
ഡല്‍ഹി: സഹകരണ കരാര്‍ സ്ഥാപനം എന്ന നിലയില്‍ കാഴ്ചവച്ച മികച്ച പ്രകടനത്തിന് 2023-ലെ 'നാഷണല്‍ ഹൈവേസ് എക്‌സലന്‍സ് അവാര്‍ഡ്' ഊരാളുങ്കല്‍ സൊസൈറ്റിക്ക്. റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഡല്‍ഹിയില്‍ ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് അവാര്‍ഡ് സമ്മാനിച്ചത്. സൊസൈറ്റിയുടെ ചീഫ് പ്രൊജക്റ്റ് മാനേജര്‍ ടി.കെ. കിഷോര്‍ കുമാറും മാനേജര്‍ എം.വി. സുമേഷും അവാര്‍ഡ് ഏറ്റുവാങ്ങി. സഹമന്ത്രിമാരായ ഹര്‍ഷ് മല്‍ഹോത്ര, അജയ് തംത, സെക്രട്ടറി വി. ഉമാശങ്കര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
'ഗുണമേന്മയിലും സുതാര്യതയിലും സാമൂഹിക ഉത്തരവാദിത്വത്തിലും പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയ്ക്ക് ദേശീയപുരസ്‌ക്കാരങ്ങള്‍ ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ നേടിയ ഊരാളുങ്കല്‍ സൊസൈറ്റിയുടെ നൂറുവര്‍ഷത്തെ ജൈത്രയാത്രയെ' പ്രകീര്‍ത്തിച്ചാണ് പുരസ്‌ക്കാരം. സംസ്ഥാനത്ത് 20-ല്‍പ്പരം റീച്ചുകളിലായി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയില്‍ രാജ്യത്തെ മുന്‍നിര നിര്‍മാണ സ്ഥാപനങ്ങളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചതാണ് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിന് സൊസൈറ്റിയെ പ്രാപ്തമാക്കിയത്.
സമയക്ലിപ്തത, ഗുണമേന്മ, തൊഴില്‍നൈപുണ്യം, പ്രൊജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള സൊസൈറ്റിയുടെ സമര്‍പ്പണവും അസാമാന്യവൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് അംഗീകാരം. മികച്ച പ്രകടനം കാഴ്ചവച്ചതിന് 2024 ഏപ്രിലില്‍ ദേശീയപാതാ അതോറിറ്റിയുടെ (N-HAI) 'ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്‌കാര'വും സൊസൈറ്റിക്ക് ലഭിച്ചിരുന്നു. എന്‍എച്ച്എഐ ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവാണ് ആ പുരസ്‌ക്കാരം ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിക്ക് സമ്മാനിച്ചത്.
ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മ്മിക്കുന്ന തലപ്പാടി-ചെങ്കള 39 കിലോമീറ്റര്‍ റീച്ചാണ് ഭാരത് മാല പദ്ധതിയില്‍ കേരളത്തില്‍ നടക്കുന്ന പ്രവൃത്തികളില്‍ ആദ്യം പൂര്‍ത്തിയായാകാന്‍ പോകുന്നത്. നിര്‍മാണം 90 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ പദ്ധതിയില്‍ സംസ്ഥാനത്തെ ബാക്കി റീച്ചുകള്‍ രാജ്യത്തെ വമ്പന്‍ നിര്‍മാണക്കമ്പനികളാണ് നിര്‍മിക്കുന്നത്. അവയെക്കാള്‍ വേഗത്തിലും ഗുണനിലവാരത്തിലും നിര്‍മാണം പൂര്‍ത്തിയാകുന്നത് സൊസൈറ്റി ചെയ്യുന്ന റീച്ചാണ്. ഗതാഗതത്തിനും നാട്ടുകാര്‍ക്കും ബുദ്ധിമുട്ട് ഏറ്റവും കുറയ്ക്കുന്ന രീതിയിലുള്ള ആസൂത്രണവും ദേശീയപാതാ അതോറിറ്റി പരിഗണിച്ചിട്ടുണ്ട്.
അഹമ്മദബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ്, ഹൈദരാബദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേഘ, കെഎന്‍ആര്‍ ഗ്രൂപ്പുകള്‍ എന്നിവയുമായി രാജ്യാന്തര ടെന്‍ഡറില്‍ മത്സരിച്ചാണ് സംസ്ഥാന അതിര്‍ത്തിയില്‍നിന്നുള്ള ഈ ആദ്യറീച്ചിന്റെ കരാര്‍ 1704.125 കോടി രൂപയ്ക്ക് ഊരാളുങ്കല്‍ സൊസൈറ്റി സ്വന്തമാക്കിയത്. അദാനി ഗ്രൂപ്പ് 1836.49 കോടിയും മേഘ ഗ്രൂപ്പ് 1965.99 കോടിയും കെഎന്‍ആര്‍ ഗ്രൂപ്പ് 2199.00 കോടിയും രൂപയാണു ക്വോട്ട് ചെയ്തത്. സൊസൈറ്റി ക്വോട്ട് ചെയ്ത തുകയും തൊട്ടുമുകളിലുള്ള ടെന്‍ഡറും തമ്മിലുള്ള വ്യത്യാസം 132 കോടി രൂപയായിരുന്നു.
Content Highlights: national highways excellence award 2025 for uralunkal society awarded by nitin gadkari
Published: 16 Apr 2025, 11:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented