
കാക്കനാട്: തൃക്കാക്കര ഭാരതമാതാ കോളേജിലെ മോർഫിങ് കേസിൽ ജയിലിൽ കഴിയുന്ന രണ്ടാംവർഷ ബി.ബി.എ. വിദ്യാർഥി എസ്. ശ്രീഹരിയെ വിശദമായ ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം അപേക്ഷ നൽകും.
അപേക്ഷ തിങ്കളാഴ്ചതന്നെ പരിഗണിക്കുമെന്നാണ് കരുതുന്നത്. കസ്റ്റഡിയിൽ ലഭിച്ചാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനൊപ്പം കേസുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പും നടത്തും. പ്രതിയുടെ ഫോണിലും ലാപ്ടോപ്പിലുമുള്ള ഡിജിറ്റൽ തെളിവുകൾ വിശദമായി പരിശോധിക്കുന്നതിനായി സൈബർ സെല്ലിന് കൈമാറും. നിലവിലെ അന്വേഷണത്തിൽ അധ്യാപകരുടെ ചിത്രങ്ങളാണ് ശ്രീഹരി മോർഫ് ചെയ്ത് ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്.
സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല. എന്നാൽ, ചില സഹപാഠികളായ പെൺകുട്ടികളുടെ യഥാർഥ ചിത്രങ്ങൾ മോശമായ സൂചന നൽകുന്ന തരത്തിൽ ടെലിഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിത്രങ്ങൾ കൈമാറിയ രീതിയും ഉപയോഗിച്ച സാങ്കേതിക സംവിധാനങ്ങളും ഉൾപ്പെടെ അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
പണം ലക്ഷ്യമിട്ടോ?
കുറ്റകൃത്യത്തിനുപിന്നിൽ സാമ്പത്തികനേട്ടം ലക്ഷ്യമിട്ടിരുന്നോ എന്നതായിരുന്നു അന്വേഷണത്തിന്റെ പ്രധാന സംശയങ്ങളിലൊന്ന്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. സ്വഭാവ വൈകൃതത്തിൽനിന്ന് ഉരുത്തിരിഞ്ഞ കുറ്റകൃത്യമാകാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം ഇപ്പോൾ.
കുറ്റകൃത്യത്തിന് ഉപയോഗിച്ചിരുന്ന ടെലിഗ്രാം ഗ്രൂപ്പുകൾ പൂർണമായി ഡിലീറ്റ് ചെയ്ത നിലയിലാണ്. ഗ്രൂപ്പുകളിലെ ആശയവിനിമയവും ചിത്രങ്ങളും ഉൾപ്പെടെയുള്ള ഡിജിറ്റൽ വിവരങ്ങൾ വീണ്ടെടുക്കാൻ കഴിയുമോയെന്നതും സൈബർ പരിശോധനയിൽ നിർണായകമാകും. കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ സുഹൃത്തുക്കളെയും കോളേജിലെ പൂർവ വിദ്യാർഥികളെയും ഉൾപ്പെടെ നിരവധിപേരെ പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞു.
തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ സി.കെ. ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Content Highlights: Police to seek five-day custody of accused BBA student S. Srihari., Investigation focuses on morphed teacher photos and Telegram posts., Cyber cell to examine seized digital devices and deleted Telegram groups., No evidence found yet regarding financial motives behind the crime.
Published: 07 Sept 2026, 07:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented