ന്യൂഡൽഹി: പ്രതിഷേധവേദികളുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. പ്രതിഷേധം നടത്താൻ ഒരു സ്ഥലവും അനിശ്ചിതകാലത്തേക്ക് കൈവശംവെക്കാൻ ആർക്കും അവകാശമില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം പ്രതിഷേധങ്ങൾക്കായി ഔദ്യോഗികമായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ പോലും പ്രതിഷേധം നടത്തുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിച്ചിരിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

To advertise here,

ജന്തർ മന്തറിൽ കഴിഞ്ഞമാസം നടന്ന പ്രതിഷേധവും തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രാംലീലാ മൈതാനിയിൽ ഞായറാഴ്ച സംഘടിപ്പിച്ച പ്രതിഷേധവും സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

'ഒരു സ്ഥലം എന്നെന്നേക്കുമായി കൈവശംവെച്ച് പ്രതിഷേധം നടത്താനാകില്ല. മറ്റ് പ്രതിഷേധക്കാരുമുണ്ട്. കർഷകരും അഭിഭാഷകരും എവിടെ പോകും? എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്,' ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഉത്സവകാലത്ത് പ്രതിഷേധങ്ങൾ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി സംഘടനകൾ സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിന്റെയും മറ്റ് ബന്ധപ്പെട്ട കക്ഷികളുടെയും നിലപാട് അറിയിക്കാനും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.

പ്രതിഷേധത്തിന് ആഹ്വാനംചെയ്യുന്നവർ തങ്ങളുടെ നടപടികളുടെ ഫലമായി ഉണ്ടാകുന്ന ഏത് പ്രത്യാഘാതത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത പറഞ്ഞു. ജൂലൈ 20-ാം തീയതിയിലെ പ്രതിഷേധത്തിന് ഒരുദിവസത്തെ അനുമതി മാത്രമാണ് നൽകിയതെന്നും എന്നാൽ, പ്രതിഷേധക്കാർ സ്ഥലം കയ്യടക്കുകയും പാർലമെന്റിലേക്ക് മാർച്ച് സംഘടിപ്പിക്കുകവരെ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടത്തോടെ കരുതൽ തടങ്കലിലാക്കിയതിനെതിരേയും പോലീസ് അതിക്രമത്തിനെതിരേയും മറ്റും സമർപ്പിക്കപ്പെട്ട ഹർജികളും പ്രതിഷേധത്തിനെതിരേ വ്യാപാരികൾ സമർപ്പിച്ച ഹർജികളും ഉൾപ്പെടെയാണ് കോടതി ഇന്ന് പരിഗണിച്ചത്. ചീഫ് ജസ്റ്റിസിനെകൂടാതെ ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.