ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ട ഉത്തരവ് ശരിവച്ച സുപ്രീം കോടതി വിധിക്കെതിരായ പുനഃപരിശോധന ഹർജി തള്ളി. ജസ്റ്റിസ് മാരായ ജെ.ബി. പാർഡിവാല, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ച് ചേമ്പറിൽ പരിഗണിച്ച ശേഷമാണ് പുനഃപരിശോധന ഹർജി തള്ളിയത്. പരാതിക്കാരിയായ വനംവകുപ്പ് മുൻ ചീഫ് കൺസർവേറ്ററാണ് സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി ഫയൽ ചെയ്തിരുന്നത്.

To advertise here,

1999-ലാണ് വനംവകുപ്പിലെ മുൻ ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാർക്കെതിരെ ലൈംഗികാതിക്രമക്കേസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. 2002 ഫെബ്രുവരിയിലാണ് നാടാർക്ക് എതിരെ പരാതി നൽകിയിരുന്നത്. കേസിന്റെ തുടക്കത്തിൽ വിചാരണ കോടതി നീലലോഹിതദാസൻ നാടാറെ കുറ്റക്കാരനായി കണ്ടെത്തുകയും ഒരു വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഈ വിധിക്കെതിരെ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടു. ഹൈക്കോടതിയുടെ ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്. ജനുവരിയിൽ ജസ്റ്റിസ് മാരായ ജെ ബി പാർഡിവാല, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ച് ഹർജി തള്ളി. ഇതിന് എതിരെയാണ് പുനഃപരിശോധന ഹർജി ഫയൽ ചെയ്തിരുന്നത്.