കേരളത്തിലെ ദേശീയ പാതകളിൽ വാഹനാപകടങ്ങൾ വർധിപ്പിക്കുകയാണ്. തൃശ്ശൂർ കൈപ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി തമിഴ്‌നാട് സ്വദേശികളായ എട്ട് എൻജിനിയറിങ് വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. അപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ യോഗം ചർച്ചചെയ്യും. അതിനിടെ, കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി നടപ്പാക്കാനൊരുങ്ങുന്ന വെഹിക്കിൾ-ടു-വെഹിക്കിൾ അഥവാ V2V കമ്മ്യൂണിക്കേഷൻ സംവിധാനം വീണ്ടും ചർച്ചയാകുകയാണ്. അപകടങ്ങളെക്കുറിച്ചും റോഡിലെ തടസ്സങ്ങളെക്കുറിച്ചും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതാണ് ഈ സംവിധാനം.

To advertise here,

കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ ഭേദഗതി വരുത്തി V2V കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര റോഡ് ഗതാഗത - ഹൈവേ മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. അടുത്തടുത്തുള്ള വാഹനങ്ങൾക്ക് തത്സമയം വിവരങ്ങൾ പരസ്പരം കൈമാറാൻ സാധിക്കുന്നതാണ് V2V സംവിധാനം. അപകടകരമായ സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കാൻ ഡ്രൈവർമാരെയും വാഹനത്തിലെ സുരക്ഷാ സംവിധാനങ്ങളെയും ഇത് സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വാഹനങ്ങൾ എങ്ങനെ പരസ്പരം ആശയവിനിമയം നടത്തും?

ഹൈവേയിലൂടെ കാറിൽ സഞ്ചരിക്കുമ്പോൾ മുന്നിലുള്ള ഒരു കാർ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നു എന്ന് കരുതുക. മുന്നിൽ മറ്റൊരു ലോറി ഉള്ളതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്ക് കാണാൻ കഴിയണമെന്നില്ല. V2V സംവിധാനത്തിലൂടെ ബ്രേക്ക് ചെയ്യുന്ന വാഹനത്തിന് അടുത്തുള്ള വാഹനങ്ങളിലേക്ക് മുന്നറിയിപ്പ് കൈമാറാൻ സാധിക്കും. അങ്ങനെ അപകടം ഉണ്ടാകാനിടയുള്ള സാഹചര്യം ഡ്രൈവറുടെ കണ്ണിൽ പെടുന്നതിന് മുൻപ് തന്നെ കാറിന് മുന്നറിയിപ്പ് ലഭിക്കും.

വേഗത, വാഹനത്തിന്റെ സ്ഥാനം, സഞ്ചരിക്കുന്ന ദിശ, വേഗതയിലെ മാറ്റങ്ങൾ, പെട്ടെന്നുള്ള ബ്രേക്കിംഗ് അല്ലെങ്കിൽ വേഗത കുറയ്ക്കൽ എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം V2V സംവിധാനം ഘടിപ്പിച്ച വാഹനങ്ങൾക്ക് പരസ്പരം കൈമാറാൻ കഴിയും. ഈ വിവരങ്ങൾ ഉപയോഗിച്ച് ഡ്രൈവർമാർക്കോ വാഹന സംവിധാനങ്ങൾക്കോ മുൻകൂട്ടി മുന്നറിയിപ്പുകൾ നൽകാൻ സാധിക്കും.

വാഹനത്തിന് മുന്നിൽ ഒരു കൂട്ടിയിടി നടക്കാൻ സാധ്യതയുള്ളപ്പോഴും, സുരക്ഷിതമല്ലാത്ത രീതിയിൽ വാഹനം ലെയ്ൻ മാറുമ്പോഴും, എതിർദിശയിൽ വാഹനം വരുമ്പോഴും, ആംബുലൻസ്, ഫയർ എഞ്ചിൻ അല്ലെങ്കിൽ മറ്റ് അത്യാഹിത വാഹനങ്ങൾ അടുത്തുവരുമ്പോഴുമെല്ലാം ഇത്തരത്തിൽ മുന്നറിയിപ്പ് ലഭിക്കും. എമർജൻസി ബ്രേക്ക് അലേർട്ട്, ഫോർവേഡ് കൊളിഷൻ വാണിങ്, റോങ്-വേ ഡ്രൈവിങ് അലേർട്ട്, എമർജൻസി വെഹിക്കിൾ അലേർട്ട് തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്.

V2V എപ്പോൾ പ്രാബല്യത്തിൽവരും?

പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2027 ഒക്ടോബർ 1 മുതലോ അതിനുശേഷമോ നിർമ്മിക്കുന്ന L, M, N വിഭാഗങ്ങളിലെ വാഹനങ്ങളിൽ V2V കമ്മ്യൂണിക്കേഷൻ സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ അവ AIS-230 മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. ഈ ഘട്ടത്തിൽ സിസ്റ്റം നിർബന്ധമാക്കിയിട്ടില്ല. 2028 ഒക്ടോബർ 1 മുതൽ നിർമ്മിക്കുന്ന L, M, N വിഭാഗങ്ങളിലെ വാഹനങ്ങളിൽ AIS-230 മാനദണ്ഡങ്ങൾ പാലിക്കുന്ന V2V കമ്മ്യൂണിക്കേഷൻ സിസ്റ്റം ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്.

ഇതിൽ ഉൾപ്പെടുന്ന വാഹങ്ങൾ:

  • L വിഭാഗം: ഇരുചക്ര, മൂന്ന് ചക്ര വാഹനങ്ങൾ
  • M വിഭാഗം: കാറുകളും ബസുകളും ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങൾ
  • N വിഭാഗം: ട്രക്കുകൾ ഉൾപ്പെടെയുള്ള ചരക്ക് വാഹനങ്ങൾ

എങ്ങനെ സുരക്ഷ വർധിക്കും?

നിലവിലെ വാഹന സുരക്ഷാ സംവിധാനങ്ങൾ പ്രധാനമായും ക്യാമറകൾ, റഡാർ, മറ്റ് സെൻസറുകൾ, ഡ്രൈവറുടെ പ്രതികരണം എന്നിവയെയാണ് ആശ്രയിക്കുന്നത്. അത്തരം സംവിധാനങ്ങൾക്ക് അവയുടെ സെൻസിങ് പരിധിക്കുള്ളിലും നേർരേഖയിലുമുള്ള അപകടങ്ങൾ മാത്രമേ കണ്ടെത്താൻ കഴിയൂ. ഒരു വളവിന് അപ്പുറത്തോ വലിയ ട്രക്കിനോ ബസിനോ പിന്നിലോ ഉള്ള അപകടങ്ങൾ അവയ്ക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞെന്നുവരില്ല. V2V കമ്മ്യൂണിക്കേഷന് സമീപത്തുള്ള വാഹനങ്ങളിൽ നിന്ന് നേരിട്ട് വിവരങ്ങൾ സ്വീകരിക്കാൻ കഴിയും. അതുവഴി ഡ്രൈവർക്കോ സെൻസറുകൾക്കോ ഇതുവരെ കാണാൻ കഴിയാത്ത അപകടങ്ങളെ മുൻകൂട്ടി കണ്ടെത്താൻ സാധിക്കും.

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്ന സംവിധാനത്തോടൊപ്പം പ്രവർത്തിക്കാനും, അപകടങ്ങൾ മുൻകൂട്ടി തടയാനും, കണക്ടഡ് മൊബിലിറ്റിക്കും ഭാവിയിലെ ഇന്റലിജന്റ്-ട്രാൻസ്‌പോർട്ട് ആപ്ലിക്കേഷനുകൾക്കും ഈ സാങ്കേതികവിദ്യ കരുത്തേകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.