മുംബൈ: രണ്ടു കുട്ടികളിലധികമുള്ളവർക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന വിലക്ക് മറികടക്കാൻ മഹാരാഷ്ട്രയിൽ അച്ഛൻ ആറ് വയസ്സുള്ള മകളെ കൊലപ്പെടുത്തി.

To advertise here,

നന്ദേഡ് ജില്ലയിലെ മുത്ഖേഡ് മണ്ഡലത്തിലെ കെരൂരിൽ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് മകളെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സർപഞ്ചായി മത്സരിക്കാൻ െഇയാൾ ശ്രമിച്ചിരുന്നു. എന്നാൽ, രണ്ടിൽക്കൂടുതൽ കുട്ടികളുള്ള സ്ഥാനാർഥികളെ അയോഗ്യരാക്കുന്ന നിയമം ഇതിന് തടസ്സമായി.

യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാൻ പാണ്ഡുരംഗ് ഒരുകുട്ടിയെ ഇല്ലാതാക്കാൻ പദ്ധതിയിടുകയായിരുന്നു. കുറ്റകൃത്യം നടത്താൻ കെരൂർ ഗ്രാമത്തിലെ സിറ്റിങ് സർപഞ്ചായ ഗണേഷുമായി ഇയാൾ ഗൂഢാലോചന നടത്തിയതായും അന്വേഷണോദ്യോഗസ്ഥർ വെളിപ്പെടുത്തി.

കുറ്റകൃത്യം നടത്താൻ പാണ്ഡുരംഗ് മൂത്ത മകൾ പ്രാചിയെ നിസാമാബാദ് ജില്ലയിലെ എടപ്പള്ളി മണ്ഡലത്തിലേക്ക് കൊണ്ടുപോയി. മോട്ടോർ സൈക്കിളിൽ നിസാം സാഗർ കനാലിനടുത്തുള്ള എ.ആർ.പി. ക്യാമ്പ് പ്രദേശത്തെത്തിച്ച് കനാലിലേക്ക് തള്ളിയിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

മുങ്ങിമരിച്ച കുട്ടിയുടെ മൃതദേഹം ലഭിച്ച പോലീസിന് ആദ്യമേ ചില സംശയങ്ങൾ തോന്നിയിരുന്നു. ഫോട്ടോ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതിനെത്തുടർന്ന് മരിച്ചത് പാണ്ഡുരംഗിന്റെ മകളാണെന്ന വിവരം ലഭിച്ചു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിൽ പങ്കുള്ള ഗണേഷിനേയും അറസ്റ്റുചെയ്തു.