ന്യൂഡൽഹി: കേരളത്തിലെ പോലീസ് സംഘടനകളുടെ പുനഃസംഘടന ശരിവച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മൂന്ന് സംഘടനകളെ രണ്ടായി ചുരുക്കിയ നടപടിയെ ജസ്റ്റിസ് ബി.വി. നാഗരത്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വിമർശിച്ചു. ജനാധിപത്യം ഉറപ്പാക്കാൻ മൂന്ന് സംഘടനകളാണ് നല്ലതെന്ന് കോടതി നിരീക്ഷിച്ചു.
സംഘനകളുടെ എണ്ണം രണ്ടായി കുറച്ചാൽ സംഘടനകൾ സല്യൂട്ട് സംഘടനയായി മാറുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേചെയ്ത സാഹചര്യത്തിൽ അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം അസാധുവാകും.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരേ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ എന്നീ സംഘടനകളുടെ ഭാരവാഹികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംഘടനകൾ രണ്ടായി കുറച്ചതോടെ സംഘടനകൾക്കുള്ളിൽ ജനാധിപത്യം നഷ്ടമാകുമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. ദിനേശും അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനും കോടതിയിൽ ചൂണ്ടിക്കാട്ടി. ജൂനിയർ ഉദ്യോഗസ്ഥർക്ക് മേലധികാരികൾക്കുമുന്നിൽ നിഷ്പക്ഷമായി അഭിപ്രായം പറയാൻ കഴിയില്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
ഈ വാദത്തോട് യോജിച്ചുകൊണ്ടാണ് മൂന്ന് സംഘടനകളാണ് നല്ലതെന്ന അഭിപ്രായം ജസ്റ്റിസ് ബി.വി. നാഗരത്ന പങ്കുവെച്ചത്. 2025-ൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മിറ്റിയെ അവരുടെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ചുകൂടേയെന്നും കോടതി ആരാഞ്ഞു. എന്നാൽ, വേണ്ടത്ര കൂടിയാലോചന നടത്തിയശേഷമാണ് പുനഃക്രമീകരണം സംബന്ധിച്ച തീരുമാനമെടുത്തതെന്ന് സംസ്ഥാനസർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ഗിരിയും അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മുഹമ്മദ് ഷായും കോടതിയിൽ വാദിച്ചു.
പിരിച്ചുവിട്ട കമ്മിറ്റിയെ പുനഃസ്ഥാപിക്കുന്നതിനെ ഇരുവരും ശക്തമായി കോടതിയിൽ എതിർത്തു. അഡ്‌ഹോക് കമ്മിറ്റിക്കുവേണ്ടി സീനിയർ അഭിഭാഷകൻ ഷാജി പി. ചാലി ഹാജരായി.
'മുഖ്യമന്ത്രിയുടെ ഗൺമാനാണ് പോലീസ് ഭരിക്കുന്നത്' ഹർജിക്കാർ സുപ്രീംകോടതിയിൽ
കേരള പോലീസിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗൺമാനാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. ദിനേശ് കോടതിയിൽ ആരോപിച്ചു. എന്നാൽ, ഗൺമാന്റെ പേര് അദ്ദേഹം കോടതിയിൽ പറഞ്ഞില്ല.
അജിത്, സുഗുണൻ തുടങ്ങിയവർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പുനഃക്രമീകരണം നടത്തിയതെന്നും ഹർജിക്കാർ കോടതിയിൽ ആരോപിച്ചു. നേരത്തേ നടന്ന തിരഞ്ഞെടുപ്പിൽ ഇവർ ഉൾപ്പെടെ മത്സരിച്ച് പരാജയപ്പെട്ടു. ഇവരെയാണ് ഇപ്പോൾ അഡ്‌ഹോക് കമ്മിറ്റിയായി നിയമിച്ചതെന്നും ഹർജിക്കാർ കോടതിയിൽ ആരോപിച്ചു.
പുനഃക്രമീകരണം നടത്തുന്നതിനുമുൻപ് നടത്തിയ ചർച്ചകൾ ഉൾപ്പെടെയുള്ളവയുടെ രേഖകൾ ഹാജരാക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. ജനുവരിയിൽ കേസ് വീണ്ടും പരിഗണിക്കും. ഇനി ഒരുത്തരവുണ്ടാവുന്നതുവരെ സ്റ്റേ നിലനിൽക്കുമെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സഞ്ജീവ് സച്‌ദേവ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
Content Highlights: Supreme Court stayed the Kerala High Court division bench order that upheld the police associations' reorganization.
Published: 23 Nov 2026, 02:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented