
മുംബൈ: സംഗീതപരിപാടിക്കിടെ അമിതമായ അളവിൽ ലഹരിമരുന്ന് ഉപയോഗിച്ച് രണ്ട് എംബിഎ വിദ്യാർഥികൾ മരിച്ചു. 24 വയസ്സുള്ള പെൺകുട്ടിയും 28 വയസ്സുകാരനുമാണ് മരിച്ചത്. ഇവർക്കൊപ്പം ലഹരിമരുന്ന് ഉപയോഗിച്ച 25-കാരിയായ മറ്റൊരു വിദ്യാർഥിനിയുടെ നില ഗുരുതരമാണ്.
മുംബൈയിലെ നെസ്‌കോ സെന്ററിൽ ഏപ്രിൽ 11-ന് നടന്ന സംഗീതപരിപാടിക്കിടെയാണ് സംഭവം. ഏകദേശം നാലായിരത്തോളം പേർ പങ്കെടുത്ത സംഗീതപരിപാടിയായിരുന്നു ഇത്. രണ്ടായിരം രൂപയായിരുന്നു പ്രവേശന ഫീസ്. പരിപാടിക്കെത്തിയ ചിലർ ഇവിടെവെച്ച് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഇതിനിടെയാണ് അർധരാത്രി 12 മണിയോടെ മൂന്ന് എംബിഎ വിദ്യാർഥികൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കടുത്ത ശ്വാസതടസ്സം ഉൾപ്പെടെ അനുഭവപ്പെട്ട മൂവരെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേർ മരിച്ചെന്നും പോലീസ് പറഞ്ഞു.
അമിതമായ അളവിൽ ലഹരിമരുന്ന് ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, എന്ത് ലഹരിയാണ് ഇവർ ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ല. എംഡിഎംഎ ആയിരിക്കാമെന്നാണ് പോലീസ് നിഗമനം. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.
പരിപാടിക്ക് പോകുന്നതിനിടെ കാറിൽവെച്ച് തന്നെ വിദ്യാർഥികൾ ലഹരിഗുളിക കഴിച്ചിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്നവിവരം. ഇവർ പിന്നീട് സംഗീതപരിപാടി നടക്കുന്ന വേദിയിൽവെച്ചും ലഹരി ഉപയോഗിച്ചു. അമിതമായ അളവിൽ ലഹരി ഉള്ളിൽച്ചെന്നതോടെയാണ് വിദ്യാർഥികൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നും പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് ലഹരിമരുന്ന് വിതരണംചെയ്തയാളെ പോലീസ് അറസ്റ്റ്‌ചെയ്തിട്ടുണ്ട്. ഇയാളിൽനിന്ന് ലഹരിഗുളികകളും പിടിച്ചെടുത്തു. മുംബൈയ്ക്ക് പുറത്തുനിന്നാണ് ഇയാൾ ലഹരി എത്തിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തൽ. അതിനിടെ, പരിപാടിയുടെ സംഘാടകരായ ചിലരും പോലീസിന്റെ കസ്റ്റഡിയിലാണ്. പരിപാടിയുടെ സുരക്ഷാച്ചുമതല വഹിച്ചിരുന്നയാളെയും വിദ്യാർഥികളുടെ സഹപാഠികളായ രണ്ടുപേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. അതേസമയം, പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് നെസ്‌കോ സെന്റർ പ്രസ്താവനയിൽ അറിയിച്ചു.
Content Highlights: Two MBA students died from a suspected drug overdose during a 2026 music event., A third student remains in critical condition following the incident at Nesco Center., Police have arrested a drug supplier and are questioning event organizers., Initial investigations suggest the use of illicit substances, potentially MDMA.
Published: 14 Apr 2026, 03:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented