ന്യൂഡൽഹി: കാലപ്പഴക്കം ചെന്ന ചീറ്റ, ചേതക് എന്നീ ഹെലികോപ്റ്ററുകൾക്ക് പകരമായി 76 പുതിയ ഹെലികോപ്റ്ററുകൾ വാങ്ങാനൊരുങ്ങി ഇന്ത്യൻ നാവികസേനയും കോസ്റ്റ് ഗാർഡും. ഏകദേശം 15,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.
നിർദിഷ്ട കരാർ പ്രകാരം നാവികസേനയ്ക്ക് 51 ഹെലികോപ്റ്ററുകളും കോസ്റ്റ് ഗാർഡിന് 25 ഹെലികോപ്റ്ററുകളുമാണ് ലഭിക്കുക. തദ്ദേശീയ പ്രതിരോധ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, വിദേശ വിമാന നിർമ്മാതാക്കളുമായി സഹകരിച്ച് ഇന്ത്യൻ പ്രതിരോധ കമ്പനികളാകും ഇവ രാജ്യത്തിനകത്ത് നിർമ്മിക്കുകയെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
വരും ദിവസങ്ങളിൽ ചേരുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നതതല യോഗം ഈ നിർദേശം പരിഗണിക്കും. പ്രതിരോധ സംഭരണ നടപടിക്രമങ്ങളിലെ'ബൈ ആൻഡ് മേക്ക് - ഇന്ത്യൻ'വിഭാഗത്തിന് കീഴിലായിരിക്കും ഈ ഇടപാട് നടക്കുക. വിദേശ നിർമ്മാതാക്കളുമായി സഹകരിച്ച് രാജ്യത്തിനകത്ത് പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കാൻ ആഭ്യന്തര കമ്പനികൾക്ക് അവസരമൊരുക്കുന്ന സംവിധാനമാണിത്.
നിലവിലുള്ള ഇരട്ട എൻജിൻ ഹെലികോപ്റ്ററുകളുടെ കാലപ്പഴക്കം മൂലമുണ്ടാകുന്ന പ്രവർത്തനപരമായ വെല്ലുവിളികൾ മറികടക്കാൻ അഞ്ച് ടണ്ണിലധികം ഭാരമുള്ള ഹെലികോപ്റ്ററുകളാണ് ഇരുസേനകളും ലക്ഷ്യമിടുന്നത്. പഴയ ഹെലികോപ്റ്ററുകൾ മാറ്റി ഇന്ത്യൻ സായുധ സേനയുടെ വ്യോമശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ആധുനികവൽക്കരണ പദ്ധതിയുടെ ഭാഗമാണിത്.
ഇതിനുപുറമെ കരസേനയും വ്യോമസേനയും 400 ചെറുഹെലികോപ്റ്ററുകൾ വാങ്ങാൻ പദ്ധതിയിടുന്നുണ്ട്. ഇതിൽ 200 എണ്ണം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിക്കും. ബാക്കി 200 എണ്ണം വിദേശ നിർമാതാക്കളുമായി സഹകരിച്ച് സ്വകാര്യ മേഖലയിലെ കമ്പനികളാകും നിർമ്മിക്കുക. സ്വകാര്യ കമ്പനികൾ നിർമ്മിക്കുന്ന 200 ഹെലികോപ്റ്ററുകളുടെ പദ്ധതിക്ക് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അടുത്തിടെ അനുമതി നൽകിയിരുന്നു. ഇതിനായുള്ള ടെൻഡർ ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ 111 നേവൽ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ വാങ്ങാൻ നാവികസേന പ്രത്യേക പദ്ധതിക്ക് തുടക്കമിട്ടിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. തദ്ദേശീയമായി വികസിപ്പിക്കുന്ന 60 യൂട്ടിലിറ്റി ഹെലികോപ്‌റ്റേഴ്‌സ് മറൈൻ എച്ച്.എ.എല്ലിൽ നിന്ന് വാങ്ങാനുള്ള നടപടികളും നാവികസേന തുടരുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സായുധ സേനകൾക്ക് ആകെ 500-ഓളം ലഘു ഹെലികോപ്റ്ററുകളുടെ ആവശ്യകതയാണുള്ളത്.
നിരീക്ഷണം, ചരക്കുനീക്കം, തിരച്ചിൽ, രക്ഷാപ്രവർത്തനം തുടങ്ങിയ സൈനിക ദൗത്യങ്ങളിൽ ചെറുഹെലികോപ്റ്ററുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. വടക്ക് സിയാച്ചിൻ മുതൽ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ മലയോര മേഖലകൾ വരെയുള്ള ഭൂപ്രകൃതികളിൽ ഇവ വിന്യസിക്കപ്പെടാറുണ്ട്. നാവികസേനയ്ക്കും തീരസംരക്ഷണ സേനയ്ക്കും പുതിയ ഹെലികോപ്റ്ററുകൾ ലഭിക്കുന്നതോടെ സമുദ്രനിരീക്ഷണവും തിരച്ചിൽ-രക്ഷാപ്രവർത്തന ശേഷിയും കൂടുതൽ മെച്ചപ്പെടും.
Content Highlights: Indian Navy and Coast Guard to procure 76 new helicopters for Rs 15,000 crore., Navy will get 51 helicopters and the Coast Guard will receive 25., Manufactured domestically under the 'Buy and Make - Indian' category with foreign collaboration., Replaces aging Cheetah and Chetak helicopters to boost maritime security.
Published: 24 Nov 2026, 10:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented