മുംബൈ: പതിറ്റാണ്ടുകൾക്കു മുൻപ് ഒരേ സ്‌കൂളിൽ പഠിച്ച സഹപാഠിയെ വർഷങ്ങൾക്കു ശേഷം നേരിൽക്കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിലെ മിറാ റോഡ് സ്വദേശിയായ 81-കാരൻ അസ്ഗറലി വോറയാണ് ഭൂമിത്തർക്കവുമായി ബന്ധപ്പെട്ട പരാതിയുമായി പ്രധാനമന്ത്രിയെ സമീപിച്ചത്. കേസിൽ കേന്ദ്ര ഏജൻസിയായ സിബിഐയുടെ അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

To advertise here,

ഗുജറാത്തിലെ വദ്‌നഗറിലെ ബി.എൻ. സ്‌കൂളിലാണ് നരേന്ദ്ര മോദിയും വോറയും സഹപാഠികളായി പഠിച്ചതെന്നാണ് റിപ്പോർട്ട്. വർഷങ്ങൾക്കു ശേഷം തന്റെ സഹപാഠിയെ നേരിൽക്കാണാൻ കഴിഞ്ഞ സന്തോഷത്തിനൊപ്പം, താൻ നേരിടുന്ന ഭൂമിത്തർക്കത്തിന് പരിഹാരം കാണണമെന്ന ആവശ്യവും പ്രധാനമന്ത്രിക്ക് മുന്നിൽ വോറ മുന്നോട്ടുവച്ചു.

മിറാ റോഡിലെ ഭയന്ദർ ഈസ്റ്റിൽ സ്ഥിതി ചെയ്യുന്ന 2,810 ചതുരശ്ര മീറ്റർ ഭൂമിയെച്ചൊല്ലിയാണ് തർക്കം. 1989-ൽ രജിസ്റ്റർ ചെയ്ത കരാറിന്റെ അടിസ്ഥാനത്തിൽ ഭൂമി സ്വന്തമാക്കിയതാണെന്നാണ് വോറയുടെ അവകാശവാദം. എന്നാൽ, പിന്നീട് ഭൂമിയിൽ കൈയേറ്റം നടന്നതായും വ്യാജരേഖകൾ ഉപയോഗിച്ച് അവകാശവാദങ്ങൾ ഉന്നയിച്ചതായും അദ്ദേഹം ആരോപിക്കുന്നു. 2011-ൽ സ്വയം ബിൽഡേഴ്‌സും ബിജെപി എംഎൽഎ നരേന്ദ്ര മെഹ്തയുമായി ബന്ധമുള്ള സെവൻ ഇലവൻ കൺസ്ട്രക്ഷൻസുമാണ് ഭൂമി കൈയേറിയത്.

ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൽ 2015-ൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും വിഷയത്തിൽ തനിക്ക് നീതി ലഭിച്ചിട്ടില്ലെന്നാണ് വോറയുടെ പരാതി. കേസുമായി ബന്ധപ്പെട്ട നടപടികൾ നീണ്ടുപോകുന്നതിനാലാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഇടപെടലാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ വിഷയത്തിൽ പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും തുടർനടപടികൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. കേസിൽ സെപ്റ്റംബർ 16-ന് വാദം കേൾക്കൽ നിശ്ചയിച്ചതായാണ് വിവരം. തന്റെ വ്യക്തിപരമായ പരിചയം ഉപയോഗിച്ച് അനുകൂല തീരുമാനം നേടുക എന്നതിലുപരി, വർഷങ്ങളായി തുടരുന്ന ഭൂമിത്തർക്കത്തിൽ കേന്ദ്രതല അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതെന്ന് വോറ പിന്നീട് പറഞ്ഞു.