെന്ന് ഭരണകക്ഷിയംഗങ്ങൾ യോഗത്തിൽ വാദിച്ചപ്പോൾ ഭരണഘടനാവിരുദ്ധമായ ബിൽ നിലനിൽക്കില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മൂന്ന് മണിക്കൂർ നീണ്ട യോഗത്തിൽ പ്രതിപക്ഷം ശക്തമായ എതിർപ്പാണുയർത്തിയത്.

To advertise here,

2024-25 സാമ്പത്തികവർഷത്തിൽ കേരളത്തിലേക്കെത്തിയ വിദേശസംഭാവന 1015 കോടി രൂപയാണെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കിൽ പറയുന്നു. ഒന്നാം സ്ഥാനത്ത് ഡൽഹിയാണ്. 5834 കോടി രൂപ. കർണാടക - 3164 കോടി, മഹാരാഷ്ട്ര - 2385 കോടി, തമിഴ്നാട് - 2313 കോടി, ഗുജറാത്ത് - 1403 കോടി, പശ്ചിമബംഗാൾ- 1062 കോടി, കേരളം- 1015 കോടി, ആന്ധ്രപ്രദേശ്- 1012 കോടി, തെലങ്കാന- 997 കോടി, ഉത്തർപ്രദേശ്- 666 കോടി എന്നിങ്ങനെയാണ് ആദ്യ പത്തിൽപ്പെട്ട സംസ്ഥാനങ്ങളിലേക്കെത്തിയ വിദേശ സംഭാവനകളുടെ തോത്.

കേരളത്തിലേക്കെത്തിയ സംഭാവനത്തോത് ഏറെയും ക്രിസ്ത്യൻ, മുസ്ലിം മതസംഘടനകൾക്കാണെന്ന് റിപ്പോർട്ടിലുണ്ട്. കേരളത്തിന് പുറമേ, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ സംഘടനകളിലേക്ക് സംഭാവനകളെത്തി. ഗുജറാത്തിലേക്കും പഞ്ചാബിലേക്കുമാണ് കേരളത്തിന് പുറമേ മുസ്ലിം സംഘടനകൾക്കുള്ള സംഭാവനകളുള്ളത്. കേരളം, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്കെത്തിയ സംഭാവനകളിലേറെയും മതപരമായ കാര്യങ്ങൾക്കാണെന്നും റിപ്പോർട്ടിലുണ്ട്.

വിദേശസംഭാവന ഇന്ത്യയിലേക്ക് ഏറ്റവും കൂടുതലെത്തുന്നത് അമേരിക്കയിൽനിന്നാണ്. 2024-25ൽമാത്രം 12,113 കോടി രൂപ അമേരിക്കയിൽ നിന്നെത്തി. യു.കെ.യിൽനിന്ന് 2414 കോടിയും ജർമനിയിൽനിന്ന് 1782 കോടിയുമെത്തി. ക്രിസ്ത്യൻ വിഭാഗങ്ങൾക്കെത്തുന്ന സംഭാവനയിലേറെയും യു.എസ്.എ, ജർമനി, ഇറ്റലി എന്നിവിടങ്ങളിൽ നിന്നാണ്.

യു.കെ, കുവൈത്ത്, യു.എ.ഇ. രാജ്യങ്ങളിൽനിന്നുള്ള സംഭാവനകളാണ് മുസ്ലിം സംഘടനകൾക്കെത്തുന്നത്. സാമൂഹികം, വിദ്യാഭ്യാസം, മതപരം, സാമ്പത്തികം, സാംസ്‌കാരികം മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് സംഭാവനകളെത്തുന്നത്. 2024-25ൽ വിദേശസംഭാവനയായി ലഭിച്ച 35,968 കോടി രൂപ രാജ്യത്ത് ചെലവഴിച്ചിട്ടില്ല. രജിസ്ട്രേഷൻ റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്ത 36,488 കേസുകളുണ്ട്. ബില്ലിലെ വ്യവസ്ഥകളും യോഗത്തിൽ മന്ത്രാലയം വിശദീകരിച്ചു.

എഫ്.സി.ആർ.എ. പ്രകാരം സജീവ രജിസ്‌ട്രേഷനുള്ള സംഘടനകൾ 14,450 ആണ് രാജ്യത്ത്. ക്രിസ്ത്യൻ സംഘടനകൾക്ക് ലഭിച്ചത് 1345 കോടി രൂപയാണ്. ഹിന്ദുസംഘടനകൾക്ക് 328 കോടി ലഭിച്ചു. മുസ്ലിം സംഘടനകൾക്ക് 19 കോടി രൂപയും സംഭാവനയായി ലഭിച്ചിട്ടുണ്ട്.