മുംബൈ: ജനപ്രിയ ബ്രാൻഡായ ഓൾഡ് മങ്കിനെ ഇപ്പോഴത്തെ രൂപത്തിൽ റം എന്ന പേരിൽ വിൽക്കാനാവില്ലെന്ന് ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ.) ബോംബെ ഹൈക്കോടതിയിൽ.

To advertise here,

ന്യൂട്രൽ സ്പിരിറ്റും റം ഫ്ളേവറിങ്ങും ചേർത്താണ് ഉത്പന്നം തയ്യാറാക്കുന്നതെന്നും ഇതിനെ റം ഫ്ളേവേഡ് സ്പിരിറ്റ് എന്ന് വിശേഷിപ്പിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ഓൾഡ് മങ്കിന്റെ നിർമാതാക്കളായ മോഹൻ റോക്കി സ്പ്രിംഗ്‌വാട്ടർ നൽകിയ ഹർജിയിലാണ് അതോറിറ്റി നിലപാട് വ്യക്തമാക്കിയത്.

ആക്ടിങ് ചീഫ് ജസ്റ്റിസ് രവീന്ദ്ര വി. ഘുഗെ, ജസ്റ്റിസ് ഗൗതം എ. അൻഖഡ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുന്നിലാണ് കേസെത്തിയത്. ഓൾഡ് മങ്ക് ബോട്ടിലുകളിൽ ഉപയോഗിച്ചിരുന്ന ‘സെവൻ ഇയേഴ്‌സ് ഓൾഡ് ബ്ലെൻഡഡ്’ എന്ന വാചകത്തിനെതിരേ എഫ്.എസ്.എസ്.എ.ഐ. നേരത്തേ ആക്ഷേപം ഉന്നയിച്ചിരുന്നു.

ബ്ലെൻഡിലെ പാകമായ റം സ്പിരിറ്റ് അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണെന്നും ഇത് ഉപഭോക്താക്കളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. സാധാരണ ഉപഭോക്താവിന് ബോട്ടിൽ മുഴുവൻ ഏഴുവർഷം പഴക്കമുള്ളതാണെന്ന ധാരണ നൽകുമെന്നും ഹൈക്കോടതി ബെഞ്ചും നിരീക്ഷിച്ചു. മദ്യത്തിൽ ചേർക്കുന്ന ഫ്ളേവറുകളെക്കുറിച്ചുള്ള വിവരം ലേബലിൽ ചെറിയ അക്ഷരത്തിലാണുള്ളത്.

ഇത് കണ്ടെത്താനും വായിക്കാനും പ്രയാസമാണെന്നും അഭിപ്രായപ്പെട്ടു. തുടർന്ന് സെവൻ ഇയേഴ്‌സ ഓൾഡ് ബ്ലെൻഡഡ് എന്ന വാചകം ഒഴിവാക്കാമെന്നും ഫ്ളേവറിങ് സംബന്ധിച്ച വിവരം വലിയ അക്ഷരത്തിൽ രേഖപ്പെടുത്താമെന്നും നിർമാണക്കമ്പനി കോടതിയെ അറിയിച്ചു.

അതേസമയം, മഹാരാഷ്ട്രയിൽ വിൽപ്പന വിലക്കിയ എഫ്.എസ്.എസ്.എ.ഐ. ഉത്തരവിനെതിരേ നിർമാണക്കമ്പനിക്ക് ഇടക്കാല ആശ്വാസം നൽകാൻ കോടതി തയ്യാറായില്ല. കേസിൽ കോടതി സെപ്റ്റംബർ 11-ന് അടുത്ത വാദം കേൾക്കും.