മുംബൈ: ഒരിടവേളയ്ക്ക് ശേഷം മുംബൈയിൽ റിസോർട്ട് രാഷ്ട്രീയം തിരിച്ചെത്തിയിരിക്കുകയാണ്. മുംബൈ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കിങ്‌മേക്കറായതിന് പിന്നാലെ ഏക്‌നാഥ് ഷിന്ദേ തന്റെ നേതൃത്വത്തിലുള്ള ശിവസേന കൗൺസിലർമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടിന് ശേഷം താക്കറെ കുടുംബത്തിന്റെ ആധിപത്യത്തിൽനിന്ന് മുംബൈ കോർപ്പറേഷൻ കൈവിട്ടെങ്കിലും ഉദ്ധവ് താക്കറെ പ്രതീക്ഷ അവസാനിപ്പിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉദ്ധവ് തന്റെ കൗൺസിലർമാർക്ക് നൽകിയ നിഗൂഢ സന്ദേശത്തിന് പിന്നാലെയാണ് ഷിന്ദേ ശിവസേന കൗൺസിലർമാരെ ഹോട്ടലിലേക്ക് മാറ്റിയതെന്നാണ് വിവരം.
മുംബൈയിൽ ഒരു ശിവസേന (യുബിടി) മേയറെ തിരഞ്ഞെടുക്കണമെന്നത് തന്റെ 'സ്വപ്ന'മായി തുടരുന്നുവെന്നും ദൈവം തുണച്ചാൽ അത് യാഥാർത്ഥ്യമാകുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
മുംബൈയിൽ ശിവസേന (യുബിടി) പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു താക്കറെ. ബിഎംസിയിലെ തോൽവി ഒരു പരാജയമായി കാണേണ്ടതില്ലെന്ന് പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകിയ താക്കറെ ഇത് ദുഷ്‌കരമായ സാഹചര്യങ്ങളിൽ നേടിയെടുത്ത ധാർമ്മികമായ വിജയമാണെന്നും അദ്ദേഹം അവതരിപ്പിച്ചു.
'ഈ വിജയത്തിന്റെ യഥാർത്ഥ ശില്പികൾ നിങ്ങളാണ്. ഞങ്ങൾ വെറും ഒരു മാധ്യമം മാത്രമാണ്. ഇത്രയും ദുഷ്‌കരമായ സാഹചര്യങ്ങളിൽ വന്ന ഈ ഫലം യഥാർത്ഥത്തിൽ അഭിമാനകരമാണ്.' ഉദ്ധവ് പ്രവർത്തകരെ പ്രശംസിച്ചു.
കടലാസിൽ ശിവസേനയെ ഇല്ലാതാക്കിയെന്ന് അവർ കരുതുന്നു, പക്ഷെ നിലനിൽക്കുന്ന ശിവസേനയെ അവർക്ക് ഒരിക്കലും നശിപ്പിക്കാൻ കഴിയില്ല. അവർക്ക് ഒരിക്കലും ജനങ്ങളുമായി ബന്ധം നിലനിർത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വഞ്ചനയിലൂടെ വിജയിച്ചവർ മുംബൈയെ പണയം വെച്ചാണ് അത് നേടിയെടുത്തത്. മറാഠി ജനത ഈ പാപം ഒരിക്കലും പൊറുക്കില്ല. മുംബൈയിൽ ശിവസേന (യുബിടി) മേയറെ പ്രതിഷ്ഠിക്കുക എന്നത് തന്റെ സ്വപ്നമാണെന്നും, ദൈവം അനുഗ്രഹിക്കുകയാണെങ്കിൽ ഈ സ്വപ്നം യാഥാർത്ഥ്യമാകുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഉദ്ധവിന്റെ ഈ പ്രസ്താവന ഷിന്ദേ വിഭാഗം അത്ര നിഷ്‌കളങ്കമായി കാണുന്നില്ല.
227 അംഗ മുംബൈ കോർപ്പറേഷനിൽ 89 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. 29 സീറ്റ് ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്കും ലഭിച്ചിട്ടുണ്ട്. ഉദ്ധവിന്റെ ശിവസേനയ്ക്ക് 65 വാർഡാണ് സ്വന്തമാക്കാനായത്. ബന്ധു രാജ് താക്കറെയുടെ എംഎൻഎസ് ആറും ശരദ് പവാറിന്റെ എൻസിപി ഒരു സീറ്റിലും വിജയം നേടിയിട്ടുണ്ട്.
ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസ് 24 വാർഡിലും എഐഎംഐഎം എട്ടും സമാജ് വാദി പാർട്ടിക്ക് രണ്ടും സീറ്റുകളുമുണ്ട്. പ്രതിപക്ഷ പാർട്ടികളെല്ലാം ഒറ്റക്കെട്ടായി നിന്നാൽ 106 സീറ്റുകളാകും. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 114 സീറ്റുകളാണ്. ബിജെപിയും ഷിന്ദേ ശിവസേനയും ഒന്നിച്ചാൽ 118 സീറ്റുകളാകും. ഇവർക്ക് രണ്ടുപേർക്കും ചേർന്ന് ഭരിക്കാമെങ്കിലും മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ നിലവിലെ അംഗബലം അത്ര സുരക്ഷിതമല്ലെന്ന തിരിച്ചറിവിലാണ് മഹായുതി. ഉദ്ധവിന്റെ നീക്കങ്ങൾ ഭയപ്പെടുന്നതിനൊപ്പം മേയർ പോസ്റ്റിൽ വിലപേശാനുള്ള തന്ത്രമായും ഷിന്ദേയുടെ റിസോർട്ട് രാഷ്ട്രീയത്തെ കാണുന്നവരുണ്ട്. മേയർ പോസ്റ്റ് ശിവസേനയ്ക്ക് വേണമെന്ന് ഇതിനോടകം തന്നെ ഷിന്ദേ വിഭാഗം കൗൺസിലർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
'മുംബൈയുടെ മേയർ ശിവസേനയിൽ (ഷിന്ദേ വിഭാഗം) നിന്നുള്ള ഒരാളായിരിക്കണം, കാരണം ഇത് ബാലസാഹെബിന്റെ (ബാൽ താക്കറെയുടെ) പാരമ്പര്യമാണ്' ഒരു കൗൺസിലർ പറഞ്ഞു.
Content Highlights: Resort politics is back in Mumbai! Eknath Shinde moves Shiv Sena MLAs to a hotel after BMC election wins
Published: 17 Jan 2026, 07:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented