ന്യൂഡൽഹി: മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്ത ബിഹാർ സെഷൻസ് ജഡ്ജിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. നിയമം കൃത്യമായി മനസ്സിലാക്കാതെ 'ബാഹുബലി'യെപ്പോലെ പെരുമാറരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.
കോടതി ഉത്തരവുണ്ടായിട്ടും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തില്ലെന്ന കാരണത്താൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയും പിഴചുമത്തുകയും ചെയ്ത നടപടിയിലാണ് കീഴ്ക്കോടതി ജഡ്ജിയെ സുപ്രീം കോടതി ചോദ്യംചെയ്തത്. ജഡ്ജിയുടെ നിയമ വിജ്ഞാനത്തെയും കോടതിമുറിയിലെ പെരുമാറ്റത്തെയും സുപ്രീം കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു.
‘നിയമത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ വളരെ നിരാശാജനകമാണ്. ഒരു പോലീസ് സൂപ്രണ്ടിനെ സമൻസ് അയച്ച് വിളിപ്പിച്ചുവരുത്തി അതേ ദിവസംതന്നെ ശിക്ഷിച്ച നിങ്ങളുടെ രീതി ആശങ്കാജനകമാണ്’ എന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി വ്യക്തമാക്കി. തുടർന്ന്, കക്ഷിക്കാരനോട് 'ബാഹുബലി'യെപ്പോലെ പെരുമാറുന്നത് നിർത്താൻ ആവശ്യപ്പെടാൻ അഭിഭാഷകനോട് കോടതി നിർദ്ദേശിക്കുകയായിരുന്നു.
ഒരു കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സെഷൻസ് ജഡ്ജി മുമ്പ് ഉത്തരവിട്ടിരുന്നുവെങ്കിലും അത് നടപ്പിലാക്കാതിരുന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. എഫ്.ഐ.ആർ ഇടാത്തതിനെ കോടതിക്കെതിരായ കുറ്റമായി കണക്കാക്കിയ ജഡ്ജി, പോലീസ് ഉദ്യോഗസ്ഥന് പിഴയും ശിക്ഷയും വിധിക്കുകയായിരുന്നു. ജില്ലാ മജിസ്ട്രേറ്റിനെയും പോലീസ് സൂപ്രണ്ടിനെയും കോടതിമുറിയിലേക്ക് വിളിച്ചുവരുത്താനും, അവർ ഹാജരാകാതിരുന്നത് 'കോടതിക്ക് മുന്നിൽ വെച്ച് നടന്ന കുറ്റകൃത്യമായി' കണക്കാക്കി അതേദിവസംതന്നെ മുതിർന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കാനും ജഡ്ജിക്ക് എന്തധികാരമാണുള്ളതെന്ന് സുപ്രീം കോടതി ആരാഞ്ഞു.
കോടതി അലക്ഷ്യത്തിന്റെയും 'കോടതിക്ക് മുന്നിൽവെച്ച് നടക്കുന്ന കുറ്റകൃത്യത്തിന്റെയും' നിയമപരമായ പരിധി ജഡ്ജി ആദ്യം മനസ്സിലാക്കണമെന്ന് ബി.എൻ.എസ്.എസ് സെക്ഷൻ 384, സി.ആർ.പി.സി സെക്ഷൻ 345 എന്നിവ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി. കോടതിമുറിക്കുള്ളിൽവെച്ച് ആരെങ്കിലും മറ്റൊരാളെ തല്ലുകയോ, അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയോ, കോടതി ഉത്തരവുണ്ടായിട്ടും ഇറങ്ങിപ്പോകാൻ വിസമ്മതിക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് ഈ വകുപ്പുകൾ പ്രകാരം തൽക്ഷണ നടപടി സ്വീകരിക്കാൻ സാധിക്കുന്നത്.
എന്നാൽ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള കോടതി ഉത്തരവ് പാലിക്കാതിരിക്കുന്നത് ഇതിന്റെ പരിധിയിൽ വരില്ലെന്നും അത്തരം സന്ദർഭങ്ങളിൽ മറ്റ് നിയമപരമായ നടപടിക്രമങ്ങളാണ് സ്വീകരിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Published: 23 Nov 2026, 03:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented