തിരുവനന്തപുരം: സംസ്ഥാനത്തെ തരിശുനിലങ്ങൾ ശാസ്ത്രീയമായി കണ്ടെത്തി കൃഷിയോഗ്യമാക്കി ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പാടം പൂക്കും കാലം' തരിശുനെൽകൃഷിയുടെ വിത്തുത്സവം, കിസാൻ മേള, കിസാൻ ഗോഷ്ഠി എന്നീ പരിപാടികളുടെ സംയുക്ത ഉദ്ഘാടനം കാട്ടായിക്കോണം കുനയിൽ ക്ഷേത്രാങ്കണത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് രണ്ടുമാസത്തിനുള്ളിൽ മുഴുവൻ തരിശുനിലങ്ങളുടെയും മാപ്പിങ് പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തുടർന്ന് ജലസേചന സൗകര്യങ്ങൾ ഉറപ്പുവരുത്തി എല്ലാ അനുയോജ്യമായ തരിശുനിലങ്ങളിലും കൃഷി വ്യാപിപ്പിക്കും. പരമ്പരാഗത കൃഷിരീതികളിൽ ഒതുങ്ങാതെ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കാർഷികമേഖലയെ കൂടുതൽ ശക്തിപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പരിശോധിച്ച 1,258 ഭക്ഷ്യവിള സാമ്പിളുകളിൽ 52 എണ്ണത്തിൽ അനുവദനീയ പരിധിയിലധികം കീടനാശിനി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കണമെങ്കിൽ സുരക്ഷിത ഭക്ഷ്യോൽപാദനത്തിനായി കൂടുതൽ പേർ കൃഷിയിലേക്ക് കടന്നുവരേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞു. കിസാൻ മേള പോലുള്ള വേദികൾ ഭക്ഷ്യസ്വയംപര്യാപ്തതയിലേക്കുമുള്ള സർക്കാരിന്റെ മുന്നേറ്റങ്ങൾക്ക് കരുത്തേകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 500 സ്കൂളുകളിൽ 'കതിർ കാർഷിക ക്ലബ്ബുകൾ' ആരംഭിക്കുമെന്നും വനിതകളെ കൂടുതൽ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനായി 'കൃഷിസഖി' പദ്ധതി നടപ്പാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി കർഷകർക്ക് ഗുണമേന്മയുള്ള നെൽവിത്തുകൾ വിതരണം ചെയ്തു. കൂടാതെ എഫ്.പി.ഒ., കൃഷിക്കൂട്ടങ്ങൾ, അഗ്രോ സർവീസ് സെന്ററുകൾ എന്നിവയുടെ പ്രദർശന-വിപണന സ്റ്റാളുകൾ, കർഷക സെമിനാറുകൾ, കർഷക-ശാസ്ത്രജ്ഞ മുഖാമുഖം എന്നിവയും സംഘടിപ്പിച്ചു. കാർഷിക മേഖലയിലെ പുതിയ സാങ്കേതികവിദ്യകളും മൂല്യവർധിത സാധ്യതകളും കർഷകർക്ക് പരിചയപ്പെടുത്തുന്ന വിവിധ സെഷനുകൾ പരിപാടിയുടെ ഭാഗമായി നടന്നു.
പരിപാടിയിൽ കതിർ കാർഷിക ക്ലബ്ബ് അംഗങ്ങൾ, കൃഷിക്കൂട്ടം അംഗങ്ങൾ, മാതൃകാ കർഷകർ, കൃഷി ഉദ്യോഗസ്ഥർ എന്നിവരെ ആദരിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ് അധ്യക്ഷത വഹിച്ചു. കഴക്കൂട്ടം എംഎൽഎ. വി. മുരളീധരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ വി., കൃഷി ഡെപ്യൂട്ടി ഡയറക്ടർ പ്രേമവല്ലി എം, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ അജിത എസ്.ആർ, മോളി.ബി, പോത്തൻകോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെർപേഴ്സൺ ബേബി ശാലിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ ജനപ്രതിനിധികൾ, കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Kerala government launches a major initiative to map and cultivate fallow lands for food security.
Published: 29 Jul 2026, 01:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented