ഇരുചക്ര വാഹനം ഉപയോഗിക്കുന്ന പലരും പുക പരിശോധന അത്ര കാര്യമായി എടുക്കാറില്ല. പിടിക്കപ്പെട്ടാൽ പിഴയടച്ച് രക്ഷപ്പെടാം എന്ന കണക്കുടൂട്ടലിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ ഓടിച്ചു നടക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി അത് നടക്കണമെന്നില്ല.

To advertise here,

മലിനീകരണം നിയന്ത്രിക്കാൻ പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര റോഡ് ഗതാഗത - ഹൈവേ മന്ത്രാലയം. പുതിയ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ മലിനീകരണത്തിന്റെ പരിധി കടന്നാൽ ഇരുചക്ര വാഹനത്തിന്റെ കരുത്തോ വേഗതയോ പരിമിതപ്പെടും. ഇതോടെ റൈഡർക്ക് വാഹനം സാധാരണ രീതിയിൽ ഉപയോഗിക്കാൻ കഴിയാതെവരും. വാഹനം ഒരു വർക്ക്ഷോപ്പിൽ എത്തിക്കാൻ റൈഡർ നിർബന്ധിതനാകും.

ഭാരത് സ്റ്റേജ്-VI (BS6) മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തിൽ നിശ്ചയിച്ചിട്ടുള്ള പരിധിക്കപ്പുറം മലിനീകരണം വർധിച്ചാൽ വാഹനം 'ലിംപ്-ഹോം മോഡിലേക്ക്' (limp-home mode) മാറ്റുന്ന സംവിധാനമാണ് കേന്ദ്രം പരിഗണിക്കുന്നതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്യുന്നു. പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് കേന്ദ്ര റോഡ് ഗതാഗത- ഹൈവേ മന്ത്രാലയം (MoRTH) ഇരുചക്ര വാഹന നിർമാതാക്കൾ അടക്കമുള്ളവരുമായി ചർച്ച ചെയ്തുവരികയാണ്.

വാഹനത്തിൽ ഘടിപ്പിക്കുന്ന ഓൺ-ബോർഡ് ഡയഗ്‌നോസ്റ്റിക്‌സ് (OBD) സംവിധാനമായിരിക്കും മലിനീകരണ നിയന്ത്രണ ഘടകങ്ങളിലെ തകരാറുകൾ കണ്ടെത്തുകയും, മലിനീകരണ തോത് അനുവദനീയമായ പരിധി കവിഞ്ഞാൽ റൈഡറെ മുന്നറിയിപ്പ് നൽകുകയും തുടർന്ന് വേഗതയടക്കം നിയന്ത്രിക്കുകയും ചെയ്യുക.

അതിനിടെ BS7 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ മാത്രം 'ഫോഴ്‌സ് റിപ്പയർ' സംവിധാനം നടപ്പിലാക്കിയാൽ മതിയെന്നാണ് വാഹന നിർമാതാക്കളുടെ സംഘടനയായ സിയാം അഭിപ്രായപ്പെടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പുതിയ സംവിധാനം നടപ്പിലാക്കാൻ വൻതോതിലുള്ള നവീകരണ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അവർ വ്യക്തമാക്കുന്നു. എന്നാൽ ഈ ആവശ്യം MoRTH തള്ളി എന്നാണ് പുറത്തുവരുന്ന വിവരം. ഈ വ്യവസ്ഥ BS6 OBD-II ചട്ടക്കൂടിന്റെ ഭാഗമാാണെന്നും BS7- നടപ്പാക്കുന്ന ഘട്ടത്തിലേക്ക് നീട്ടി വെക്കാനാകില്ലെന്നുമാണ് കേന്ദ്രം മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.

നിലവിൽ BS6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്. 2027 മുതൽ രാജ്യം BS7-ലേക്ക് മാറിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കൂടുതൽ കർശനമായ മലിനീകരണ നിയന്ത്രണങ്ങളും തത്സമയ നിരീക്ഷണ സംവിധാനങ്ങളും നിലവിൽ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.