
ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി രാജ്യത്തേക്കെത്തിക്കുന്നതിനായി ആരംഭിച്ച 'ഓപ്പറേഷൻ സിന്ധു'വിന്റെ ഭാഗമായി 310 ഇന്ത്യക്കാരെ കൂടി ഡൽഹി വിമാനത്താവളത്തിലെത്തിച്ചു. ഇറാനിലെ മഷാദിൽ നിന്നാണ് ഇവരെ സുരക്ഷിതരായി ഡൽഹിയിലെത്തിച്ചത്. സംഘത്തിൽ ഒരു മലയാളി വിദ്യാർഥിയുമുണ്ട്.
ഇറാനിൽ നിന്ന് എത്തിയ പ്രത്യേക വിമാനത്തിലെ യാത്രാസംഘത്തിലെ ഏക മലയാളി വിദ്യാർഥിനി ഫാദില കച്ചക്കാരൻ ഡൽഹിയിൽ നിന്നും നാട്ടിലേക്ക് ഉടൻ തിരിക്കും. മലപ്പുറം മുടിക്കോട് സ്വദേശിയാണ് ഫാദില. ഇറാനിലെ ടെഹ്റാനിലുള്ള ഷാഹിദ് ബിഹിഷ്ഠി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ എം.ബി.ബി എസ് രണ്ടാം സെമസ്റ്റർ വിദ്യാർഥിനിയാണ്. 2024 സെപ്റ്റംബറിലാണ് ഫാദില ഇറാനിലെത്തിയത്. ഫാദിലയുടെ പിതാവ് മുഹമ്മദ് കച്ചക്കാരൻ സൗദിയിൽ സിവിൽ എഞ്ചിനീയറാണ്. ഫാദിലയെ സ്വീകരിക്കാൻ പിതാവ് ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിട്ടുണ്ടായിരുന്നു. ശനിയാഴ്ച രാത്രി 8.20 നുള്ള ഇൻഡിഗോ വിമാനത്തിൽ ഇവർ കൊച്ചിയിലേക്ക് തിരിക്കും.

വിമാനം ശനിയാഴ്ച വൈകുന്നേരം 4:30ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയെന്നും, ഇതോടെ ഇതുവരെ ഒഴിപ്പിച്ച ഇന്ത്യക്കാരുടെ ആകെ എണ്ണം 827 ആയെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു.
തുർക്ക്മെനിസ്താനിലെ അഷ്ഗാബത്തിൽ നിന്നുമുള്ള 517 പേരുടെ ഇന്ത്യൻ സംഘത്തെ ശനിയാഴ്ച രാവിലെ 3 മണിക്ക് ഡൽഹിയിലെത്തിച്ചിരുന്നു. 110 ഇന്ത്യൻ പൗരന്മാരുടെ ആദ്യ സംഘം വ്യാഴാഴ്ച ഇന്ത്യയിൽ എത്തിയിരുന്നു. വെള്ളിയാഴ്ച 290പേരെയും സുരക്ഷിതരായി തിരിച്ചെത്തിച്ചിരുന്നു.
ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതരായി രാജ്യത്ത് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നാലായിരത്തിലധികം ഇന്ത്യക്കാരാണ് ഇറാനിലുള്ളത്. ഇവരിൽ കൂടുതലും മെഡിക്കൽ വിദ്യാർഥികളാണ്.
Content Highlights: Operation Sindhu continues to bring Indians home from Iran amidst conflict.
Published: 21 Jun 2025, 08:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented