ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലേക്ക്. രാമനവമി ദിവസമായ ഏപ്രിൽ ആറിന് രാമേശ്വരത്തെത്തുന്ന മോദി രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. പുതിയ പാമ്പൻപാലത്തിന്റെ ഉദ്ഘാടനവും അന്നേദിവസം അദ്ദേഹം നിർവഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാമനാഥപുരം ജില്ലയിലെ പാമ്പൻ ദ്വീപിനെയും തീർഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്നതാണ് പുതിയ റെയിൽപ്പാലം. 1914-ൽ പണിത പാമ്പനിലെ ഉരുക്കുപാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായതിനെത്തുടർന്നാണ് സമാന്തരമായി പുതിയ പാലം നിർമിച്ചത്. സമുദ്രനിരപ്പിൽ നിന്ന് ആറു മീറ്റർ ഉയരമുള്ള പുതിയ പാലത്തിന് 2.07 കിലോമീറ്ററാണ് ദൈർഘ്യം. കപ്പലുകൾക്ക് കടന്നുപോകാൻ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ ‘വെർട്ടിക്കൽ ലിഫ്റ്റിങ്’ പാലമാണിത്. 27 മീറ്റർ ഉയരത്തിലേക്കു പൊങ്ങുന്ന ലിഫ്റ്റിങ് സ്പാനിന് 72.5 മീറ്ററാണ് നീളം. ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് ഇതു തുറക്കാൻ മൂന്നു മിനിറ്റും അടയ്ക്കാൻ രണ്ടു മിനിറ്റും മതി.

പഴയ പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം അപകട മുന്നറിയിപ്പിനെത്തുടർന്ന് 2022 ഡിസംബർ 23 മുതൽ നിർത്തിവെച്ചിരിക്കുകയാണ്. രണ്ടുവശത്തേക്കും ചെരിഞ്ഞു പൊങ്ങുന്ന സംവിധാനമായിരുന്നു പഴയ പാലത്തിലേത്.കഴിഞ്ഞ വർഷം അവസാനത്തോടെ പുതിയ റെയിൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഫെബ്രുവരിയിൽ ഉദ്ഘാടനം നടത്താൻ പദ്ധതിയിട്ടിരുന്നുവെങ്കിലും ഉദ്ഘാടനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയായിരുന്നു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഗവർണർ ആർ.എൻ. രവി, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് തമിഴ് മാധ്യമങ്ങളുൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.
Content Highlights: PM Modi to visit Rameshwaram on April 6th to inaugurate the new Pamban bridge
Published: 26 Mar 2025, 05:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented