
ന്യൂയോർക്ക്: ഇന്ത്യയിലെ യുവജനങ്ങളിലും സ്ത്രീകളിലും ഏറെ പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരൻ സൽമാൻ റുഷ്ദി. പിബിഎസ് ചാനലിന് വേണ്ടി മാർഗരറ്റ് ഹൂവർ നടത്തിയ ഫയറിങ്‌ലൈൻ എന്ന അഭിമുഖ പരിപാടിയിലായിരുന്നു റുഷ്ദിയുടെ തുറന്നുപറച്ചിൽ. മതേതര ഇന്ത്യയുടെ പ്രാധാന്യം വീണ്ടെടുക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു റുഷ്ദിയോടുള്ള ചോദ്യം. അങ്ങനെ കരുതുണ്ടെന്നും ഇന്ത്യയിലെ യുവജനങ്ങളിൽ, പ്രത്യേകിച്ച് പെരുമാറ്റരീതികളിൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾ തള്ളിക്കളയുന്ന സ്ത്രീകളിൽ തനിക്ക് വലിയ മതിപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയിൽ സ്വാധീനം വ്യാപിപ്പിക്കാനുള്ള ആർ.എസ്.എസ്സിന്റെ ശ്രമങ്ങൾ നിർഭാഗ്യകരമാണ്. അമേരിക്കയിലുള്ള ഹിന്ദുക്കളായ ഇന്ത്യക്കാർ ഹിന്ദു ദേശീയവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. അത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ ആർ.എസ്.എസ്. നടത്തിയ റാലിയുടെ പശ്ചാത്തലത്തിലായിരുന്നു റുഷ്ദിയോടുള്ള ചോദ്യം.
2002-ൽ ഗുജറാത്തിൽ നടന്ന കലാപത്തിലെ പങ്കിന്റെ പേരിൽ പ്രധാനമന്ത്രി മോദിയെ ന്യൂയോർക്ക് സിറ്റി മേയർ സോറൻ മാംദാനി ഒരു 'യുദ്ധക്കുറ്റവാളി' എന്ന് വിശേഷിപ്പിച്ചിരുന്നു. മോദി യുദ്ധക്കുറ്റവാളിയാണെന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 'ക്രൂരമായ ഒരു വശം' മോദിക്കുണ്ട് എന്നാണ് റുഷ്ദി മറുപടി നൽകിയത്. 2002-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി. നിയമപരമായി അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ആ അക്രമസംഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ മോദിക്ക് പങ്കുണ്ടെന്ന സംശയമുണ്ട്. അക്രമസംഭവങ്ങളിൽ ചിലതിനെങ്കിലും അദ്ദേഹം ഉത്തരവാദിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അയാൾ ഒരു യുദ്ധക്കുറ്റവാളിയാണോ എന്ന് എനിക്കറിയില്ല, കാരണം അവിടെ യുദ്ധമൊന്നും നടന്നിട്ടില്ലല്ലോ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
തനിക്കെതിരെ നടന്ന വധശ്രമത്തെ അതിജീവിച്ചതിനെക്കുറിച്ചും ജീവിതം തിരിച്ചുപിടിച്ചതിനെക്കുറിച്ചും എഴുത്തിലേക്ക് മടങ്ങിവന്നതിനെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. വധശ്രമത്തിലുണ്ടായ പരിക്കുകളിൽ നിന്ന് സുഖം പ്രാപിക്കുന്നതിനിടെ ചിത്രീകരിച്ച ഡോക്യുമെന്ററി പുറത്തിറങ്ങാനിരിക്കെ കൂടിയാണ് റുഷ്ദിയുടെ അഭിമുഖം പുറത്തുവന്നിരിക്കുന്നത്. റുഷ്ദിയും ഭാര്യ എലിസ ഗ്രിഫിത്ത്സും ചേർന്നാണ് അദ്ദേഹത്തിന്റെ സുഖം പ്രാപിക്കൽ പ്രക്രിയയുടെ ദൃശ്യങ്ങൾ പകർത്തിയത്. 'Knife: The Attempted Murder of Salman Rushdie' എന്ന പേരിൽ നിർമ്മിച്ച ഈ ഡോക്യുമെന്ററി ഈ മാസം പ്രദർശനത്തിനെത്തും. ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഡോക്യുമെന്ററി പ്രദർശിച്ചപ്പോൾ ഒരു പ്രേക്ഷകൻ നിലവിളിച്ച് എഴുന്നേറ്റ് ഓടിയതായി അദ്ദേഹം പറയുന്നു. അത്രയും റിയലിസ്റ്റിക് ആയ ദൃശ്യങ്ങളാണ് ഇതിലുള്ളത്. അക്രമത്തിന്റെ ഭീകരത അതേപടി ജനങ്ങൾ കാണണമെന്നതിനാലാണ് ദൃശ്യങ്ങൾ അതേപടി പകർത്തിയത് എന്ന് അദ്ദേഹം പറഞ്ഞു.
2022 ഓഗസ്റ്റ് 12-നാണ് റുഷ്ദിക്കെതിരേ ക്രൂരമായ വധശ്രമമുണ്ടായത്. ന്യൂയോർക്കിലെ ചൗട്ടാക്വയിൽ വെച്ചാണ് തീവ്രവാദി അദ്ദേഹം ആക്രമിക്കപ്പെട്ടത്. 27 സെക്കൻഡിനുള്ളിൽ പതിനഞ്ചിലധികം തവണ അദ്ദേഹത്തിന് കുത്തേറ്റു. കഴുത്തിലും ശരീരത്തിലും കണ്ണിനുമേറ്റ മാരകമായ പരിക്കുകളിൽ നിന്ന് അദ്ദേഹം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
Content Highlights: Salman Rushdie expresses hope in Indian youth and women rejecting restrictions., He criticizes the expansion of RSS and Hindu nationalism in America., Rushdie shares views on Narendra Modi and the 2002 Gujarat riots., Discusses his upcoming realistic documentary 'Knife: The Attempted Murder of Salman Rushdie'.
Published: 09 Sept 2026, 02:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented