മുംബൈ: ബാബറി മസ്ജിദ് തകർക്കാൻപാടില്ലായിരുന്നുവെന്ന് പറയുന്നത് ദേശവിരുദ്ധമല്ലെന്ന് നിരീക്ഷിച്ചുകൊണ്ട് സോഷ്യൽ ഡെമക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്.ഡി.പി.ഐ.) രണ്ട് ഭാരവാഹികളെ മുംബൈയിൽനിന്ന് നാടുകടത്താനുള്ള സിറ്റി പോലീസിന്റെ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. ഫിറോസ് അബ്ദുൾ വഹാബ് ഖാൻ, മുഹമ്മദ് റഫീഖ് ഗുലാം റസൂൽ അൻസാരി എന്നിവരെ നാടുകടത്താനുള്ള ഉത്തരവാണ് റദ്ദാക്കിയത്.

To advertise here,

പോലീസ് നടപടിയെ ഹർജിക്കാരുടെ മതം സ്വാധീനിച്ചതാണെന്ന് തോന്നുന്നുവെന്ന് ജസ്റ്റിസ് മാധവ് ജംദാറിന്റെ സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. 2025 ഡിസംബറിൽ മുംബൈ പോലീസ് ഇരുവരെയും ഒരുവർഷത്തേക്ക് മുംബൈയിൽ താമസിക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വഖഫ് ബിൽ, സിമന്റ് ഗോഡൗണുകൾ മൂലമുണ്ടാകുന്ന വായുമലിനീകരണം, ബാബറി മസ്ജിദ് പ്രശ്നം എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് രജിസ്റ്റർചെയ്ത മൂന്ന് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.

മറ്റ് രാഷ്ട്രീയപ്പാർട്ടികളിലെ പ്രവർത്തകരും ഇതേ പ്രകടനങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും അവർക്കെതിരേ ഇത്തരത്തിലുള്ള നടപടി ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എഫ്.ഐ.ആറുകളിൽ വ്യക്തികൾക്കോ പൊതുസ്വത്തിനോ നാശനഷ്ടങ്ങൾ സംഭവിച്ചതായി സൂചനയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മൗലികാവകാശങ്ങൾ പരിമിതപ്പെടുത്താൻ കഴിയില്ലെന്നും കോടതി കൂട്ടിച്ചേർത്തു.