ഗാന്ധിനഗർ: ഗുജറാത്തിൽ അമിതവേഗത്തിലെത്തിയ കാർ, നടപ്പാതയിലേക്ക് പാഞ്ഞുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. മറ്റ് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

To advertise here,

അഹമ്മദാബാദിലെ നികോൽ മേഖലയിലെ ദേവസഹായ സ്‌കൂളിന് സമീപമാണ് സംഭവം. നടപ്പാതയിലിരുന്ന്, സോഫയുടെ കവറുകൾ വിൽക്കുകയായിരുന്ന പൂനംബെൻ നഗ്‌വാദിയ എന്ന യുവതിയും അവരുടെ മകൻ സാഗറു(15)മാണ് തൽക്ഷണം കൊല്ലപ്പെട്ടത്. പൂനത്തിന്റെ പക്കൽനിന്ന് സോഫാ കവറുകൾ വാങ്ങാനെത്തിയ ദമ്പതികൾക്കാണ് കാർ ഇടിച്ചതിനെ തുടർന്ന് ഗുരുതര പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറോടിച്ചിരുന്ന വിരാൽഭായി സവ്ജിഭായി ചൗധരി(36)യെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ തുറക്കാത്ത ആറ് ബിയർ കാനുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവസമയത്ത് ഇയാൾ മദ്യലഹരിയിയിലായിരുന്നു.

ബിഎൻഎസിലെ വിവിധ വകുപ്പുകൾക്ക് പുറമേ, മദ്യനിരോധന നിയമപ്രകാരവും ചൗധരിക്കെതിരേ കേസ് എടുത്തിട്ടുണ്ട്. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്.