പ്പൽ വരുമ്പോൾ ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യത്തെ കടൽപ്പാലമായ പാമ്പൻ പാലം രാമജയന്തിദിനമായ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. ഉദ്ഘാടനം ചരിത്രസംഭവമാക്കാനുള്ള ഒരുക്കങ്ങളാണ് രാമേശ്വരത്ത് റെയിൽവേ അധികൃതരും കേന്ദ്രസർക്കാരും ചേർന്ന് നടത്തിയിട്ടുള്ളത്. 

To advertise here,

ചടങ്ങിൽ രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ തീവണ്ടി സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഈ തീവണ്ടി കടന്നുപോയതിനുശേഷം പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തി തീരസംരക്ഷണസേനയുടെ കപ്പൽ അടിയിലൂടെ കടത്തിവിടും. രാമേശ്വരത്തെ വൻകരയുമായി ബന്ധിപ്പിക്കുന്ന പഴയ പാമ്പൻപാലത്തിന്റെ നിർമാണം 1911-ൽ ആരംഭിച്ച് 1914-ലാണ് പൂർത്തിയായത്. എന്നാൽ, 1964-ൽ രാമേശ്വരത്തുണ്ടായ ചുഴലിക്കാറ്റിൽ പാമ്പൻപാലം തകർന്നു. ധനുഷ്‌കോടിയുടെ ഭാഗങ്ങൾ കടൽവെള്ളത്തിൽ മുങ്ങി. പിന്നീട് മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള എൻജിനിയറിങ് സംഘമാണ് രാമേശ്വരം പാലം പുനർനിർമിച്ചത്. 

ഓർമ്മകളിലുണ്ട് ആ ദിനങ്ങൾ

# ഇ. ശ്രീധരൻ

പാമ്പനിൽ പുതിയൊരു കടൽപ്പാലം യാഥാർഥ്യമാകുകയാണ്. തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് ഏറെ സന്തോഷമുണ്ട്,  ഒരിക്കൽ ആ പാലത്തിന്റെ പുനർനിർമാണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ചാരിതാർഥ്യവും. 1964 ഡിസംബർ 23-ന് രാത്രിയാണ് പാമ്പനെ തകർത്ത ആ ദുരന്തമുണ്ടായത്. ഉയർന്നുപൊങ്ങിയ ഭീകരത്തിരയിൽ പാലം നശിച്ചു. ആ പാലത്തിനു പുതുജീവനേകുകയെന്ന വലിയദൗത്യമാണ് എനിക്കുലഭിച്ചത്. റെയിൽവേയിൽ എക്സിക്യുട്ടീവ് എൻജിനിയർ തസ്തികയിൽ ജോലിചെയ്യുമ്പോഴാണ് ഈ ചുമതല എന്നെത്തേടിയെത്തുന്നത്. റെയിൽവേ ബോർഡിലുണ്ടായിരുന്ന ജി.പി. വാര്യരാണ് ഈ ജോലി എന്നെ ഏൽപ്പിക്കാൻ നിർദേശിച്ചത്. അദ്ദേഹത്തിനൊപ്പം ഞാൻ മുൻപ് ജോലിചെയ്തിരുന്നു.  അന്ന് എനിക്ക് വളരെ ചെറുപ്പമായിരുന്നു. നിർമാണത്തിനിടെ മാർഗനിർദേശം തരാനൊന്നും ആരുമുണ്ടായിരുന്നില്ല. പലപരീക്ഷണങ്ങളും നടത്തേണ്ടിവന്നു.  

തീർന്നത് 46 ദിവസംകൊണ്ട് 

46 ദിവസംകൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. ആറുമാസമാണ് ശരിക്കും സമയം അനുവദിച്ചുകിട്ടിയത്. എന്നാൽ, ദക്ഷിണറെയിൽവേ ജനറൽ മാനേജരായിരുന്ന ബി.സി. ഗാംഗുലി നിർദേശിച്ചത് മൂന്നുമാസംകൊണ്ട് പൂർത്തിയാക്കണമെന്നാണ്. വലിയവിശ്വാസിയായിരുന്നു ബി.സി. ഗാംഗുലി. ആറുമാസം കാത്തിരിക്കാൻ പറ്റില്ല. എനിക്ക് അമ്മയെയുംകൊണ്ട്‌ മൂന്നുമാസത്തിനകം രാമേശ്വരത്തു പോകണമെന്ന്‌ അദ്ദേഹം പറഞ്ഞു. അങ്ങനെ മൂന്നുമാസത്തിനകം പൂർത്തിയാക്കാൻ ഉദ്ദേശിച്ചാണ് ജോലിതുടങ്ങിയത്. എന്നാൽ, വെറും 46 ദിവസത്തിനകംതന്നെ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞു. 

വെല്ലുവിളികളേറെ

ബ്രിട്ടീഷ് എൻജിനിയർമാർ കടലിനുകുറുകെത്തീർത്ത എൻജിനിയറിങ്‌ അദ്‌ഭുതംതന്നെയായിരുന്നു പാമ്പൻപാലം. അതിനുണ്ടായ കേടുപാട് തീർക്കുക എന്നതായിരുന്നു എന്റെ ജോലി. അതും വളരെക്കുറഞ്ഞ സമയത്തിനുള്ളിൽ.  ആകെയുള്ള 146 ഗർഡറുകളിൽ 125 എണ്ണം കടലിൽ ഒഴുകിപ്പോയിരുന്നു. രണ്ടുതൂണുകളും തകർന്നു. പാലത്തിന്റെ നടുവിലുള്ള ഷെർസർ പാലത്തിനും (കപ്പലുകൾക്ക് കടന്നുപോകുന്നതിനുള്ള സംവിധാനമാണിത്) കേടുപാടുണ്ടായി.  തോണിയിലാണ് നിർമാണസാമഗ്രികൾ അവിടേക്കെത്തിച്ചത്. റെയിൽവേയിൽ ചേരുന്നതിനുമുൻപ് ഞാൻ ബോംബെ പോർട്ടിൽ സബ് എൻജിനിയറായി ജോലിചെയ്തിരുന്നു. ആ പരിചയം ഗുണമായി. 

പാമ്പൻപാലത്തിന്റെ ഗർഡറുകളെല്ലാം ഇരുമ്പിന്റേതായിരുന്നു. തിരവന്നടിച്ചാലൊന്നും അവ നശിച്ചുപോകില്ലല്ലോ. അങ്ങനെ പരിശോധിച്ചപ്പോൾ ഒന്നര-രണ്ടു കിലോമീറ്റർ ദൂരത്തിനുള്ളിലായി സമുദ്രത്തിന്റെ അടിയിൽ ഈ ഗർഡറുകൾ കണ്ടെത്തി. ഖലാസികളുടെയും മറ്റും സഹായത്തോടെ ഇവ വീണ്ടെടുത്തു. അതിനായി ഫ്ലോട്ടിങ് ക്രെയിൻ അവിടെവെച്ചുതന്നെ ഉണ്ടാക്കി. ദിവസവും രണ്ടായിരത്തോളം തൊഴിലാളികൾ നിർമാണത്തിനുണ്ടായിരുന്നു. നിർമാണസമയത്ത് ആർക്കും അപകടമൊന്നും വരാതെനോക്കാനായെന്നത് വലിയ അനുഗ്രഹമായാണു കാണുന്നത്. നിശ്ചയിച്ചതിനെക്കാൾ ഏറെ മുൻപുതന്നെ നിർമാണവും ട്രയൽ ഉൾപ്പെടെയുള്ള അനുബന്ധ ജോലികളുമെല്ലാം പൂർത്തിയാക്കാനായെന്നത് ഏറെ അഭിമാനമുള്ളകാര്യമാണ്. സർവീസ് തുടങ്ങിയപ്പോൾ ആദ്യദിനം  ജനറൽ മാനേജർക്കൊപ്പം ട്രെയിനിൽ യാത്രചെയ്തത് സന്തോഷമുള്ള ഓർമ്മയാണ്.

പുതിയ പാലവും നല്ലത്

പുതിയ പാലം യാഥാർഥ്യമാകുമ്പോൾ എനിക്കേറെ സന്തോഷമുണ്ട്. ഇപ്പോൾ ഓടുന്നതെല്ലാം ഹെവി ട്രെയിനുകളല്ലേ. അതുകൊണ്ട്‌ പുതിയ പാലം അത്യാവശ്യമാണ്. പഴയ പാലത്തിൽ ഉണ്ടായിരുന്നതുപോലെ കപ്പലുകൾക്കു പോകാനുള്ള സൗകര്യമൊക്കെയുണ്ട്.  പുതിയ പാലം ഞാൻ കണ്ടിട്ടില്ല. എനിക്ക് പ്രത്യേകം ക്ഷണമുണ്ടെങ്കിലും യാത്രചെയ്യാനുള്ള ബുദ്ധിമുട്ടുകാരണം പോകാനാകില്ല. പാലത്തിന്റെ ചിത്രങ്ങളെല്ലാം കണ്ടപ്പോൾ വളരെ ഇഷ്ടമായി.