ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ, നവംബർ ഒന്നാം തീയതി ഡൽഹിയിലെ രാംലീലാ മൈതാനത്ത് സംഘടിപ്പിക്കുന്ന റാലി വൻവിജയമാക്കാനുള്ള കഠിനപ്രയത്‌നത്തിൽ കോൺഗ്രസ്.
പത്തുലക്ഷം പേരെ പങ്കെടുപ്പിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കോൺഗ്രസിന്റെ രാജ്യസഭാ എംപി നസീർ ഹുസൈൻ പറഞ്ഞു. റാലി വിജയമാക്കുകയെന്നത് ഇന്ത്യാസഖ്യത്തിലെ പാർട്ടികളുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും എല്ലാവരും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം എൻഡിടിവിയോടു പ്രതികരിച്ചു.
വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കോൺഗ്രസ് എംപിമാർ, എംഎൽഎമാർ, എംഎൽസി അംഗങ്ങൾ, സംസ്ഥാനതലത്തിലുള്ള നേതാക്കൾ എന്നിവരോട് റാലിയിൽ പങ്കെടുക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനും വോട്ടുമോഷണം തടയാനുമാണ് രാം ലീലാ മൈതാനത്ത് ചലോ ദില്ലി മാർച്ച് സംഘടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. സാമൂഹികമാധ്യമമായ എക്‌സിലെ വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ മാർച്ച് അല്ല ഇത്. ഇത് ഇന്ത്യയുടെ ആത്മാവിന്റെ മാർച്ചാണ്. നരേന്ദ്ര മോദി, അമിത് ഷാ, ഗ്യാനേഷ്‌കുമാർ എന്നിവരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന മുഴുവൻ ആളുകളും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ താൽപര്യപ്പെടുന്ന സകല ജനങ്ങളും റാലിയിൽ പങ്കെടുക്കണമെന്നും രാഹുൽ പറഞ്ഞു.
പോലീസിനെയും ലാത്തിയേയും കുറിച്ചോർത്ത് ഭയക്കേണ്ടതില്ലെന്നും ബിജെപിക്ക് അവരുടെ കോമാളിത്തരം കാണിക്കാനുള്ള ധൈര്യമുണ്ടാകില്ലെന്നും രാഹുൽ പറഞ്ഞു. ‘വരൂ, ഞങ്ങൾക്കൊപ്പം മാർച്ചിൽ പങ്കെടുക്കൂ. ഭരണഘടനയെ സംരക്ഷിക്കാൻ, ഇന്ത്യയെ സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ച് നടക്കാം. അതുകൊണ്ട് ഭയക്കേണ്ട കാര്യമില്ല. ഇത് രാജ്യത്തിന്റെ മാർച്ചാണ്. ഇത് നിങ്ങളുടെ മാർച്ചാണ്. നാം എല്ലാവരും ഒരുമിച്ച് ഭരണഘടനയേയും ജനാധിപത്തേയും സംരക്ഷിക്കും, വീഡിയോ സന്ദേശത്തിൽ രാഹുൽ പറഞ്ഞു.
രാഷ്ട്രീയഭേദമന്യേ എല്ലാ വിദ്യാർഥി സംഘടനകളെയും റാലിയുടെ ഭാഗമാകാൻ രാഹുൽ ക്ഷണിക്കുകയും ചെയ്തു. ഇന്ത്യ ആക്രമിക്കപ്പെടുകയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾ ആക്രമിക്കപ്പെടുകയാണെന്ന് തോന്നുന്നുണ്ടെങ്കിൽ, നിങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യവും ആശയങ്ങളും ചിന്താരീതിയും ആക്രമിക്കപ്പെടുകയാണെന്ന് തോന്നുന്നുണ്ടെങ്കിൽ, ഞങ്ങളോടൊപ്പം ചേരൂ. ഇതൊരു അതിമനോഹരമായ മാർച്ചായിരിക്കും. ഈ രാജ്യത്തിന്റെ ആത്മാവിനുവേണ്ടിയുള്ള മാർച്ചാണിത്. നിങ്ങളെല്ലാവരെയും അവിടെ കാണാൻ കാത്തിരിക്കുന്നു, അദ്ദേഹം പറഞ്ഞു.
Content Highlights: Congress is organizing a mega rally at Ramlila Maidan on November 1., The party aims to mobilize 10 lakh people, as stated by MP Naseer Hussain., Rahul Gandhi stated the march aims to protect democracy, the Constitution, and prevent vote theft., Leaders, MPs, MLAs, and student organizations are urged to join the march.
Published: 29 Oct 2026, 12:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented