
ചെന്നൈ: ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യും ചെന്നൈയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ച ശ്രദ്ധേയമായി. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസും ടിവികെയും തമ്മിൽ രാഷ്ട്രീയ സഖ്യമുണ്ടായ പശ്ചാത്തലത്തിലാണ് ശനിയാഴ്ച ഈ സൗഹൃദ കൂടിക്കാഴ്ച നടന്നത്. കപ്പുച്ചിനോ, തിരാമിസു, കുക്കീസ് ഒപ്പം അൽപം രാഷ്ട്രീയവുമൊക്കെയായി സൗഹൃദത്തിന്റെയും രാഷ്ട്രീയ രസതന്ത്രത്തിന്റെയും മികച്ചൊരു സംഗമത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്.
ഏകദേശം ഒരു മണിക്കൂറോളം ഇരുവരുടെയും കൂടിക്കാഴ്ച നീണ്ടുനിന്നു. ഇരുനേതാക്കളും രാഷ്ട്രീയം ചർച്ച ചെയ്‌തെങ്കിലും, ഔപചാരികമായ അന്തരീക്ഷത്തിന് പുറത്ത് ദൃശ്യമായ ഇവരുടെ സൗഹൃദമാണ് എല്ലാവരുടെയും ശ്രദ്ധ കവർന്നത്. ക്യാമറകൾക്ക് ഇതൊരു ആഘോഷമായിരുന്നു, സോഷ്യൽ മീഡിയയിൽ ആവശ്യത്തിലധികം വൈറൽ കണ്ടന്റുകൾക്കും പാത്രമായി ഇരുവരുടെയും കൂടിക്കാഴ്ച.
ചെന്നൈയിൽവെച്ച് നടന്ന യൂത്ത് ഔട്ട്റീച്ച് പ്രോഗ്രാമിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി എത്തിയത്. രണ്ട് നേതാക്കളും തമ്മിൽ പരസ്പരമുള്ള രാഷ്ട്രീയ സഹകരണവും സൗഹൃദവും വെളിപ്പെടുത്തുന്നതായിരുന്നു ഈ ഒത്തുചേരൽ. നീലാങ്കരൈയിലെ തന്റെ വസതിയുടെ പ്രവേശന കവാടത്തിൽ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ പുഞ്ചിരിയോടെ വിജയ് ഉണ്ടായിരുന്നു.
ചെന്നൈ നഗരാതിർത്തിയിൽ ഈസ്റ്റ് കോസ്റ്റ് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ശാന്തവും മനോഹരവുമായ പ്രദേശമാണ് നീലാങ്കരൈ. തൊട്ടടുത്തുള്ള കഫേയിലേക്ക് പോകുന്നതിന് മുൻപ് ഇരുവരുടെയും രാഷ്ട്രീയ കെമിസ്ട്രി ആദ്യം പ്രകടമായത് ഇവിടെയായിരുന്നു. തുടർന്നായിരുന്നു കപ്പുച്ചിനോ-തിരാമിസു നിമിഷങ്ങൾ. സാധാരണ രാഷ്ട്രീയ കൂടിക്കാഴ്ചയെ തികച്ചും ലളിതമായ ഒരു കഫേ സന്ദർശനമാക്കി മാറ്റി ഇരുനേതാക്കളും.
കപ്പുച്ചിനോ, തിരാമിസു, കുക്കീസ് എന്നിവ ഓർഡർ ചെയ്തു. ആളുകൾ തടിച്ചുകൂടിയതോടെ രാഹുലും വിജയ്‌യും ജനക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിച്ചെന്നു. ചില ഭാഗ്യശാലികൾക്ക് ഇരുനേതാക്കൾക്കുമൊപ്പം സെൽഫിയെടുക്കാനും അവസരം ലഭിച്ചു. ക്യാമറകളുടെ ശ്രദ്ധയിൽപ്പെടാതെ അവിടെ ഒരു നിമിഷംപോലും കടന്നുപോയിരുന്നില്ല. കഫേ സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധി നഗരത്തിലെ ഹോട്ടലിലേക്ക് മടങ്ങിപ്പോയി.
ശനിയാഴ്ച വൈകുന്നേരം വിശാലമായ ഐലൻഡ് ഗ്രൗണ്ട്‌സിൽ നടന്ന 'ഛാത്രോം കീ ഗൂഞ്ച്' എന്ന തന്റെ യൂത്ത് ഔട്ടറീച്ച് പരിപാടിക്കായി ആണ് രാഹുൽ ചെന്നൈയിൽ എത്തിയത്. തമിഴ്നാട്ടിലുടനീളം പ്രചരിപ്പിച്ച വെബ്സൈറ്റിലൂടെയും ക്യുആർ കോഡുകളിലൂടെയും ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ത്രിശങ്കു സഭയിലേക്ക് നയിച്ചതിനെ തുടർന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്ന വിജയ്‌യുടെ പാർട്ടിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുകയായിരുന്നു. തമിഴ്നാട്ടിലെ ടിവികെ സർക്കാരിന് പിന്തുണ നൽകുന്നതിനായി കോൺഗ്രസ് തങ്ങളുടെ ദീർഘകാല സഖ്യകക്ഷിയായ ഡിഎംകെയിൽ നിന്ന് വേർപിരിഞ്ഞു.
ശനിയാഴ്ചത്തെ കൂടിക്കാഴ്ച രാഷ്ട്രീയ പ്രാധാന്യമുള്ളതെന്ന പോലെ തന്നെ കാഴ്ചയിലും ശ്രദ്ധേയമായിരുന്നു. ഊഷ്മളമായ സ്വീകരണവും കഫേയിലെ ആശ്വാസ നിമിഷങ്ങളും ജനക്കൂട്ടത്തോടൊപ്പമുള്ള സെൽഫികളും തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പാനന്തര രാഷ്ട്രീയത്തിൽ പൊതു താൽപര്യങ്ങൾ കണ്ടെത്തിയ രണ്ട് നേതാക്കൾ തമ്മിലുള്ള സൗഹൃദത്തിന്റെ ചിത്രമാണ് വ്യക്തമാക്കിയത്.
Published: 10 Oct 2026, 09:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented