ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായി വിജയ്‌യുടെ മൊഴിയെടുപ്പ് പൂർത്തിയായി. നാലുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിലൂടെയാണ് അന്വേഷണ ഏജൻസി വിജയ്‌യുടെ മൊഴി രേഖപ്പെടുത്തിയത്. ചോദ്യംചെയ്യലിനായി തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് താരം സിബിഐക്ക് മുന്നിൽ ഹാജരായത്.

To advertise here,

കരൂരിലെ റാലിയുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും അന്വേഷണ സംഘത്തിന് കൂടുതൽ വ്യക്തത വേണമായിരുന്നു. ഇക്കാര്യങ്ങൾ ചോദിച്ചറിയുന്നതിനായാണ് സംഘം വിജയ്‌യെ സിബിഐ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയത്. കരൂരിൽ വേദി നിശ്ചയിച്ചത് ആരാണ്, അതിന് അനുമതി തേടിയത് ആരോടാണ്, റാലി നടത്താൻ അനുമതി നൽകിയത് ആരാണ് തുടങ്ങിയ കാര്യങ്ങളിലെല്ലാം അന്വേഷണ സംഘത്തിന് വ്യക്തത കിട്ടേണ്ടതായി ഉണ്ടായിരുന്നു.

ഏഴുമണിക്കൂറോളം വൈകിയാണ് വിജയ് റാലിക്കെത്തിയത്, അപകടം ഉണ്ടായിട്ടും കാരവനിൽ വിജയ് ആൾക്കൂട്ടത്തിനിടയിൽ തുടർന്നു എന്നീ കാര്യങ്ങളിൽ വിജയ്‌യോട് അവർ കാരണം അന്വേഷിച്ചിട്ടുണ്ട്. അപകടം ഉണ്ടായ സ്ഥലത്തേക്ക് വൈദ്യസഹായം എത്തുന്നതിൽ കാലതാമസം ഉണ്ടായി, ഇക്കാര്യത്തിൽ വിജയ് എന്ത് ഇടപെടലാണ് നടത്തിയത് എന്നതടക്കമുള്ള കാര്യങ്ങളടക്കം സിബിഐ ചോദിച്ചറിഞ്ഞു എന്നാണ് വിവരം. 

ഏതൊക്കെ തരത്തിലുള്ള സുരക്ഷാവിന്യാസമാണ് ഒരുക്കിയിരുന്നത് എന്നതടക്കമുള്ള ചോദ്യങ്ങൾ ഉണ്ടായി. പ്രധാനമായും മൂന്ന് ചോദ്യങ്ങളിൽ കേന്ദ്രീകരിച്ചാണ് സിബിഐ വിജയ്‌യോട് ചോദ്യങ്ങൾ ചോദിച്ചത്. വിജയ് റാലിക്കെത്താൻ താമസിച്ചു, കാരവനുമുകളിലായി ഏറെനേരം സ്ഥലത്ത് ചെലവഴിച്ചു, ആളുകൾ കുഴഞ്ഞുവീഴുന്നതായി മനസിലായിട്ടും ഉടൻ സ്ഥലത്തുനിന്നും മാറാൻ കൂട്ടാക്കിയില്ല എന്നീ കാര്യങ്ങളിൽ ഊന്നിയായിരുന്നു സിബിഐയുടെ ചോദ്യംചെയ്യൽ.

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐയുടെ മൊഴിയെടുക്കൽ ഇന്നത്തോടെ തീരും എന്നാണ് വിവരം. തൽക്കാലം ഇന്ന് ഡൽഹിയിൽ തുടരാനാണ് വിജയ്‌യോട് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. എടുത്തിരിക്കുന്ന മൊഴിയിൽ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അതിൽ വ്യക്തത വരുത്താനാണ് സിബിഐ വിജയ്‌യോട് ഡൽഹിയിൽ തുടരാൻ ആവശ്യപ്പെട്ടത്. മൊഴിയെടുപ്പ് വീഡിയോയിൽ ചിത്രീകരിച്ചിട്ടില്ല എന്നാണ് വിവരം.