
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നിർത്തി പകരം വിബി ജി റാം ജി പദ്ധതി കൊണ്ടുവന്നത് ബിജെപിയുടെ ആലോചിച്ചുറപ്പിച്ച തന്ത്രം.
വിവിധ ക്ഷേമപദ്ധതികളിൽനിന്ന് കോൺഗ്രസ്‌പൈതൃകം പേറുന്ന പേരുകൾ മായ്ക്കൽ ആദ്യ മോദിസർക്കാർ അധികാരത്തിൽ എത്തിയശേഷം ബിജെപി തുടർച്ചയായി ചെയ്തുവരുന്നതാണ്. എന്നാൽ, കേവലം പേരുമാറ്റത്തിനപ്പുറം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ സ്മരണപോലും മായ്ച്ചുകളയാൻ ബിജെപി ശ്രമിച്ചതിനുപിന്നിൽ വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ട്.
ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ആവിഷ്കരിക്കപ്പെട്ട ഈ പദ്ധതി അക്കാലത്തെ ഏറ്റവും ജനപ്രീതിയുള്ളതും വിജയകരവുമായ പദ്ധതിയായിരുന്നു. ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഊർജം പകരുകയും ഗ്രാമീണമേഖലയിൽ വാങ്ങൽശേഷി വലിയതോതിൽ വർധിപ്പിക്കുകയുംചെയ്ത പദ്ധതി. 2009-ലെ പൊതുതിരഞ്ഞെടുപ്പിൽ യുപിഎയ്ക്ക് അധികാരത്തിൽ തിരിച്ചെത്താൻ സഹായകമായ പ്രധാന കാരണങ്ങളിലൊന്ന് ഈ പദ്ധതിയാണെന്നാണ് വിലയിരുത്തൽ.
പേരുമാറ്റിയാൽപ്പോലും മുൻ യുപിഎ സർക്കാരുമായും മുഖ്യപ്രതിപക്ഷമായ കോൺഗ്രസുമായും ഈ പദ്ധതിക്കുള്ള പൊക്കിൾക്കൊടിബന്ധം ജനമനസ്സുകളിൽനിന്ന് പൂർണമായി മാറ്റാനാവില്ല എന്നത് തങ്ങളുടെ രാഷ്ട്രീയതാത്പര്യങ്ങൾക്ക് ഗുണമല്ലെന്ന് ബിജെപി കണക്കുകൂട്ടിയിരുന്നു. പദ്ധതിയുടെ രാഷ്ട്രീയഗുണം തങ്ങൾക്ക് ലഭിക്കുന്ന രീതിയിൽ അത് ഉടച്ചുവാർക്കണമെന്ന തീരുമാനത്തിൽ ബിജെപി എത്തിച്ചേരുകയായിരുന്നു. ശീതകാലസമ്മേളനത്തിന്റെ അവസാനവാരം തിടുക്കത്തിൽ ഇതിനുള്ള ബിൽ കൊണ്ടുവരാൻ കേന്ദ്രം തയ്യാറായത് ഈ രാഷ്ട്രീയ താത്പര്യത്തോടെയാണ്.
വരുന്ന തിരഞ്ഞെടുപ്പുപ്രചാരണങ്ങളിൽ തങ്ങളുടെ പദ്ധതിയായി വിബി ജി റാം ജി അവതരിപ്പിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. എന്നാൽ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്ക് ലഭിച്ച സ്വീകാര്യത ഇതിന് ലഭിക്കുമോ എന്നത് ചോദ്യചിഹ്നമാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിക്കുണ്ടായിരുന്ന കേന്ദ്രവിഹിതം പുതിയ പദ്ധതിക്കില്ല. സംസ്ഥാനസർക്കാരുകൾക്ക് ബാധ്യത വർധിക്കുമെന്നതും പുതിയ പദ്ധതിയുടെ ഫലപ്രാപ്തിയെ ചോദ്യംചെയ്ത് പ്രതിപക്ഷപാർട്ടികൾ ചൂണ്ടിക്കാട്ടുന്നു
Content Highlights: mnrega name change a deliberate move from bjp
Published: 20 Dec 2025, 04:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented