ന്യൂഡൽഹി: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 26 സീറ്റുകൾ നൽകാൻ പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സമാജ്വാദി പാർട്ടി ജനറൽ സെക്രട്ടറി രാം ഗോപാൽ യാദവ്. ഇരു പാർട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകളുടെ രണ്ടാം ഘട്ടത്തിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം. 

To advertise here,

ഡൽഹിയിലെ കോൺഗ്രസ് നേതാവ് പ്രമോദ് തിവാരിയുടെ വസതിയിൽ ചർച്ച നടക്കുന്നതിന് മുമ്പായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സമാജ് വാദി പാർട്ടി നേതാവിന്റെ പ്രഖ്യാപനം. കഴിഞ്ഞ തവണ 'കോൺഗ്രസ് വിജയിച്ച രണ്ട് സീറ്റുകളും, അവർ രണ്ടാമതെത്തിയ നാല് സീറ്റുകളും, കൂടാതെ ഞങ്ങൾ (എസ്.പി) 60,000 മുതൽ 70,000വരെ വോട്ടുകൾ നേടുകയും എന്നാൽ കോൺഗ്രസിന് ഏകദേശം 2,000 വോട്ടുകൾമാത്രം ലഭിക്കുകയും ചെയ്ത 20 സീറ്റുകളുമാണ് ഞങ്ങൾ അവർക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്' അദ്ദേഹം പറഞ്ഞു.

എന്നാൽ 403 അംഗ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 130 സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്. കുറഞ്ഞത് 100 സീറ്റുകളെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ 'യോഗത്തിൽ എന്തൊക്കെ പറയേണ്ടിയിരുന്നുവോ, അതെല്ലാം ഞങ്ങൾ ഇന്നലെ പറഞ്ഞു കഴിഞ്ഞു. ഞങ്ങൾ ഞങ്ങളുടെ 26 സീറ്റുകൾ അവർക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്, ഇന്ന് ഞങ്ങൾ വീണ്ടും ചർച്ചകൾ നടത്താൻ പോവുകയാണ്' രാം ഗോപാൽ യാദവ് പറഞ്ഞു.

2017, 2022 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തുടർച്ചയായ പരാജയങ്ങൾക്കുശേഷം 2027 ൽ വലിയൊരു രാഷ്ട്രീയ തിരിച്ചുവരവാണ് എസ്പി ലക്ഷ്യമിടുന്നത്. ഇരു പാർട്ടികളും വേറിട്ട് മത്സരിച്ച 2022 ലെ തിരഞ്ഞെടുപ്പിൽ, എസ്പി മത്സരിച്ച 347 സീറ്റുകളിൽ 111 എണ്ണത്തിൽ വിജയിച്ചപ്പോൾ കോൺഗ്രസിന് മത്സരിച്ച 399 സീറ്റുകളിൽ രണ്ടെണ്ണത്തിലാണ് വിജയം നേടാനായത്.

എന്നാൽ ഇന്ത്യ മുന്നണിയുടെ ബാനറിൽ ഒന്നിച്ച് മത്സരിച്ച 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എസ്പി മത്സരിച്ച 62 സീറ്റുകളിൽ 37 ഉം, കോൺഗ്രസ് മത്സരിച്ച 17 സീറ്റുകളിൽ ആറും വിജയിച്ചു.