ന്യൂഡൽഹി: ടാറ്റാ സൺസും ടാറ്റാ ട്രസ്റ്റും തമ്മിലുള്ള പ്രശ്‌നങ്ങൾ എത്രയുംവേഗം സൗഹാർദപരമായി പരിഹരിക്കണമെന്ന് ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വത്തോട് അഭ്യർഥിച്ച് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നായ ടാറ്റയുമായി ബന്ധപ്പെട്ട തർക്കം പരസ്യചർച്ചകളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. ഫിനാൻസ് എക്‌സ്പ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

To advertise here,

വിഷയം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ടാറ്റാ ഗ്രൂപ്പ് നിർണായകമാണെന്നും നിർമലാ സീതാരാമൻ പറഞ്ഞു. ബന്ധപ്പെട്ട കക്ഷികൾ പരസ്പരം ചർച്ചനടത്തി എത്രയുംവേഗം തർക്കങ്ങൾ പരിഹരിക്കണമെന്ന് പറഞ്ഞ മന്ത്രി, പ്രശ്‌നങ്ങൾ നേതൃത്വം ഉടൻ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേർത്തു. അതേസമയം, പ്രശ്‌നപരിഹരിക്കാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ അവർ തയ്യാറായില്ല.

ടാറ്റാ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ വീണ്ടും നിയമിക്കുന്നതിനെച്ചൊല്ലിയും ഹോൾഡിങ് കമ്പനിയെ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുമാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. നോയൽ ടാറ്റ തലപ്പത്തിരിക്കുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന ടാറ്റാ ട്രസ്റ്റിന്, ടാറ്റാ സൺസിൽ 66 ശതമാനം ഓഹരിയാണുള്ളത്.

ഹോൾഡിങ് കമ്പനിയുടെ ചെയർപേഴ്സൺ സ്ഥാനത്ത് ചന്ദ്രശേഖരനെ അഞ്ചുവർഷത്തേക്കുകൂടി നിയമിക്കാനായി ടാറ്റാ സൺസിന്റെ ബോർഡ് പ്രമേയം പാസാക്കിയിരുന്നു. എന്നാൽ, ഈ പ്രമേയത്തിന്റെ സാധുതയെ ചോദ്യംചെയ്ത് നോയൽ ടാറ്റ രംഗത്തെത്തി. നടപടിക്രമങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇക്കഴിഞ്ഞ സെപ്റ്റംബർ 17-നായിരുന്നു ഇത്. ചന്ദ്രശേഖരൻ 2027 ഫെബ്രുവരിമാസം വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമായിരുന്നു ഈ സംഭവവികാസം.

സാമ്പത്തിക സുതാര്യതയും മികച്ച കോർപ്പറേറ്റ് ഭരണസംവിധാനവും ഉറപ്പാക്കുന്നതിനായി ആർബിഐ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, ടാറ്റ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമോ എന്ന കാര്യത്തിലും കമ്പനിക്കുള്ളിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്.

ഉയർന്ന നിലയിലുള്ള നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി (അപ്പർ ലെയർ എൻബിഎഫ്സി) ആയാണ് ടാറ്റാ സൺസിനെ പരിഗണിക്കുന്നത്. അതിനാൽത്തന്നെ വലിയ സാമ്പത്തിക അപകട സാധ്യതകളിൽനിന്ന് ഇതിനെ സംരക്ഷിക്കേണ്ടതുണ്ട്. എന്നാൽ, ടാറ്റാ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനെതിരായ നിലപാടാണ് നോയൽ ടാറ്റയ്ക്കും ടാറ്റാ ട്രസ്റ്റിനുമുള്ളത്. മറ്റ് മാർഗങ്ങൾ കണ്ടെത്താൻ ഹോൾഡിങ് കമ്പനി ശ്രമിക്കണമെന്നാണ് ഇവരുടെ ആവശ്യം.