ന്യൂഡൽഹി: അടുത്ത രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ മൂലം ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്‌നങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഇത്തരം വിവാഹങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഉചിതമായ നിയമനിർമ്മാണമോ മറ്റ് നടപടികളോ സ്വീകരിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
വെള്ളിയാഴ്ച ഈ വിഷയം ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു.
'രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ മൂലമുണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ച് ശാസ്ത്രീയമായ അവബോധം വളർത്തുന്നതിനായി, ഉചിതമായ നിയമനിർമ്മാണം പരിഗണിക്കുന്നതിനോ, അല്ലെങ്കിൽ സ്കൂളുകളിലും കോളേജുകളിലും പാഠ്യപദ്ധതി ഉൾപ്പെടെ വിവിധ മാർഗ്ഗങ്ങളിലൂടെ വിപുലമായ പ്രചാരണം ഉറപ്പാക്കുന്നതിനോ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായി നോട്ടീസ് അയക്കും' കോടതി വ്യക്തമാക്കി.
കാഴ്ചപരിമിതിയുള്ള, ബെംഗളൂരു സ്വദേശിയായ നിയമവിദ്യാർത്ഥിനിയാണ് ഹർജിക്കാരി. ഇവരുടെ മാതാപിതാക്കൾ അടുത്ത ബന്ധുക്കളാണ്. തനിക്ക് വന്നിട്ടുള്ള ജനിതക വൈകല്യങ്ങൾക്ക് കാരണം മാതാപിതാക്കളുടെ ഇത്തരത്തിലുള്ള വിവാഹമാണെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു. അത്തരം വിവാഹങ്ങൾ പ്രത്യേകിച്ച് ഈ ആചാരം നിലനിൽക്കുന്ന സമുദായങ്ങളിൽ തടയുന്നതിന് ജുഡീഷ്യലായും സർക്കാർ തലത്തിലുമുള്ള ഇടപെടലുകൾ വേണമെന്നാണ് ഹർജിയിലെ ആവശ്യം.
'ഇത് നമ്മളെല്ലാവരെയും സംബന്ധിച്ച് തീർച്ചയായും ആശങ്കപ്പെടുത്തുന്ന ഒരു വിഷയമാണ്' എന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു. വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ജുഡീഷ്യൽ സംവിധാനത്തിന് കഴിയില്ലെന്ന് ഇതിനിടെ ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു. എന്നാൽ അവബോധം നൽകുന്നതിന്റെ പ്രാധാന്യം അദ്ദേഹം അംഗീകരിക്കുകയും ചെയ്തു.
സാമൂഹിക പരിഷ്കരണ നിയമങ്ങളിലൂടെ, രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹമെന്ന ആചാരപരമായ രീതിയെ പുനഃപരിശോധിക്കുന്നത് നിയമനിർമ്മാണ സഭയുടെമാത്രം അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും തങ്ങൾ ആ മേഖലയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
അത്തരം വിവാഹങ്ങൾ ഗ്രാമീണ സമൂഹങ്ങളിൽ വ്യാപകമാണെന്നും, കുട്ടികളിൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ആളുകൾ പലപ്പോഴും ബോധവാന്മാരല്ലെന്നും ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു. ചില തെക്കൻ സംസ്ഥാനങ്ങളിൽ ഇത്തരം വിവാഹങ്ങളുടെ നിരക്ക് 28 ശതമാനം വരെയാണെന്നും ചൂണ്ടിക്കാട്ടപ്പെട്ടു.
അങ്കണവാടി പ്രവർത്തകരെയും പഞ്ചായത്തുകളെയും ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നിർദ്ദേശിച്ചു. ഹർജിക്ക് പിന്നിൽ പ്രവർത്തിച്ച കാഴ്ചശക്തി പരിമിതയായ നിയമ വിദ്യാർത്ഥിനിയുടെ ശ്രമങ്ങളെ കോടതി അഭിനന്ദിക്കുകയും ചെയ്തു. 'ഈ പെൺകുട്ടിയോട് ഞങ്ങൾക്ക് പൂർണ്ണ സഹാനുഭൂതിയുണ്ട്, ഈ ദൗത്യം ഏറ്റെടുത്തതിന് നന്ദി' ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു.
Content Highlights: Supreme Court expressed concern over health risks of marriages between blood relatives., Court issued notice to the Central Government to consider legislation or awareness campaigns., A visually impaired law student filed the petition citing her own genetic disorders., Court suggested utilizing Anganwadi workers, panchayats, and school curricula for awareness.
Published: 23 Nov 2026, 08:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented