ന്യൂഡൽഹി: കൃഷി ഭവൻ വളപ്പിലുള്ള ഒരു നൂറ്റാണ്ട് പഴക്കമുള്ള മുസ്ലീം പള്ളി 'നീക്കം ചെയ്യാൻ' പദ്ധതിയുണ്ടെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഓഫീസ് സമുച്ചയത്തിനുള്ളിൽ ഈ കെട്ടിടം നിലനിർത്തുന്നത് 'അനുവദനീയമല്ലെന്നും, സർക്കാർ സ്വത്തിന്റെ മതേതര സ്വഭാവത്തിന് യോജിച്ചതല്ലെന്നും' കേന്ദ്രം വ്യക്തമാക്കി.

To advertise here,

സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയിലൂടെ കൃഷി ഭവനും അതിനോട് ചേർന്നുള്ള ശാസ്ത്രി ഭവനും പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന്റെ ഭാഗമായിട്ടാണ് പള്ളി ഇവിടെനിന്ന് നീക്കം ചെയ്യാൻ കേന്ദ്രം ഒരുക്കം നടത്തുന്നത്.

ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസർ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. മസ്ജിദ് നിൽക്കുന്ന ഭൂമിയുടെ ഉടമസ്ഥത കേന്ദ്ര സർക്കാരിനാണെന്നും, 1940-ൽ ഉണ്ടാക്കിയ കരാർ പ്രകാരം അതിന്റെ പരിപാലന സമിതിക്ക് താൽക്കാലിക അനുമതി മാത്രമാണ് നൽകിയിട്ടുള്ളതെന്നും സർക്കാർ വ്യക്തമാക്കുന്നു.

എന്നാൽ വ്യത്യസ്തമായ മറുപടിയാണ് 2021-ലെ ഹർജിയിൽ സോളിസിറ്റർ ജനറൽ ഡൽഹി ഹൈക്കോടതിയിൽ നൽകിയത്. കൃഷിഭവന്റെ തുറന്ന അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന ഖദീമി മസ്ജിദ് ഉൾപ്പെടെ, പദ്ധതി മൂലം ബാധിക്കാനിടയുള്ള ആറ് പള്ളികളുടെ സംരക്ഷണം ആവശ്യപ്പെട്ട് 2021-ൽ ഡൽഹി വഖഫ് ബോർഡ് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ, 'ഈ സ്വത്തുക്കൾക്ക് ഒന്നും സംഭവിക്കുന്നില്ല. ഞങ്ങൾ നിങ്ങളുടെ മുൻപാകെ ഉണ്ടല്ലോ. ഇതൊരു വളരെ നീണ്ട പദ്ധതിയാണ്, ഞങ്ങൾ അതിനടുത്ത് എവിടെയും എത്തിയിട്ടില്ല' എന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകിയത്.

സർക്കാർ സമുച്ചയങ്ങളുടെ പരിധിക്കുള്ളിൽ മതപരമായ ഘടനകളെ വിലക്കുന്ന നിയമങ്ങളുണ്ടോ എന്ന് സർക്കാരിന്റെ പുതിയ നിലപാടിൽ ഡൽഹി ഹൈക്കോടതി ചോദിച്ചു. കേന്ദ്ര സർക്കാർ കോംപ്ലക്‌സിൽ മതപരമായ നിർമിതികൾ അനുവദനീയമല്ലെന്ന വാദം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഡൽഹി ഹൈക്കോടതിയുടെ ചോദ്യം. നവംബർ 23-ന് നടക്കുന്ന അടുത്ത വാദം കേൾക്കലിന് മുമ്പായി സർക്കാരിന്റെ വാദത്തോടു പ്രതികരിക്കാൻ കോടതി മസ്ജിദ് കമ്മിറ്റിക്ക് സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

പൊളിച്ചുമാറ്റുമെന്ന ആശങ്കയെത്തുടർന്ന് സെപ്റ്റംബറിലാണ് ഖദീമി പള്ളി സംരക്ഷണ സമിതി കോടതിയെ സമീപിച്ചത്. കൃഷി ഭവനും സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയവും മതേതര പൊതു ഇടങ്ങളാണ്, അവ പൂർണ്ണമായും സർക്കാർ, ഭരണപരമായ, പൊതു സേവന പ്രവർത്തനങ്ങൾക്കായിമാത്രം മാറ്റിവെച്ചിട്ടുള്ളതാണ്. ഒരു കേന്ദ്ര സർക്കാർ കാര്യാലയ സമുച്ചയത്തിനുള്ളിൽ സ്ഥിരമായ ഒരു മതപരമായ ഘടന സ്ഥാപിക്കുകയോ നിലനിർത്തുകയോ ചെയ്യുന്നത് അനുവദനീയമല്ല, മാത്രമല്ല അത് സർക്കാർ സ്വത്തിന്റെ മതേതര സ്വഭാവത്തിന് നിരക്കാത്തതുമാണ്. ഒരു കേന്ദ്ര ഭരണ മേഖലയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന പൊതുഭൂമിയിൽ സ്ഥിരമായ ഏതെങ്കിലും മതപരമായ അവകാശവാദങ്ങൾ ഉന്നയിക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

സ്വാതന്ത്ര്യാനന്തരവും തുടർന്നുള്ള ദശാബ്ദങ്ങളിലും, കൃഷിഭവനിലും സമീപത്തുള്ള കേന്ദ്ര സർക്കാർ ഓഫീസുകളിലും ജോലി ചെയ്യുന്ന ജീവനക്കാർ പ്രാർത്ഥന നടത്തുന്ന സ്ഥലമായി ഖദീമി മസ്ജിദ് ഉപയോഗിച്ചുവരുന്നുണ്ട്. ആളുകൾക്ക് ഇതൊരു സ്ഥിരമായ പ്രാർത്ഥനാ സൗകര്യമായി മാറിയിരുന്നുവെന്നും മസ്ജിദ് കമ്മിറ്റി അറിയിച്ചു.

കൃഷി ഭവന് സമീപമുള്ള പ്രദേശത്ത് നിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിനുള്ളിൽ 'ഷാഹി മസ്ജിദ് സബ്ത ഗഞ്ച്' (ഇന്ത്യാ ഗേറ്റിന് സമീപം) എന്ന മറ്റൊരു പള്ളി സ്ഥിതി ചെയ്യുന്നുണ്ടെന്നും, അടുത്തായി പ്രാർത്ഥനാ സൗകര്യം തേടുന്ന ആർക്കും ഉപയോഗിക്കാവുന്ന വിധത്തിൽ അത് പൂർണ്ണമായും പ്രവർത്തനസജ്ജമാണെന്നും കേന്ദ്രസർക്കാർ വാദിച്ചു.