ന്യൂഡൽഹി: വായ്പ നേടുന്നതിനായി ആസ്തിവിവരങ്ങൾ പെരുപ്പിച്ചുകാട്ടി എൽ.ഐ.സി. ഹൗസിങ് ഫിനാൻസ് ലിമിറ്റഡിനെ (എൽ.ഐ.സി.എച്ച്.എഫ്.എൽ.) വഞ്ചിച്ചെന്ന കേസിൽ എസ്സെൽ ഗ്രൂപ്പ് ചെയർമാനും സീ ഗ്രൂപ്പ് സ്ഥാപകനുമായ സുഭാഷ് ചന്ദ്രയ്ക്കും വിവിധ കമ്പനികൾക്കുമെതിരെ സി.ബി.ഐ. കേസെടുത്തു. വായ്പ തിരിച്ചടയ്ക്കാതെ സ്ഥാപനത്തിന് 1,322 കോടിയിലധികം രൂപയുടെ നഷ്ടംവരുത്തിയെന്നാണ് കേസ്.

To advertise here,

എൽ.ഐ.സി.എച്ച്.എഫ്.എൽ. ജനറൽ മാനേജർ നീത മെൻഘാനി നൽകിയ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ സി.ബി.ഐ.യുടെ ബാങ്കിങ് സെക്യൂരിറ്റീസ് ഫ്രോഡ് വിഭാഗമാണ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തത്. 2018-ൽ അനുവദിച്ച രണ്ട് വായ്പകളുമായി ബന്ധപ്പെട്ട് പലിശയും മറ്റ് ചാർജുകളും ഉൾപ്പെടെ 1,322 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് എഫ്.ഐ.ആറിലെ ആരോപണം. സുഭാഷ് ചന്ദ്ര നൽകിയ വ്യക്തിഗത ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വായ്പകൾ നൽകിയിരുന്നത്.

സുഭാഷ് ചന്ദ്രയ്ക്ക് പുറമെ വസന്ത് സാഗർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്, അതിന്റെ ഡയറക്ടർ പങ്കജ് സുരോലിയ, പാൻ ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്, ഡിജിറ്റൽ സബ്‌സ്‌ക്രൈബർ മാനേജ്‌മെന്റ് ആൻഡ് കൺസൾട്ടൻസി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, അതിന്റെ ഡയറക്ടർ അമീഷ് പാണ്ഡ്യ, സ്പിരിറ്റ് ഇൻഫ്രാ പവർ ആൻഡ് മൾട്ടി വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, അതിന്റെ ഡയറക്ടർ രാജീവ് ധോലാകിയ എന്നിവരെയും ചില സർക്കാർ ഉദ്യോഗസ്ഥരെയും എഫ്.ഐ.ആറിൽ പ്രതി ചേർത്തിട്ടുണ്ട്.

വസന്ത് സാഗർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്, പാൻ ഇന്ത്യ ഇൻഫ്രാ പ്രോജക്ട്സ് എന്നീ കമ്പനികൾക്കായി 500 കോടി രൂപയുടെ വായ്പയാണ് എൽ.ഐ.സി. ഹൗസിങ് ഫിനാൻസ് അനുവദിച്ചത്. കൂടാതെ, ഡിജിറ്റൽ സബ്‌സ്‌ക്രൈബർ മാനേജ്‌മെന്റ് ആൻഡ് കൺസൾട്ടൻസി സർവീസസ്, സ്പിരിറ്റ് ഇൻഫ്രാ പവർ ആൻഡ് മൾട്ടി വെഞ്ച്വേഴ്സ് എന്നീ കമ്പനികൾക്ക് 480 കോടി രൂപയുടെ മറ്റൊരു വായ്പയും നൽകിയിരുന്നു. സുഭാഷ് ചന്ദ്ര നൽകിയ വ്യക്തിഗത ജാമ്യപത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ രണ്ട് വായ്പകളും അനുവദിച്ചത്.

ആദ്യ വായ്പയ്ക്കായി സമർപ്പിച്ച സർട്ടിഫിക്കറ്റ് പ്രകാരം 2017 മാർച്ച് 31-ൽ അദ്ദേഹത്തിന്റെ ആകെ ആസ്തി ഏകദേശം 59,113.21 കോടി രൂപയാണ്. രണ്ടാമത്തെ വായ്പയ്ക്കായി സമർപ്പിച്ച സർട്ടിഫിക്കറ്റിൽ അദ്ദേഹത്തിന്റെ ആസ്തി 40,562 കോടി രൂപയായും കാണിച്ചിരുന്നു. എന്നാൽ, പിന്നീട് ഈ സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തിയ അത്രയും ആസ്തി തനിക്കില്ലെന്ന് അദ്ദേഹംതന്നെ സമ്മതിച്ചു. സുഭാഷ് ചന്ദ്രയുടെ വ്യക്തിഗത കടബാധ്യതകൾ പരിഹരിക്കുന്നതിനുള്ള നടപടികൾക്കിടയിലായിരുന്നു അത്.

മാത്രമല്ല, രണ്ട് വായ്പകളിലും തിരിച്ചടവിൽ വീഴ്ചകളുണ്ടായതായും എഫ്.ഐ.ആർ. വ്യക്തമാക്കുന്നു. ആദ്യത്തെ വായ്പാ ഇടപാടിൽ 570.50 കോടി രൂപയും രണ്ടാമത്തെ ഇടപാടിൽ 507.25 കോടി രൂപയുമാണ് കുടിശ്ശികയുള്ളത്. ഇതാണ് ആകെ നഷ്ടം 1,322 കോടി രൂപയായി കണക്കാക്കാൻ കാരണം. വായ്പയെടുത്ത കമ്പനികളും ഉദ്യോഗസ്ഥരും ചേർന്ന് ഗൂഢാലോചന നടത്തി തെറ്റായ ആസ്തി രേഖകൾ സമർപ്പിച്ച് വായ്പകൾ കൈപ്പറ്റി സ്ഥാപനത്തെ വഞ്ചിച്ചു എന്നാണ് എൽ.ഐ.സി.എച്ച്.എഫ്.എൽ ആരോപിക്കുന്നത്.