
വാഷിങ്ടൺ: ലെബനനിലെ ഇസ്രയേൽ സൈനിക നടപടികളെച്ചൊല്ലി കടുത്ത ഭിന്നത നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച, വാഷിങ്ടണിന് സമീപം ഖത്തർ സമ്മാനിച്ച പുതിയ എയർഫോഴ്‌സ് വൺ വിമാനം പുറത്തിറക്കിയ ശേഷം സംസാരിക്കവെയാണ് നെതന്യാഹുവിനെ ട്രംപ് 'പോരാളിയായ പ്രധാനമന്ത്രി' എന്ന് വിശേഷിപ്പിച്ചത്.
ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിൽ ഇറാനെതിരെ അമേരിക്കയും ഇസ്രയേലും 'വളരെ മികച്ച രീതിയിൽ പോരാടി' എന്നും ട്രംപ് അഭിപ്രായപ്പെട്ടു. 'തീർച്ചയായും ഞങ്ങൾ ഇസ്രയേലുമായി ചേർന്ന് നന്നായി പോരാടി, ഞങ്ങൾക്ക് ഇസ്രയേലുമായി മികച്ച ബന്ധമാണുള്ളത്. ഞങ്ങൾ വളരെ ശക്തരായിരുന്നു. ബിബി (ബെഞ്ചമിൻ നെതന്യാഹു) ഒരു പോരാളിയായ പ്രധാനമന്ത്രിയാണ്, അത് അംഗീകരിക്കപ്പെടണം. അവർ അദ്ദേഹത്തിന് അതിന്റെ ക്രെഡിറ്റ് നൽകണം.' ട്രംപ് പറഞ്ഞു.
ലെബനനിലെ യുദ്ധം തുടരാൻ ഇസ്രയേൽ പ്രധാനമന്ത്രി കടുത്ത രാഷ്ട്രീയ സമ്മർദ്ദം നേരിടുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവനകൾ പുറത്തുവരുന്നത്. മറ്റൊരു അഭിമുഖത്തിൽ, നെതന്യാഹുവുമായി ശക്തമായ ബന്ധമുണ്ടെങ്കിലും ആ ബന്ധത്തെ താൻ നിയന്ത്രിച്ച് നിർത്തുന്നുണ്ട് എന്നും ട്രംപ് വ്യക്തമാക്കി. 'ബന്ധം നല്ലതാണ്, പക്ഷേ നമ്മൾ അദ്ദേഹത്തെ അൽപ്പം വിവേകത്തോടെ നിലനിർത്തേണ്ടതുണ്ട്.' അദ്ദേഹം ആക്‌സിയോസ് വാർത്താ ഏജൻസിയോട് പറഞ്ഞു.
മേഖലയിലെ ഇസ്രയേൽ സൈനിക നടപടികളെ, പ്രത്യേകിച്ച് ലെബനനിലെ ആക്രമണങ്ങളെ സ്വാധീനിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന്, അത്തരം തീരുമാനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ തനിക്ക് കഴിയുമെന്നാണ് അദ്ദേഹം മറുപടി നൽകിയത്. 'അതെ, എനിക്ക് സാധിക്കും. അവർക്ക് എന്നോട് വലിയ ബഹുമാനമുണ്ട്, ഞാൻ പറയുന്നതുപോലെ അവർ ചെയ്യും.' ട്രംപ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി കരാറിലെത്തിയിട്ടും ലെബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരെ തുടരുന്ന ഇസ്രയേലിന്റെ സൈനിക നീക്കങ്ങളിൽ ട്രംപ് നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ മാസം ആദ്യം നടന്ന ഒരു ഫോൺ സംഭാഷണത്തിനിടെ നെതന്യാഹുവിനെതിരെ അദ്ദേഹം അസഭ്യവർഷം നടത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
'നിനക്ക് ഭ്രാന്താണ്. ഞാനില്ലായിരുന്നെങ്കിൽ നീ ജയിലിലായേനെ. ഞാൻ നിന്നെ രക്ഷിക്കുകയാണ്. ഇപ്പോൾ എല്ലാവരും നിന്നെ വെറുക്കുന്നു. ഇതുമൂലം എല്ലാവരും ഇസ്രയേലിനെ വെറുക്കുന്നു.' ലെബനനിലെ ആക്രമണങ്ങളെ തുടർന്ന് ഇറാൻ സമാധാന ചർച്ചകൾ നിർത്തിവെച്ചതിന് പിന്നാലെ ജൂൺ ഒന്നിന് നടന്ന ഫോൺ കോളിൽ ട്രംപ് നെതന്യാഹുവിനോട് ഇത്തരത്തിൽ കയർത്തതായി ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇറാനുമായുള്ള സമാധാന കരാറിനെ തുരങ്കം വെക്കുന്ന രീതിയിലുള്ള നടപടികൾ ബെഞ്ചമിൻ നെതന്യാഹു കൈക്കൊള്ളാൻ സാധ്യതയുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഈ ആഴ്ച പുറത്തുവന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള സൈനിക നടപടികൾ തുടരാനാണ് ഇസ്രയേൽ ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ വർഷം അവസാനം ഇസ്രയേലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ലെബനനിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നും ഹിസ്ബുള്ളയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും ആഭ്യന്തര ജനതയെ ബോധിപ്പിക്കുന്നത് നെതന്യാഹുവിന്റെ രാഷ്ട്രീയ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് യുഎസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
ഇറാനെതിരെ പരമാവധി സമ്മർദ്ദം ചെലുത്തുക എന്ന ഇസ്രയേലിന്റെ ലക്ഷ്യത്തിന് തിരിച്ചടിയാകുന്ന, ട്രംപിന്റെ സമാധാന കരാറിലെ വ്യവസ്ഥകളോടുള്ള ഇസ്രയേലിന്റെ അതൃപ്തിയും അവർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Trump praises Netanyahu as a warrior prime minister amid diplomatic friction. US intelligence warns Netanyahu may sabotage the 2026 Iran peace deal. Political pressure on Netanyahu ahead of Israel's national elections. Trump claims influence over Israeli military operations in Lebanon.
Published: 20 Jun 2026, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented