മുംബൈ: മൂന്നു പതിറ്റാണ്ടായി തുടർന്നുവന്ന അവിഭക്ത ശിവസേനയുടെ ആധിപത്യം തകർത്ത് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) ഭരണം ബിജെപി പിടിച്ചിരുന്നു. എന്നാൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ സാധിക്കാത്തത് മഹാനഗര ഭരണത്തെ ഒരു രാഷ്ട്രീയ അനിശ്ചിത്വത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

To advertise here,

227 വാർഡുകളുള്ള ബിഎംസിയിൽ 117 സീറ്റുകളാണ് ബിജെപി-ഷിന്ദേ സേന പാർട്ടികൾക്ക് ലഭിച്ചത്. കേവലഭൂരിപക്ഷത്തിന് 114 സീറ്റുകൾ മതിയാകുമെങ്കിലും മഹാരാഷ്ട്രയിലെ രാഷ്ട്രീയ അന്തരീക്ഷണം ഒരു വഴിത്തിരിവിനുള്ള സാധ്യത തുറന്നിട്ടിട്ടുണ്ട്. ബിജെപിക്ക് 88 ഉം ശിവസേന (ഷിന്ദേ)യ്ക്ക് 29 സീറ്റുകളുമാണ് ലഭിച്ചത്. ഷിന്ദേ വിഭാഗത്തിന്റെ പിന്തുണയില്ലാതെ ബിജെപിക്ക് ഭരണത്തിലേറാൻ സാധിക്കില്ല. ഈ സാഹചര്യം മുതലെടുക്കാനുള്ള ശ്രമത്തിലാണ് ഷിന്ദേ സേന. മേയർ സ്ഥാനത്തേക്ക് ശിവസേനയിൽ നിന്നുള്ളയാളെ പരിഗണിക്കണമെന്ന ആവശ്യം ഷിന്ദേ മുന്നോട്ട് വെച്ചതായാണ് വിവരം. 'മുംബൈയുടെ മേയർ ശിവസേനയിൽ (ഷിന്ദേ വിഭാഗം) നിന്നുള്ള ഒരാളായിരിക്കണം, കാരണം ഇത് ബാലസാഹെബിന്റെ (ബാൽ താക്കറെയുടെ) പാരമ്പര്യമാണ്' ഒരു കൗൺസിലർ പറഞ്ഞു.

അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ പാർട്ടി അംഗങ്ങളെ ഒരുമിച്ച് നിർത്താനുള്ള നീക്കത്തിന്റെ ഭാഗമായി, ഏക്‌നാഥ് ഷിന്ദേ നയിക്കുന്ന ശിവസേനയിലെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോർപ്പറേറ്റർമാരെ ശനിയാഴ്ച ബാന്ദ്രയിലെ ഒരു ആഡംബര ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

കൗൺസിലർമാരെ ഉച്ചകഴിഞ്ഞു 3 മണിക്ക് താജ് ലാൻഡ്‌സ് എൻഡിലേക്ക് കൊണ്ടുപോകുമെന്നാണ് പാർട്ടി നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് ദിവസം അവിടെ തങ്ങുമെന്നും നേതാക്കൾ വ്യക്തമാക്കി. എന്നാൽ കൗൺസിലർമാരെ ഹോട്ടലിലേക്ക് മാറ്റിയത് പാർട്ടിയിലെ ഐക്യം ഉറപ്പിക്കാനാണെന്നും വിലപേശലിന്റെ ഭാഗമല്ലെന്നും ചില നേതാക്കൾ വ്യക്തമാക്കി. ബിജെപിയുമായുള്ള ഏകോപനവും ഭരണപരമായ മുൻഗണനകളെക്കുറിച്ചും കൗൺസിലർമാർക്ക് അവബോധം സൃഷ്ടിക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്നും അവർ വ്യക്തമാക്കി.

അതേസമയം തങ്ങൾ അഭിമാനമായി കാണുന്ന മുംബൈ കോർപ്പറേഷനിൽ ഏതുവിധേനയും ഭരണം നിലനിർത്താൻ ഉദ്ധവ് താക്കറെ വിഭാഗം നീക്കങ്ങൾ നടത്താനുള്ള സാഹചര്യത്തിലാണ് ഷിന്ദേ കൗൺസിലർമാരെ ഹോട്ടലിലേക്ക് മാറ്റിയതെന്ന സൂചനയും ഉണ്ട്.