
ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന ഓർമക്കുറിപ്പിന്റെ ഔദ്യോഗിക പ്രകാശനച്ചടങ്ങിൽ ബി.ജെ.പി. നേതാവും പഞ്ചാബ് മുൻമുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിങ് പങ്കെടുത്തു. ഇതോടെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന തരത്തിലുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചു.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തപ്പോൾ, അമരീന്ദർ സിങ്ങിന് മുൻനിരയിലായുരുന്നു ഇരിപ്പിടം നൽകിയത്. എന്നാൽ കോൺഗ്രസിലേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു അമരീന്ദറിന്റെ വ്യക്തമായ മറുപടി. തന്റെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങുകളിലും സോണിയാ ഗാന്ധി പങ്കെടുത്തതിലുള്ള നന്ദി പ്രകടിപ്പിക്കാനാണ് താൻ ഇവിടെയെത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഗാന്ധികുടുംബവുമായി വർഷങ്ങളായുള്ള ആത്മബന്ധമുണ്ടെന്നും വളരെ അടുത്ത ബന്ധമാണ് പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു പൊതുചടങ്ങിൽ പങ്കെടുക്കാനാണ് എത്തിയിരിക്കുന്നത്. ഇതിലേക്ക് എങ്ങനെയാണ് രാഷ്ട്രീയ വിഷയങ്ങൾ കടന്നുവരുന്നത്?’ എന്ന് അമരീന്ദർ ചോദിച്ചു. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ ഉള്ളവരാണെങ്കിലും ലോകത്തെ പല രാജ്യങ്ങളിലും ആളുകൾ സാമൂഹികമായി കണ്ടുമുട്ടാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിയും അമരീന്ദർ സിങ്ങിനെക്കുറിച്ച് പ്രത്യേക പരാമർശം നടത്തി. മാതാപിതാക്കളായ രാജീവ് ഗാന്ധിയും സോണിയയും തമ്മിൽ വഴക്കിടുന്നത് താനും സഹോദരിയും ഒരേയൊരു തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് രാഹുൽ ഓർത്തെടുത്തു. ‘അവർ തർക്കിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്, എന്നാൽ വഴക്കിട്ടത് ഒരിക്കൽ മാത്രമാണ്. അന്ന് ആ സമയത്ത് എന്റെ പിതാവ് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നത് അമരീന്ദർ സിങ്ങിനോടായിരുന്നു എന്നത് കൗതുകകരമായ യാദൃച്ഛികതയാണ്’, രാഹുൽ പറഞ്ഞു.
കോൺഗ്രസിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽനിന്ന് ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് അമരീന്ദർ വ്യക്തമാക്കി. കോൺഗ്രസിൽ ചേരാനോ ചേരാതിരിക്കാനോ അവർ എന്നോട് ആവശ്യപ്പെടുകയോ ഉപദേശിക്കുകയോ ചെയ്തിട്ടില്ല,- അദ്ദേഹം പറഞ്ഞു.
നേരത്തെ, ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിൽ ബി.ജെ.പിയിലെ പ്രിയപ്പെട്ട രാഷ്ട്രീയക്കാരനാര് എന്ന ചോദ്യത്തിന് രാഹുൽ ഗാന്ധി അമരീന്ദറിന്റെ പേര് പറഞ്ഞതോടെയാണ് അദ്ദേഹം തിരികെ കോൺഗ്രസിലെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. അടുത്തിടെ ഒരു മാധ്യമ അഭിമുഖത്തിൽ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം എന്നായിരുന്നു കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ പ്രതികരണം.
2017-ൽ പഞ്ചാബ് നിയമസഭയിൽ കോൺഗ്രസിനെ വൻ വിജയത്തിലേക്ക് നയിച്ച അമരീന്ദർ സിങ് രണ്ടാം തവണയും സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു. എന്നാൽ പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് 2021-ൽ അദ്ദേഹം പദവി രാജിവെക്കുകയും കോൺഗ്രസ് വിട്ട് ‘പഞ്ചാബ് ലോക് കോൺഗ്രസ്’ എന്ന പാർട്ടി രൂപീകരിക്കുകയും ചെയ്തു. തുടർന്ന് 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വിജയം നേടാനാവാതെ വന്നതോടെ അദ്ദേഹം തന്റെ പാർട്ടിയെ ബി.ജെ.പിയിൽ ലയിപ്പിക്കുകയായിരുന്നു.
Content Highlights: BJP leader Amarinder Singh attended the official book launch of Sonia Gandhi's memoir in New Delhi, sparking intense political speculation about a potential return to the Congress party, which he dismissed as a purely social visit.
Published: 17 Nov 2026, 10:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented