പ്രസ്താവന പിന്വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

കോഴിക്കോട്: മുസ്‌ലിം ലീഗ് ദുർബലമായാൽ കേരളത്തിൽ ആ ഇടം തീവ്രശക്തികൾ കൈയടക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം നേതാവ് കെ.ടി. ജലീൽ. കോൺഗ്രസ് ഇല്ലെങ്കിൽ ഹിന്ദുക്കളെല്ലാം ആർഎസ്എസ്സാകുമോ എന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന മുഴുവൻ മുസ്‌ലിങ്ങളേും തീവ്രവാദി ചാപ്പ കുത്തുന്നതിന് സമാനമാണ്. പ്രസ്താവന പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
ലീഗുകാരല്ലാത്ത, മതനിരപേക്ഷ പാർട്ടികളിൽ പ്രവർത്തിക്കുന്ന മുസ്‌ലിങ്ങളെ മുഴുവൻ മുഖ്യമന്ത്രി വി.ഡി. സതീശൻ അപമാനിച്ചിരിക്കുകയാണെന്നും കെ.ടി. ജലീൽ കുറിച്ചു. ആര്യാടൻ മുഹമ്മദ് ജീവിച്ചിരിക്കാത്തത് സതീശന്റെ ഭാഗ്യം. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനക്ക് വായടപ്പൻ മറുപടി ആര്യാടൻ തന്നെ കൊടുക്കുമായിരുന്നുവെന്നും ജലീൽ കൂട്ടിച്ചേർത്തു.
മുസ്‌ലിങ്ങളെല്ലാം തീവ്രവാദ സംഘടനകളിൽ ചേക്കേറാൻ മുട്ടിനിൽക്കുന്നവരാണെന്നും അവരെ അതിലേക്ക് വീഴാതെ ഒരു അരിപ്പയായി തടഞ്ഞു നിർത്തിയിരിക്കുന്നത് ലീഗാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതിന്റെ പച്ചമലയാളത്തിലുള്ള അർഥം. ലീഗില്ലാതാകുന്ന നിമിഷം ലീഗിൽ അണിനിരന്നിരിക്കുന്നവർ കോൺഗ്രസിലോ കമ്യൂണിസ്റ്റ് പാർട്ടികളിലോ മറ്റു മതേതര പാർട്ടികളിലോ ചേരാതെ, മുസ്‌ലിങ്ങളിലെ തീവ്ര ആശയക്കാരുടെ കൈകളിലമരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മുഴുവൻ മുസ്‌ലിങ്ങളെയും വിശിഷ്യാ മുസ്‌ലിം ലീഗുകാരെയും തീവ്രവാദി ചാപ്പ കുത്തുന്നതിന് സമാനമാണ് -കെ.ടി. ജലീൽ പറഞ്ഞു.
കെ.ടി. ജലീലിന്റെ പോസ്റ്റ്
കോൺഗ്രസ്സില്ലെങ്കിൽ ഹിന്ദുക്കളെല്ലാം ആർഎസ്എസ് ആകുമോ മുഖ്യമന്ത്രി?
ലീഗുകാരല്ലാത്ത മതനിരപേക്ഷ പാർട്ടികളിൽ പ്രവർത്തിക്കുന്ന മുസ്‌ലിങ്ങളെ മുഴുവൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി സതീശൻ അപമാനിച്ചിരിക്കയാണ്. ആര്യാടൻ മുഹമ്മദ് ജീവിച്ചിരിക്കാത്തത് സതീശന്റെ ഭാഗ്യം. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനക്ക് വായടപ്പൻ മറുപടി ആര്യാടൻ തന്നെ കൊടുക്കുമായിരുന്നു.
സത്യത്തിൽ ലീഗിന് സതീശൻ നൽകിയ അംഗീകാരമുദ്രയാണോ അദ്ദേഹത്തിന്റെ പ്രസ്താവന. മുസ്‌ലിങ്ങളെല്ലാം തീവ്രവാദ സംഘടനകളിൽ ചേക്കാറാൻ മുട്ടി നിൽക്കുന്നവരാണെന്നും, അവരെ അതിലേക്ക് വീഴാതെ ഒരു അരിപ്പയായി തടഞ്ഞു നിർത്തിയിരിക്കുന്നത് ലീഗാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതിന്റെ പച്ചമലയാളത്തിലുള്ള അർത്ഥം.
ലീഗില്ലാതാകുന്ന നിമിഷം ലീഗിൽ അണിനിരന്നിരിക്കുന്നവർ കോൺഗ്രസ്സിലോ കമ്യൂണിസ്റ്റ് പാർട്ടികളിലോ മറ്റു മതേതര പാർട്ടികളിലോ ചേരാതെ, മുസ്‌ലിങ്ങളിലെ തീവ്ര ആശയക്കാരുടെ കൈകളിലമരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മുഴുവൻ മുസ്‌ലിങ്ങളെയും വിശിഷ്യാ മുസ്‌ലിം ലീഗുകാരെയും തീവ്രവാദി ചാപ്പ കുത്തുന്നതിന് സമാനമാണ്.
കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ കോൺഗ്രസ്സിലെ ഹിന്ദുക്കൾ മുഴുവൻ ആർ.എസ്.എസിൽ ചേരുമായിരുന്നു എന്ന് പറയുന്നത് പോലെ അസംബന്ധമാണ് ലീഗില്ലെങ്കിൽ മുസ്‌ലിം ലീഗുകാരായവരെല്ലാം തീവ്ര ആശയഗതിക്കാരുടെ സംഘത്തിൽ ഉൾപ്പെടുമായിരുന്നു എന്ന നിഗമനം!
മുസ്‌ലിം സമുദായവും തീവ്രവാദ ഗ്രൂപ്പുകളും തമ്മിലുള്ള അകലം വളരെ നേർത്തതാണെന്നും ലീഗെന്ന 'വലയിൽ' അവർ പെട്ടില്ലായിരുന്നെങ്കിൽ മുഴുവൻ ലീഗുകാരും മുസ്‌ലിം തീവ്രഗ്രൂപ്പുകളിൽ അകപ്പെട്ടു പോകുമെന്നും സമ്മതിക്കാൻ അഭിമാന ബോധമുള്ള ലീഗുകാർക്ക് എങ്ങിനെ സാധിക്കും? സത്യത്തിൽ അതിനെക്കാൾ വലിയൊരപമാനം മുസ്‌ലിം ലീഗുകാർക്ക് വേറെയുണ്ടോ?
ബഹുമാനപ്പെട്ട മുഖ്യമന്ത്രി താൻ നടത്തിയ തെറ്റായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാകണം. അല്ലെങ്കിൽ ഹൈക്കമാന്റ് ഇടപെട്ട് അദ്ദേഹത്തെ തിരുത്തിക്കണം. ഇതുരണ്ടും നടന്നില്ലെങ്കിൽ പ്രസ്താവന പിൻവലിക്കാൻ മുസ്‌ലിം ലീഗ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടണം.
Content Highlights: CPM leader KT Jaleel launched a sharp attack on Kerala Chief Minister VD Satheesan over his statement on the Muslim League, accusing him of branding the Muslim community and demanding an immediate apology.
Published: 24 Oct 2026, 05:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented