ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് അദ്ദേഹത്തെ വധിക്കാൻ വഴിയൊരുക്കുന്നതിനായി മനഃപൂർവം നടത്തിയ നീക്കമാണെന്നും, അതിലൂടെ അദ്ദേഹത്തെ കൊല്ലാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

To advertise here,

തന്റെ അമ്മ സോണിയാ ഗാന്ധിയുടെ 'ബിലോഗിംഗ്: എ ജേർണി ഓഫ് ലവ്' എന്ന ഓർമ്മക്കുറിപ്പുകളെക്കുറിച്ച് അമ്മയോടും സഹോദരി പ്രിയങ്ക ഗാന്ധി വദ്രയോടും സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്. പിതാവിന്റെ സുരക്ഷയെക്കുറിച്ച് താൻ പലതവണ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും, ഇക്കാര്യത്തിൽ അദ്ദേഹവുമായി തർക്കിച്ചിട്ടുപോലുമുണ്ടെന്നും രാഹുൽ ഗാന്ധി വെളിപ്പെടുത്തി.

'പപ്പയുടെ സുരക്ഷ നീക്കം ചെയ്തത് അദ്ദേഹം കൊല്ലപ്പെടുന്നതിലേക്കാണ് നയിച്ചത്. സുരക്ഷ നീക്കം ചെയ്തത് വെറുമൊരു അപകടമല്ല; അദ്ദേഹം കൊല്ലപ്പെടണം എന്ന ഉദ്ദേശ്യത്തോടെത്തന്നെ ചെയ്തതാണ്. അദ്ദേഹം കൊല്ലപ്പെടുന്നതിനുള്ള സാഹചര്യവും ഒരുക്കപ്പെട്ടിരുന്നു' രാഹുൽ പറഞ്ഞു.

'എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായിരുന്നു. ഞാൻ പപ്പയോടും പറഞ്ഞു. അമ്മയോടും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പപ്പയുമായി ഞാൻ തർക്കിക്കുകയും ചെയ്തിരുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവായിരിക്കെ രാജീവ് ഗാന്ധി ബിഹാറിൽ നടത്തിയ സന്ദർശനം സോണിയ ഗാന്ധി അനുസ്മരിച്ചപ്പോഴായിരുന്നു രാഹുൽ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്. സന്ദർശന വേളയിൽ രാജീവ് ഗാന്ധി തുറന്ന ജീപ്പിൽ സഞ്ചരിക്കുകയും കല്ലേറിനെയും പ്രതിഷേധങ്ങളെയും നേരിടേണ്ടി വന്നിട്ടുണ്ടെന്നും സോണിയ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ സന്ദർശിക്കുമ്പോഴുള്ള സുരക്ഷാ ക്രമീകരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച അവർ, ''അത് വളരെ ഭയാനകമായ ഒരു പര്യടനമായിരുന്നു,'' എന്ന് ഓർത്തെടുത്തു. സുരക്ഷാ ചുമതലയുള്ളവർ അദ്ദേഹത്തിന്റെ സംരക്ഷണത്തിന് ആവശ്യമായ പരിഗണന നൽകിയില്ലെന്നും അവർ ആരോപിച്ചു.

പര്യടനത്തിനിടയിൽ പിതാവിനൊപ്പമുണ്ടായിരുന്ന രാഹുൽ ഗാന്ധി കല്ലേറുകളും പ്രതിഷേധങ്ങളും നേരിൽ കണ്ടിരുന്നതായും സോണിയ ഗാന്ധി പറഞ്ഞു. 'അവൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ എന്നോട് പറഞ്ഞു, 'അമ്മേ, നമ്മൾ പപ്പയുടെ സുരക്ഷയ്ക്കായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ, അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങിനായി എനിക്ക് ഉടൻ തന്നെ തിരികെ വരേണ്ടി വരും' സോണിയ പറഞ്ഞു.

താൻ ഈ വിഷയം നേരത്തെയും ഉന്നയിച്ചിരുന്നുവെങ്കിലും, ബിഹാർ പര്യടനമാണ് തന്റെ ആശങ്കകൾ വർദ്ധിപ്പിച്ച അവസാന സംഭവമെന്നും സോണിയ കൂട്ടിച്ചേർത്തു. ഇന്ദിരയുടെ കൊലപാതകത്തിനുശേഷം, പപ്പയുടെ സുരക്ഷയെക്കുറിച്ച് രാഹുലിന് ഏറെ ആശങ്കയുണ്ടായിരുന്നുവെന്ന് പ്രിയങ്കയും സംഭാഷണത്തിനിടെ പറഞ്ഞു.