മുംബൈ: മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ ബിജെപി ഉജ്ജ്വല വിജയത്തിലേക്കാണ് ചുവടുറപ്പിച്ചത്. കാൽനൂറ്റാണ്ടിലേറെയായി ശിവസേനയുടെ കുത്തകയായിരുന്ന മുംബൈ കോട്ട പിടിച്ചെടുത്തുകൊണ്ടാണ് ബിജെപി തങ്ങളുടെ ആധിപത്യം ഉറപ്പിച്ചത്. അതേസമയം, സഖ്യങ്ങളില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസ് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമാണ്.
സംസ്ഥാനത്തെ 29 നഗരസഭകളിലായി നടന്ന പോരാട്ടത്തിൽ 1,421 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ഏകനാഥ് ഷിന്ദെയുടെ നേതൃത്വത്തിലുള്ള ശിവസേന 363 സീറ്റുകളുമായി രണ്ടാം സ്ഥാനത്താണ്. മുംബൈ, നവി മുംബൈ, നാസിക്, പുണെ, പൻവേൽ, കല്യാൺ ഡോംബിവ്‌ലി, നാഗ്പുർ എന്നീ പ്രധാന നഗരസഭകളിൽ ബിജെപി വ്യക്തമായ മേധാവിത്വം പുലർത്തി. ഉദ്ധവ് താക്കറെയുടെയും രാജ് താക്കറെയുടെയും വിഭാഗങ്ങൾ ബാലാസാഹേബ് താക്കറെയുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് വോട്ട് തേടിയെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ അവർക്ക് സാധിച്ചില്ല.
മഹാവികാസ് അഘാഡി സഖ്യം തകർന്നതിനെത്തുടർന്ന് 1999-ന് ശേഷം ആദ്യമായി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പ് ഫലം വലിയ ആശ്വാസമാണ് നൽകുന്നത്. ആകെ 2,869 സീറ്റുകളിൽ 528 ഇടത്ത് മാത്രം മത്സരിച്ച കോൺഗ്രസ് 312 സീറ്റുകൾ നേടി. ഭീവണ്ടി നിസാംപുർ, കോലാപുർ, അമരാവതി, ചന്ദ്രപുർ, ലാത്തൂർ എന്നീ അഞ്ച് മുൻസിപ്പാലിറ്റികളിൽ കോൺഗ്രസ് ലീഡ് നേടി. ഇതിൽ ലാത്തൂരിൽ പകുതിയിലധികം സീറ്റുകൾ നേടി പാർട്ടി അധികാരം ഉറപ്പിച്ചു. മുംബൈ കോർപ്പറേഷനിൽ നാലാം സ്ഥാനത്താണെങ്കിലും സംസ്ഥാനാടിസ്ഥാനത്തിൽ ഉദ്ധവ് പക്ഷത്തേക്കാളും എൻസിപി വിഭാഗങ്ങളേക്കാളും മികച്ച പ്രകടനം കാഴ്ചവെക്കാൻ കോൺഗ്രസിന് കഴിഞ്ഞു.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 13 സീറ്റുകൾ നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച കോൺഗ്രസ്, തൊട്ടുപിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 16 സീറ്റുകളുമായി അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. എന്നാൽ ഒരു വർഷത്തിന് ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത് പാർട്ടിയുടെ തിരിച്ചുവരവായി വിലയിരുത്തപ്പെടുന്നു.
Content Highlights: BJP dominates Maharashtra civic elections, unseating Shiv Sena in Mumbai. Congress shows strong solo performance. Get the latest results and analysis here!
Published: 17 Jan 2026, 05:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented