ന്യൂഡൽഹി: കേന്ദ്ര റിസർവ് പോലീസ് സേനയിൽ (സിആർപിഎഫ്) ആത്മഹത്യകൾ അഞ്ചുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി കണക്കുകൾ. ഇതോടെ അർധസൈനിക വിഭാഗങ്ങളിലെ മാനസികസമ്മർദം വീണ്ടും ചർച്ചയാവുകയാണ്. 2025-ൽമാത്രം 59 സിആർപിഎഫ് ഉദ്യോഗസ്ഥരാണ് ജീവനൊടുക്കിയതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ജമ്മു കശ്മീരിൽ കമ്പനി കമാൻഡറെ കൊലപ്പെടുത്തി ജീവനൊടുക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തിൽ പ്രൊബേഷണറി കോൺസ്റ്റബിളിനെ പിരിച്ചുവിട്ട സംഭവത്തിന് പിന്നാലെയാണ് സേനയിലെ സമ്മർദങ്ങൾ വീണ്ടും ചർച്ചയാവുന്നത്. സിആർപിഎഫ് 33-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ പിനാക് നാഥിനെയാണ് അന്വേഷണത്തിനുശേഷം നവംബർ 13-ന് പിരിച്ചുവിട്ടത്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകൾ പ്രകാരം 2021-ൽ 57 പേരും 2022-ൽ 43 പേരും 2023-ൽ 57 പേരും 2024-ൽ 46 പേരുമാണ് സിആർപിഎഫിൽ ജീവനൊടുക്കിയത്. 2026 ജനുവരി ഒന്നിനും മെയ് 22-നും ഇടയിൽ 19 പേർ കൂടി ആത്മഹത്യ ചെയ്തു. ഇതോടെ 2021 മുതൽ ജീവനൊടുക്കിയവരുടെ എണ്ണം 281 ആയി. ഇതിൽ 216 പേരും ഡ്യൂട്ടിയിലിരിക്കെയാണ് മരിച്ചത്. വിഷയത്തിൽ ഓഗസ്റ്റ് 14-ന് സ്വമേധയാ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോടും സിആർപിഎഫ് ഡയറക്ടർ ജനറലിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.
കേന്ദ്ര സായുധ പോലീസ് സേനകൾ (സിഎപിഎഫ്), അസം റൈഫിൾസ്, നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) എന്നിവയിലായി 2021-നും 2025-നും ഇടയിൽ 745 ആത്മഹത്യകൾ നടന്നതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വർഷം ആദ്യം രാജ്യസഭയിൽ അറിയിച്ചത്. 2021-ൽ 158, 2022-ൽ 138, 2023-ൽ 157, 2024-ൽ 149, 2025-ൽ 143 എന്നിങ്ങനെയാണ് മരണസംഖ്യ. ഇതേ കാലയളവിൽ സഹപ്രവർത്തകർക്ക് നേരെയുള്ള വെടിവെപ്പ് ഉൾപ്പെടെ 24 ആക്രമണ സംഭവങ്ങളും റിപ്പോർട്ട് ചെയ്തു.
ദുഷ്‌കരമായ മേഖലകളിലെ തുടർച്ചയായ പോസ്റ്റിങ്, കുടുംബത്തിൽ നിന്നുള്ള നീണ്ട അകൽച്ച, വിശ്രമക്കുറവ്, മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റവും വിവേചനവും, ആശയവിനിമയത്തിലെ കുറവ് എന്നിവയാണ് സമ്മർദത്തിന് കാരണമാകുന്നതെന്ന് ആഭ്യന്തര മന്ത്രാലയം 2021-ൽ രൂപീകരിച്ച സമിതി കണ്ടെത്തിയിരുന്നു. അഞ്ചുവർഷത്തിനിടെയുണ്ടായ 642 ആത്മഹത്യകളും 51 സഹപ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവങ്ങളുമാണ് സമിതി പഠിച്ചത്. ദാമ്പത്യ പ്രശ്‌നങ്ങൾ, കുടുംബവഴക്കുകൾ, സാമ്പത്തിക-സ്വത്ത് തർക്കങ്ങൾ, കുടുംബാംഗങ്ങളുടെ രോഗാവസ്ഥയോ മരണമോ തുടങ്ങിയ വ്യക്തിപരമായ കാരണങ്ങളും ഇതിന് പിന്നിലുണ്ട്.
അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ച ശേഷമാണ് 80 ശതമാനത്തിലധികം ആത്മഹത്യകളും നടക്കുന്നതെന്നും ഇതിൽ ഭൂരിഭാഗവും തിരിച്ചെത്തി 7 മുതൽ 15 ദിവസത്തിനുള്ളിലാണെന്നും ദൗത്യസമിതി കണ്ടെത്തി. പരിഹസിക്കപ്പെടുമോ എന്ന ഭയത്താൽ മാനസികാരോഗ്യ സഹായം തേടാൻ സേനാംഗങ്ങൾ മടിക്കുന്നതായും സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
ചില സിഎപിഎഫ് വിഭാഗങ്ങളിൽ ആഴ്ചകളിലെ വിശ്രമദിവസങ്ങൾ കുറവാണെന്നും ഉദ്യോഗസ്ഥർ ദിവസം 12 മുതൽ 14 മണിക്കൂർവരെ ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ബജറ്റിനെക്കുറിച്ച് പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ച് നടത്തിയ പുതിയ വിശകലനത്തിൽ പറയുന്നു. എന്നാൽ സാധാരണമായി എട്ടുമണിക്കൂർ ഷിഫ്റ്റുകളാണുള്ളതെന്നും പ്രവർത്തന ആവശ്യങ്ങൾക്കനുസരിച്ച് സമയത്തിൽ മാറ്റം വരാറുണ്ടെന്നുമാണ് സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയത്. ജൂലൈ വരെയുള്ള കണക്കനുസരിച്ച് സിആർപിഎഫിൽ അനുവദനീയമായ 3,30,841 തസ്തികകളിൽ 18,134 ഒഴിവുകളാണുള്ളത്.
ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകർ സിആർപിഎഫ് 148-ാം ബറ്റാലിയനിലെ 353 ഉദ്യോഗസ്ഥരിൽ നടത്തിയ പഠനത്തിൽ നാലിൽ മൂന്ന് ഭാഗം പേർക്കും മിതമായ തോതിലും രണ്ട് ശതമാനം പേർക്ക് ഉയർന്ന തോതിലും തൊഴിൽ സമ്മർദമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2022-ൽ ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ ജേണലിൽ പ്രസിദ്ധീകരിച്ച സർവേയിൽ 73.3 ശതമാനം പേർ കുടുംബപ്രശ്‌നങ്ങളും 47.5 ശതമാനം പേർ അനിശ്ചിതമായ തൊഴിൽ സാഹചര്യങ്ങളും സമ്മർദകാരണമായി ചൂണ്ടിക്കാട്ടി.
കൗൺസിലിങ്, യോഗ, വിനോദ പരിപാടികൾ, മെച്ചപ്പെട്ട താമസസൗകര്യം, സുതാര്യമായ അവധി-സ്ഥലംമാറ്റ നയങ്ങൾ എന്നിവ നടപ്പിലാക്കുന്നതായി സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ 2023-ലെ പാർലമെന്റ് മറുപടി പ്രകാരം എല്ലാ സേനകളിലുമായി ആകെ 14 മനോരോഗ വിദഗ്ധർ മാത്രമാണുള്ളത് (ഐടിബിപി-5, ബിഎസ്എഫ്-4, സിആർപിഎഫ്-3, എസ്എസ്ബി-1, അസം റൈഫിൾസ്-1).
സേനാംഗങ്ങൾക്ക് വർഷത്തിൽ 100 ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള പദ്ധതി പൂർണമായി നടപ്പാക്കാനായിട്ടില്ല. ഏകദേശം 10 ലക്ഷം സേനാംഗങ്ങളുള്ളതിൽ 2024 ഒക്ടോബർവരെ 6,302 പേർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിച്ചതെന്ന് 2024 ഡിസംബറിൽ ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. 2023-ൽ 8,636 പേർക്കും 2021-ൽ 7,864 പേർക്കുമാണ് ഇത് ലഭിച്ചത്.
ആത്മഹത്യ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആശ്രിതർക്ക് സിആർപിഎഫ് റിസ്‌ക് ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപയും സെൻട്രൽ വെൽഫെയർ ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപയും അടിയന്തര സഹായമായി 50,000 രൂപയും വ്യവസ്ഥകൾക്ക് വിധേയമായി നൽകുന്നുണ്ട്.
ജമ്മു കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, നക്‌സൽ വിരുദ്ധ ദൗത്യങ്ങൾ, തിരഞ്ഞെടുപ്പ്-ക്രമസമാധാന ചുമതലകൾ എന്നിവയിലാണ് സിആർപിഎഫ് പ്രധാനമായും വിന്യസിക്കപ്പെടുന്നത്. നവംബർ 11-ന് കുൽഗാമിലെ ചെക്ക്പോസ്റ്റിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. 47 വർഷത്തിനിടെ ആദ്യമായി തുടർച്ചയായ 12 മാസം ഓപ്പറേഷണൽ ദൗത്യങ്ങളിൽ ഒരു സേനാംഗത്തെ പോലും നഷ്ടമായില്ലെന്ന് ഈ മാസം ആദ്യം സിആർപിഎഫ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സേനയ്ക്കുള്ളിലെ സമ്മർദങ്ങൾ വീണ്ടും ചർച്ചയാകുന്നത്.
Content Highlights: CRPF recorded 59 suicides in 2025, reaching a 5-year high., NHRC seeks reports from the Union Home Secretary and CRPF Director General., Key stressors include difficult postings, separation from family, long working hours, and lack of psychiatrists., Over 80 percent of suicides happen within 7 to 15 days of returning from leave.
Published: 24 Nov 2026, 02:00 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented