ഭോപ്പാല്‍: ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്നുവെന്ന സൂചനയാണ് സമീപകാല കോടതി വിധികള്‍ നല്‍കുന്നതെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മഹ്‌മൂദ് മദനി. ബാബരി മസ്ജിദ്, മുത്തലാഖ് പോലുള്ള വിഷയങ്ങളില്‍ അതാണ് കാണാനുള്ളത്. ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇതര മതസ്ഥരെ പറഞ്ഞു മനസ്സിലാക്കണം. ഭരണഘടന സംരക്ഷിക്കപ്പെടുന്നിടത്തോളം കാലം മാത്രമേ സുപ്രീം കോടതിക്ക് 'സുപ്രീം' എന്ന് വിളിക്ക് അര്‍ഹതയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലില്‍ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

1991-ലെ ആരാധനാലയ നിയമനം നിലനില്‍ക്കേ, ഗ്യാന്‍വാപി, ശ്രീകൃഷ്ണ ജന്മഭൂമി കേസുകളിലെ സമീപകാല കീഴ്‌ക്കോടതി നടപടികളെ പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം 'സുപ്രീം' എന്ന വാക്കിന്റെ സാംഗത്യം ചോദ്യംചെയ്തത്. 'ജിഹാദ്' എന്ന വാക്കിന്റെ ദുരുപയോഗത്തേയും അദ്ദേഹം എതിര്‍ത്തു. അടിച്ചമര്‍ത്തല്‍, സ്വേച്ഛാധിപത്യം, വിനാശകരമായ ശക്തികള്‍ എന്നിവയ്‌ക്കെതിരേ സമാധാനവും നീതിയും അന്തസ്സും ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടത്തേയാണ് 'ജിഹാദ്' പ്രതിഫലിപ്പിക്കുന്നത്. ക്രമക്കേട്, കലാപം, രക്തച്ചൊരിച്ചില്‍ എന്നിവയെ ജിഹാദെന്ന് വിളിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച പ്രമേയവും ഭോപ്പാല്‍ യോഗത്തില്‍ പാസാക്കി.

ബുള്‍ഡോസര്‍ നടപടി, ആള്‍ക്കൂട്ടക്കൊലപാതകം, വഖഫ് ദുര്‍ബലപ്പെടുത്തല്‍, ഇസ്‌ലാമിക പരിഷ്‌കാരങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്ത് ഒരു വിഭാഗത്തിന്റെ മേധാവിത്വം സ്ഥാപിക്കാന്‍ സംഘടിതമായ ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ശ്രമം മതസ്വാതന്ത്ര്യത്തേയും ഭരണഘടനാപരമായ അവകാശങ്ങളേയും ഇല്ലാതാക്കാനുള്ള നീക്കമാണെന്നും പ്രമേയത്തില്‍ പറയുന്നു. വോട്ടര്‍പട്ടികയില്‍ നടത്തുന്ന പ്രത്യേക തീവ്ര പരിശോധനയെയും (എസ്‌ഐആര്‍) പ്രമേയം ചോദ്യംചെയ്തു. ഈ നടപടി ഒരുവിഭാഗം ജനങ്ങളുടെ പൗരാവകാശത്തെപ്പോലും അപകടത്തിലാക്കിയേക്കാം. അത് ഭരണഘടനാ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമായിരിക്കുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.