മധുര: തിരുപ്പരൻകുണ്ഡ്രം കുന്നിന് മുകളിലെ ദീപത്തൂണിൽ കാർത്തികദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയ പശ്ചാത്തലത്തിൽ മധുരയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ. 5618 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ജില്ലയിലുടനീളം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 70-ലധികം സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും പ്രധാന സ്ഥലങ്ങളിൽ ബോംബ് സ്‌ക്വാഡുകൾ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. ക്രമസമാധാനവും സാമുദായിക സൗഹാർദവും നിലനിർത്തിക്കൊണ്ട് കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

To advertise here,

തിങ്കളാഴ്ച രാത്രി ഒൻപത് മണി മുതൽ ബുധനാഴ്ച രാവിലെ 10 മണി വരെയാണ് നിരോധാജ്ഞയും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. യോഗങ്ങൾ, പ്രകടനങ്ങൾ, ഘോഷയാത്രകൾ എന്നിവ നിരോധിച്ചതിനൊപ്പം തിരുപ്പരൻകുണ്ഡ്രം കുന്നുകയറുന്നതിനും വിലക്കുണ്ട്. മധുരയിൽനിന്നും മറ്റ് ജില്ലകളിൽനിന്നും രണ്ട് വിഭാഗങ്ങളിലെ ആളുകൾ സംഘടിക്കാൻ സാധ്യതയുണ്ടെന്ന പോലീസ് രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണ് നടപടി. 

തിരുപ്പരൻകുണ്ഡ്രത്ത് ദീപം തെളിയിക്കാം, ദർഗയിലെയും പള്ളിയിലെയും ആരാധന തടസ്സപ്പെടരുത്; ഒറ്റത്തവണ അനുമതി നൽകി സുപ്രീംകോടതി

അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും വിജയ് സർക്കാർ വീട്ടുതടങ്കലിലാക്കിയതായി നേതൃത്വം ആരോപിച്ചു. തിരുപ്പരൻകുണ്ഡ്രത്തേക്ക് യാത്രചെയ്യുന്നത് തടഞ്ഞിരിക്കുകയാണ്. നൈനാർ നാഗേന്ദ്രന്റെ വസതിക്ക് പുറത്ത് 40-ലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഏകദേശം 750-ഓളം ബിജെപി പ്രവർത്തകരെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. വിജയ് സർക്കാർ ആരാധനാ സ്വാതന്ത്ര്യം തടയുകയാണെന്നും കഴിഞ്ഞ വർഷത്തെ ദീപം വിവാദകാലത്തുണ്ടായ അറസ്റ്റുകൾക്ക് സമാനമാണിതെന്നും ബി.ജെ.പി ഐ.ടി സെൽ സംസ്ഥാന സെക്രട്ടറി ശക്തികൃഷ്ണൻ ആരോപിച്ചു.

തിരുപ്പരൻകുണ്ഡ്രം കുന്നിന് മുകളിലെ സിക്കന്ദർ ബാദുഷ ദർഗയ്ക്ക് സമീപമുള്ള പുരാതന കൽത്തൂണായ 'ദീപത്തൂണി'നെ ചൊല്ലിയാണ് തർക്കം. 2025 നവംബറിൽ അന്നത്തെ ഡിഎംകെ സർക്കാർ ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കുന്നിന് മുകളിൽ ദീപം തെളിയിക്കുന്നതിന് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ഭക്തനായ രാമ രവികുമാർ നൽകിയ ഹർജിയിൽ ചടങ്ങിന് അനുമതി നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ ടിവികെ സർക്കാർ നൽകിയ അപ്പീലിൽ നവംബർ 24-ന് ഒരു ദിവസത്തേക്ക് മാത്രം ദീപം തെളിയിക്കാൻ നവംബർ 20-ന് സുപ്രീം കോടതി അനുമതി നൽകുകയായിരുന്നു.

നിരോധനാജ്ഞ നിലനിൽക്കുന്നുണ്ടെങ്കിലും തിരുപ്പര.ൻകുണ്ഡ്രം ക്ഷേത്ര ഭരണസമിതി നടത്തുന്ന മതപരമായ ചടങ്ങുകൾക്കും കോടതി ഉത്തരവ് പ്രകാരമുള്ള പ്രവർത്തനങ്ങൾക്കും ഇളവ് നൽകിയിട്ടുണ്ട്. കുന്നിലെ ദർഗയിലേക്കും സ്ഥാപനങ്ങളിലേക്കും പോലീസ് നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവേശിക്കാം.

തിരുപ്പറൻകുണ്ഡ്രം വിഷയത്തിൽ രാഷ്ട്രീയ വാക്‌പോരും രൂക്ഷമാണ്. വർഗീയ സംഘർഷമുണ്ടാക്കാനാണ് ആർഎസ്എസും ഹിന്ദു മുന്നണിയും ബിജെപിയും ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മാണിക്യം ടാഗോർ ആരോപിച്ചു. ഡിഎംകെയുടെ അതേ സമീപനമാണ് ടിവികെ സർക്കാരും പിന്തുടരുന്നതെന്നാണ് എഐഎഡിഎംകെയുടെ ആരോപണം.